ഞെട്ടല്‍ മാറാതെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക

നെതര്‍ലാന്റ്‌സ്xശ്രീലങ്ക
ലഖ്‌നോ, നാളെ രാവിലെ 8.00
ഇംഗ്ലണ്ട്xദക്ഷിണാഫ്രിക്ക
മുംബൈ, നാളെ രാവിലെ 11.30

മുംബൈ - അഫ്ഗാനിസ്ഥാനോട് തോറ്റ ഇംഗ്ലണ്ടും നെതര്‍ലാന്റ്‌സിനോട് കീഴടങ്ങിയ ദക്ഷിണാഫ്രിക്കയും ലോകകപ്പില്‍ അഭിമാനം വീണ്ടെടുക്കാന്‍ നാളെ കളത്തിലിറങ്ങുന്നു. വാംഖഡെയില്‍ ഈ ടീമുകള്‍ മുഖാമുഖം വരികയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ജയം അപൂര്‍വ സംഭവമല്ലെന്നു തെളിയിക്കണമെങ്കില്‍ ശ്രീലങ്കക്കെതിരെ നെതര്‍ലാന്റ്‌സ് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടി വരും. ലോകകപ്പ് രണ്ടാഴ്ച പിന്നിടുമ്പോഴും ഒരു ജയം പോലും നേടാത്ത ഏക ടീമാണ് ശ്രീലങ്ക. എന്നാല്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ ഡച്ചിനെ അവര്‍ രണ്ടു തവണ തോല്‍പിച്ചിട്ടുണ്ട്.  
കുട്ടിക്കാലത്ത് തന്റെ ഇഷ്ടതാരമായിരുന്ന സചിന്‍ ടെണ്ടുല്‍ക്കറുടെ ഹോം ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ആവേശത്തിലാണ് തെംബ ബവൂമ. ഓപണര്‍ ക്വിന്റന്‍ ഡികോക്കിന് മുംബൈ ഇന്ത്യന്‍സില്‍ കളിച്ച കാലത്ത് വാംഖഡെ ഹോം സ്‌റ്റേഡിയമായിരുന്നു. 
പെയ്‌സ്ബൗളിംഗ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിന്റെ മോശം ഫോമാണ് ഇംഗ്ലണ്ടിനെ അലട്ടുന്നത്. 2019 ലോകകപ്പ് ഫൈനലിലെ ഹീറോ ബെന്‍ സ്റ്റോക്‌സ് ഈ ലോകകപ്പിലെ ആദ്യ മത്സരം കളിക്കും. സ്റ്റോക്‌സിനെ ഇടുപ്പിലെ പരിക്ക് അലട്ടുകയായിരുന്നു. 
ആദ്യ രണ്ടു കളികളില്‍ ഉജ്വല ജയം നേടിയ ദക്ഷിണാഫ്രിക്ക നെതര്‍ലാന്റ്‌സിനെ ഏഴിന് 140 ലേക്ക് തള്ളിവിട്ടതായിരുന്നു. എന്നാല്‍ 43 ഓവറായിച്ചുരുക്കിയ കളിയില്‍ ഡച്ചുകാര്‍ തിരിച്ചടിക്കുകയും എട്ടിന് 245 എന്ന മികച്ച സ്‌കോര്‍ നേടുകയും ചെയ്തു. പിന്നീട് 207 ന് ദക്ഷണാഫ്രിക്കയെ എറിഞ്ഞിട്ടു. 
ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ 64 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക 33-30 ന് മുന്നിലാണ്. ഒരു മത്സരം ടൈ ആയി. അവസാന 10 കളികളില്‍ 4-4 ആണ്. രണ്ടെണ്ണം ഉപേക്ഷിക്കേണ്ടി വന്നു. 

Latest News