ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോഹ്ലി ഉജ്വലമായാണ് ബാറ്റ് ചെയ്തതെങ്കിലും തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒഴിഞ്ഞുമാറാനാവില്ലെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്. രണ്ടാം ഇന്നിംഗ്സില്‍ ഏഴിന് 87 ല്‍ നിന്ന് കരകയറാന്‍ ഇംഗ്ലണ്ടിനെ അനുവദിച്ചത് കോഹ്ലിയുടെ തന്ത്രങ്ങളിലെ പിഴവാണെന്ന് ഹുസൈന് വിലയിരുത്തി.
കോഹ്ലിയാണ് ഒറ്റക്ക് ഇന്ത്യയെ ഈ മത്സരത്തില്‍ വിജയത്തിനടുത്തെത്തിച്ചത്. വിജയം അര്‍ഹിച്ചിരുന്നു കോഹ്ലി. എന്നാല്‍ ഇംഗ്ലണ്ട് ഏഴിന് 87 ല്‍ നില്‍ക്കെ ആര്. അശ്വിനെ ബൗളിംഗില്‍ നിന്ന് മാറ്റിയത് വലിയ പിഴവായി. ഇടങ്കൈയന്‍ ബാറ്റ്സ്മാന്മാര്ക്കെതിരെ ഒന്നാന്തരം റെക്കോര്‍ഡാണ് അശ്വിന്. ഇരുപതുകാരനായ ഇടങ്കൈയന്‍ സാം കറണായിരുന്നു ക്രീസില്‍ തകര്‍ത്താടിയത്. എന്നിട്ടും ഒരു മണിക്കൂറോളം അശ്വിന് ബൗളിംഗിനുണ്ടായില്ല -ഹുസൈന് ചൂണ്ടിക്കാട്ടി.
വിജയസാധ്യത മാറിമറിഞ്ഞ ഈ മത്സരം ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും മികച്ച പ്രദര്‍ശനമായിരുന്നുവെന്നും നല്ല പിച്ചൊരുക്കിയതാണ് അതിന് കാരണമെന്നും ഹുസൈന് പറഞ്ഞു. കറണിന്റെ പ്രകടനത്തെ പ്രത്യേകം മുന്‍ നായകന് പ്രശംസിച്ചു. അയാളാണ് ഈ കളി ജയിപ്പിച്ചത്. കോഹ്ലി 200 റണ്‍സടിച്ചു. പക്ഷെ ഒരു ഇരുപതുകാരന് കളി തിരിച്ചു. രണ്ട് ഇന്നിംഗ്സിലും കറണ്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കി. ഒരു കളിക്കാരന് കൗണ്ടി ക്രിക്കറ്റില്‍ എന്തു ചെയ്യുന്നു എന്നു നോക്കിയല്ല, അയാളുടെ പോരാട്ടവീര്യം പരിഗണിച്ച് ടീമിലെടുക്കണമെന്നാണ് എപ്പോഴും എന്റെ നിര്‍ദേശം -ഹുസൈന് വിലയിരുത്തി.