ന്യൂസിലാന്റിനെതിരെ ഹാർദിക് കളിക്കില്ല

പൂനെ - ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ കാൽക്കുഴ തെറ്റിയ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക സ്‌കാനിംഗിൽ തെളിഞ്ഞതായി സൂചന. എങ്കിലും ന്യൂസിലാന്റിനുള്ള അടുത്ത മത്സരത്തിൽ ഹാർദിക് കളിക്കില്ല. പൂനെയിൽ നിന്ന് ഇന്ത്യൻ ടീം ഞായറാഴ്ചത്തെ മത്സരത്തിനായി ധർമശാലയിലേക്ക് പോവുകയാണ്. എന്നാൽ ഹാർദിക് പൂനെയിൽ തങ്ങും. ഇംഗ്ലണ്ടുമായുള്ള അടുത്ത മത്സരത്തിനായി ലഖ്‌നോയിൽ വൈസ് ക്യാപ്റ്റൻ ടീമിനൊപ്പം ചേരും. ന്യൂസിലാന്റിനെതിരായ കളിക്കു ശേഷം ഇന്ത്യക്ക് ഒരാഴ്ച വിശ്രമമുണ്ട്. അപ്പോഴേക്കും ഹാർദിക് പൂർണമായി സുഖം പ്രാപിക്കുമെന്നാണ് കരുതുന്നത്. 
ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റ് വിട്ടുനിൽക്കേണ്ടി വന്നാൽ അത് ടീമിന് കനത്ത തിരിച്ചടിയാണ്. ഹാർദിക്കിനും ജസ്പ്രീത് ബുംറക്കും കുൽദീപ് യാദവിനും ഇന്ത്യൻ ടീമിൽ പകരക്കാരില്ല. ഹാർദിക്കിന് ബാറ്ററായും ബൗളറായും കളിക്കാനാവും. ഈ ലോകകപ്പിൽ ഇന്ത്യയുടെ വൺചെയ്ഞ്ച് ബൗളറായാണ് ഹാർദിക് പന്തെറിയുന്നത്. ആദ്യ മൂന്നു കളിയിൽ 16 ഓവർ എറിയുകയും അഞ്ച് വിക്കറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 
ശാർദുൽ താക്കൂറോ ആർ. അശ്വിനോ ആണ് ഹാർദിക്കിന് വിദൂരമായൊരു പകരം. എന്നാൽ ബാറ്റിംഗിൽ ഹാർദിക്കിനെ പോലെ വിശ്വസ്തരല്ല ഇരുവരും. അതിനാൽ ബൗളിംഗ് സാധ്യമല്ലാത്ത ഇശാൻ കിഷൻ, സൂര്യകുമാർ, ബാറ്റിംഗ് സാധ്യമല്ലാത്ത മുഹമ്മദ് ഷമി എന്നിവരിലൊരാളെ പകരം കളിപ്പിക്കേണ്ടി വരും. 
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഒമ്പതാം ഓവറിലാണ് ഹാർദിക്കിന് പരിക്കേറ്റത്. തന്റെ തന്റെ ആദ്യ ഓവറിൽ ഹാർദിക്കിനെ തുടർച്ചയായി രണ്ടു തവണ ബൗണ്ടറി കടത്തിയ ലിറ്റൻ ദാസിന്റെ മൂന്നാമത്തെ ശ്രമം തടയുന്നതിനിടെ വൈസ് ക്യാപ്റ്റൻ കാൽ തെന്നി വീഴുകയായിരുന്നു. എഴുന്നേൽക്കാനും ബൗളിംഗ് പുനരാരംഭിക്കാനും രണ്ടു തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദീർഘനേരം ഫിസിയൊ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ഹാർദിക് ഫീൽഡ് വിട്ടു. പ്രാദേശിക ആശുപത്രിയിൽ സ്‌കാനിംഗിന് വിധേയനാക്കി. പരിക്ക് എത്ര ഗുരുതരമാണെന്ന് വ്യക്തമല്ല. 
വിരാട് കോലിയാണ് ഹാർദിക്കിന്റെ ഓവറിലെ അവസാന മൂന്ന് പന്തുകൾ എറിഞ്ഞത്. ആറു വർഷത്തിനു ശേഷമാണ് കോലി രാജ്യാന്തര ക്രിക്കറ്റിൽ പന്തെറിഞ്ഞത്. രണ്ട് റൺസ് മാത്രം വഴങ്ങി. ഹാർദിക് ആദ്യ മൂന്ന് പന്തിൽ എട്ട് റൺസ് വിട്ടുകൊടുത്തിരുന്നു.

Latest News