മലപ്പുറം- ഫുട്ബോളിൽ മലപ്പുറത്തിന്റെ മുന്നേറ്റം വീണ്ടും. ഇത്തവണത്തെ അണ്ടർ-15 സൗത്ത് സോൺ യോഗ്യതാ ടൂർണമെന്റിൽ ഇരുപതംഗ കേരളാ ടീമിൽ പതിനൊന്നു പേർ മലപ്പുറത്തുകാർ. തെലങ്കാനയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീം ഇപ്പോൾ കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ പരിശീലനത്തിലാണ്. കെ.എഫ്.എ അക്കാദമി ലീഗ് ചുമതലയുള്ള കോച്ച് സാംസൺ ആന്റണിയുടെ കീഴിലാണ് പരിശീലനം. ശിവമണി സഹപരിശീലകനാണ്. വ്യാഴാഴ്ച ടീം യാത്ര തിരിക്കും. 11 മുതൽ 16 വരെയാണ് മത്സരം. എ ഗ്രൂപ്പിൽ കർണാടക, തെലങ്കാന, പോണ്ടിച്ചേരി, ബി ഗ്രൂപ്പിൽ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് ടീമുകളാണ് ഏറ്റുമുട്ടുന്നത്.
കേരളത്തിന്റെ ആദ്യമത്സരം 12 നു ആന്ധ്രാപ്രദേശുമായാണ്. 16 നു തമിഴ്നാടിനെ നേരിടും. വിജയികൾ ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടും. മലപ്പുറം എം.എസ്.പി സ്കൂളിലെ ഏഴു കുട്ടികളും ചേലേമ്പ്ര എൻ.എൻ.എം.എച്ച്എസ്.എസിലെ മൂന്നു പേരും തൃശൂർ റെഡ് സ്റ്റാറിലെ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അഭിജിത്തുമാണ് കേരളത്തിനായി ഇറങ്ങുന്നത്. പി. ജിഷ്ണു, ശ്രീരാഗ്, ഇർഷാദ്, ഹരി, മനുപ്രകാശ്, കിരൺ, ഗോൾകീപ്പറായ ജിതിൻ എന്നിവരാണ് മലപ്പുറം എം.എസ്.പിയിൽനിന്നുള്ള മിടുക്കൻമാർ. അനസ് മുഹമ്മദ് അർഷാദ്, രാഹുൽ എന്നിവരാണ് ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിൽ നിന്നുള്ള താരങ്ങൾ. റെഡ്സ്റ്റാറിലെ അഭിജിത്ത് നേരത്തെ മലപ്പുറം എം.എസ്.പിയിലെ ഗോളിയായിരുന്നു.
എം.എസ്.പി സ്പോർട്സ് അക്കാദമിക്കു കീഴിൽ അണ്ടർ-13, 15, 17, 19 വിഭാഗങ്ങളാണ് പരിശീലനം തേടുന്നത്. നേരത്തെ രണ്ടു തവണ സുബ്രതോ കപ്പിൽ ഫൈനൽ കളിച്ച ടീമാണ് എംഎസ്പിയുടെ സീനിയർടീം. രണ്ടു തവണയും റണ്ണേഴ്സ്അപ്പായി. സംസ്ഥാന സ്കൂൾതല ചാമ്പ്യൻഷിപ്പിലും എം.എസ്.പി ട്രോഫികൾ വാരിക്കൂട്ടിയിട്ടുണ്ട്. കൂട്ടിലങ്ങാടി പോലീസ് മൈതാനം, എം.എസ്.പി.എൽ.പി സ്കൂൾ മൈതാനം എന്നിവിടങ്ങളിലാണ് എംഎസ്പിയുടെ താരങ്ങൾ നിത്യവും രണ്ടുനേരവും പരിശീലനം നടത്തുന്നത്. ബിനോയ് സി. ജെയിംസ്, ടി.പി. അബ്ദുറഹ്മാൻ, സന്തോഷ്, ശുഹൈബ് എന്നിവരാണ് പരിശീലകർ.
ചേലേമ്പ്ര സ്കൂളിൽ അണ്ടർ-14 മുതൽ 18 വരെയാണ് ടീമുകളുള്ളത്. ചേലേമ്പ്ര സ്കൂൾ മൈതാനത്തും കാലിക്കറ്റ് യൂനിവേഴ്സിറ്റി സറ്റേഡിയത്തിലുമാണ് ദിവസവും രണ്ടുനേരങ്ങളിൽ പരിശീലനം. ശ്രദ്ധേയമായ നേട്ടങ്ങൾ ചേലേമ്പ്ര സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യൻ ജൂനിയർ ടീമിലും ചേലേമ്പ്രയുടെ കുട്ടികൾക്കു സെലക്ഷൻ ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നേട്ടം ഏറെ വലുതാണെന്നു കോച്ച് മൻസൂർ പറയുന്നു.






