ലോകകപ്പില്‍ വീണ്ടും അട്ടിമറി? ദക്ഷിണാഫ്രിക്ക തകരുന്നു

ധര്‍മശാല - അഫ്ഗാനിസ്ഥാന്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിനു പിന്നാലെ ലോകകപ്പ് ക്രിക്കറ്റില്‍ മറ്റൊരു ഞെട്ടിക്കുന്ന ഫലത്തിന് കളമൊരുങ്ങുന്നു. 43 ഓവര്‍ വീതമായി ചുരുക്കിയ കളിയില്‍ നെതര്‍ലാന്റ്‌സിന്റെ എട്ടിന് 245 പിന്തുടരുന്ന ദക്ഷിണാഫ്രിക്കക്ക് 44 റണ്‍സെടുക്കുമ്പോഴേക്കും നാലു വിക്കറ്റ് നഷ്ടപ്പെട്ടു. ആദ്യ രണ്ടു കളിയും ജയിച്ച ടീമാണ് ദക്ഷിണാഫ്രിക്ക. നെതര്‍ലാന്റ്‌സ് ആദ്യ രണ്ടു കളിയും തോറ്റു. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച അഞ്ച് കളിക്കാരുണ്ട് ഡച്ച് ടീമില്‍. ദക്ഷിണാഫ്രിക്കക്കു വേണ്ടി ഏകദിനങ്ങളിലും ട്വന്റി20യിലും ഇറങ്ങിയ റുലോഫ് വാന്‍ഡര്‍മെര്‍വാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഡച്ചിന്റെ പോരാട്ടം നയിക്കുന്നത്. 
ക്യാപ്റ്റന്‍ സ്‌കോട് (69 പന്തില്‍ 79 നോട്ടൗട്ട്) വാന്‍ഡര്‍മെര്‍വും (19 പന്തില്‍ 29) ഇന്ത്യന്‍ വംശജനായ ആര്യന്‍ ദത്തും (9 പന്തില്‍ 23 നോട്ടൗട്ട്) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് നെതര്‍ലാന്റ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചത്. തുടക്കത്തില്‍ ഇടക്കിടെ വിക്കറ്റ് നഷ്ടപ്പെട്ട അവര്‍ 33 ഓവറില്‍ ഏഴിന് 140 ല്‍ പരുങ്ങുകയായിരുന്നു. 
ദക്ഷിണാഫ്രിക്കക്ക് ക്യാപ്റ്റന്‍ തെംബ ബവൂമയെയും (31 പന്തില്‍ 16) ഫോമിലുള്ള ക്വിന്റന്‍ ഡികോക്കിനെയും (22 പന്തില്‍ 20) പത്തോവറിന് മുമ്പെ നഷ്ടപ്പെട്ടു. പകരം വന്ന റാസി വാന്‍ഡര്‍ഡസനും (4) അയ്ദന്‍ മാര്‍ക്‌റമും (1) നിലയുറപ്പിക്കും മുമ്പെ മടങ്ങി. മൂന്നോവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റാണ് വാന്‍ഡര്‍മെര്‍വിന്റെ സമ്പാദ്യം.
 

Latest News