ബേദി-അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തിയ പോരാളി

ന്യൂദല്‍ഹി - ഇന്ത്യന്‍ ക്രിക്കറ്റിലെ അഴിമതിക്കാരായ നേതൃത്വത്തിനെതിരെ സാമ്പത്തിക നഷ്ടം ഭയക്കാതെ നെഞ്ചുവിരിച്ച് പൊരുതിയ ധീരനായിരുന്നു അന്തരിച്ച മുന്‍ ക്യാപ്റ്റനും കോച്ചുമായ ബിഷന്‍ സിംഗ് ബേദി (77). ബി.സി.സി.ഐയുടെ പണക്കൊഴുപ്പിന് മുന്നില്‍ ഏതാണ്ടെല്ലാ പ്രമുഖ കളിക്കാരും പഞ്ചപുഛമടക്കി നിന്നപ്പോള്‍ വാര്‍ധക്യത്തിലും ബേദി കീഴടങ്ങാന്‍ തയാറായില്ല. ഏറ്റവുമൊടുവില്‍ തന്റെ തട്ടകമായ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടിന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരിടുന്നതിനെ ചങ്കുറപ്പോടെ അദ്ദേഹം നേരിട്ടു. ജയ്റ്റ്‌ലിയുടെ കാലത്ത് ദല്‍ഹി ക്രിക്കറ്റില്‍ അഴിമതി കൊടികുത്തി വാഴുകയായിരുന്നുവെന്നും ജയ്റ്റ്‌ലിയുടെ പേരുള്ള ഗ്രൗണ്ടില്‍ തന്റെ പേരിലുള്ള ഗാലറി നീക്കം ചെയ്യണമെന്നും ബേദി ആവശ്യപ്പെട്ടു. 
രണ്ടു വര്‍ഷമായി ബേദി രോഗബാധിതനായിരുന്നു. ബേദിക്ക് രണ്ടു ഭാര്യമാരിലായി നാലു മക്കളുണ്ട്. നിലവിലെ ഭാര്യ അഞ്ജുവാണ്. നേഹയും അംഗഡുമാണ് മക്കള്‍. അംഗഡിന്റെ ഭാര്യ ബോളിവുഡ് നടി നേഹ ധൂപിയയാണ്. ആദ്യ ഭാര്യ ഗ്ലെനിത് മൈല്‍സില്‍ ഗിലീന്ദര്‍ എന്ന മകളുണ്ട്. 
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇടങ്കൈയന്‍ സ്പിന്നര്‍മാരിലൊരാളായ ബേദി 1967-1979 കാലഘട്ടത്തില്‍ ഇന്ത്യക്കു വേണ്ടി 67 ടെസ്റ്റും 10 ഏകദിനങ്ങളും കളിച്ചു. ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത (266) ബൗളറായാണ് വിരമിച്ചത്. ബേദിയും ലെഗ്‌സ്പിന്നര്‍ ഭഗവത് ചന്ദ്രശേഖറും ഓഫ്‌സ്പിന്നര്‍മാരായ ഏറാപ്പള്ളി പ്രസന്നയും ശ്രീനിവാസ് വെങ്കട്ടരാഘവനുമടങ്ങുന്ന നാലംഗ സംഘം എതിര്‍ ബാറ്റിംഗ് നിരകള്‍ക്ക് പേടിസ്വപ്‌നമായിരുന്നു. ഇംഗ്ലിഷ് കൗണ്ടില്‍ നോട്ടിംഗാംഷയറിന് വേണ്ടി ബേദി 434 വിക്കറ്റെടുത്തിട്ടുണ്ട്. 
അതിമനോഹരമായിരുന്നു ബേദിയുടെ ബൗളിംഗ് ആക്ഷന്‍. സുദീര്‍ഘമായ സ്‌പെല്ലുകള്‍ എറിയുമ്പോള്‍ പോലും ലെംഗ്തിലും നിയന്ത്രണത്തിലും കടുകിട തെറ്റുമായിരുന്നില്ല. ടെസ്റ്റില്‍ 200 വിക്കറ്റെങ്കിലുമെടുത്ത 200 ബൗളര്‍മാരില്‍ ബേദിയെക്കാള്‍ റണ്‍സ് പിശുക്കിയവര്‍ (2.14) ലാന്‍സ് ഗിബ്‌സും റിച്ചി ബെനോഡും ഡെറക് അണ്ടര്‍വുഡും മാത്രം. 
ലോകമെങ്ങും ആദരിക്കപ്പെട്ട ക്യാപ്റ്റനായിരുന്നു. 22 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചു. വിദേശത്ത് മൂന്നുള്‍പ്പെടെ ആറ് ടെസ്റ്റുകള്‍ ജയിച്ചു. അതിലൊന്ന് 1976 ലെ ട്രിനിഡാഡില്‍ വെസ്റ്റിന്‍ഡീസിനെ 403 റണ്‍സ് ലക്ഷ്യം മറികടന്ന് തോല്‍പിച്ചതായിരുന്നു. 2003 ലാണ് ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ ദല്‍ഹിയെ നാലു തവണ നാലു തവണ ഫൈനലിലെത്തിച്ചു. രണ്ടു തവണ ചാമ്പ്യന്മാരായി -1978 ല്‍ ഗുണ്ടപ്പ വിശ്വനാഥിന്റെ കര്‍ണാടകയെയും പിറ്റേ വര്‍ഷം സുനില്‍ ഗവാസ്‌കറുടെ ബോംബെയെയും ഫൈനലില്‍ തോല്‍പിച്ചു. 
എതിര്‍ കളിക്കാരെ പ്രശംസിക്കാനും സഹായം ചോദിച്ചെത്തുന്ന യുവ താരങ്ങള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കാനും അദ്ദേഹം ഒരിക്കലും പിശുക്ക് കാണിച്ചില്ല. തന്നെ സിക്‌സറടിക്കുന്ന ബാറ്റര്‍മാരെ അഭിനന്ദിക്കുമായിരുന്നു. പക്ഷെ തെറ്റെന്ന് തോന്നിയ എന്തിനെതിരെയും പ്രതികരിക്കാന്‍ മടിച്ചില്ല. 1976 ലെ സബൈന പാര്‍ക്ക് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസും 1978 ല്‍ സഹിവാള് ഏകദിനത്തില്‍ പാക്കിസ്ഥാനും അമിത ആക്രമണോത്സുകത കാണിച്ചപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ ബൗള്‍ ചെയ്യുകയല്ല, ജാവലിന്‍ ത്രോ എറിയുകയാണ് എന്ന വിമര്‍ശനം ഏറെ വിവാദമായി. 2008 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെതിരെ വംശീയവിവാദമുയര്‍ന്നപ്പോള്‍ ഇന്ത്യ എന്നും ഓര്‍മിക്കുന്ന തീരുമാനമെടുക്കാന്‍ ബേദി പ്രേരിപ്പിച്ചതായി അനില്‍ കുംബ്ലെ വെളിപ്പെടുത്തിയിരുന്നു. 
മണീന്ദര്‍ സിംഗും മുരളി കാര്‍ത്തികും സുനില്‍ ജോഷിയും മുതല്‍ ഒരുപാട് കളിക്കാരുടെ വളര്‍ച്ചയില്‍ ബേദിയുടെ സഹായമുണ്ട്. വിദേശ കളിക്കാരും അദ്ദേഹത്തിന്റെ ഉപദേശം തേടി. എങ്ങനെ സചിന്‍ ടെണ്ടുല്‍ക്കറെ നിര്‍വീര്യനാക്കാമെന്ന് ഷെയ്ന്‍ വോണിന് ഉപദേശം നല്‍കിയിട്ടുണ്ട്. ഫിറ്റ്‌നസിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതിന് കുട്ടിയായിരുന്ന വിരാട് കോലിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ഫിറ്റ്‌നസുള്ള കളിക്കാരനാണ് കോലി. 
സചിന്റെ തുടക്ക കാലത്ത് ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നു ബേദി. ബേദിക്ക് താന്‍ മകനെപ്പോലെയായിരുന്നുവെന്ന് സചിന്‍ അനുസ്മരിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ റോത്ത്മാന്‍സ് കപ്പ് കളിച്ചപ്പോള്‍ ബേദിയായിരുന്നു ടീം മാനേജര്‍. ഇന്ത്യന്‍ കളിക്കാരെ മൊത്തം ശാന്തസമുദ്രത്തില്‍ മുക്കിക്കൊല്ലണമെന്നാണ് തോറ്റപ്പോള്‍ ബേദി തുറന്നടിച്ചത്. 
ഐ.സി.സിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും സ്‌പോര്‍ട്‌സ് മന്ത്രിയും മുന്‍ കാലത്തെയും ഇപ്പോഴത്തെയും കളിക്കാരും ബേദിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. വലിയ സ്പിന്നറും അതിനെക്കാള്‍ വലിയ മനഷ്യനുമായിരുന്നു തന്റെ പ്രിയ സുഹൃത്ത് ബേദിയെന്ന് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഇന്‍തിഖാബ് ആലം പറഞ്ഞു. 

 

Latest News