മനസ്സില്‍ ദക്ഷിണാഫ്രിക്ക, ജഴ്‌സിയില്‍ നെതര്‍ലാന്റ്‌സ്

നെതര്‍ലാന്റ്‌സ്xദക്ഷിണാഫ്രിക്ക
ധര്‍മശാല, ചൊവ്വ രാവിലെ 11.30

ധര്‍മശാല - ലോകകപ്പില്‍ ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുന്നത് നിരവധി നെതര്‍ലാന്റ്‌സ് കളിക്കാര്‍ക്ക് ധര്‍മസങ്കടമാവും. ഡച്ച് ടീമിലെ അഞ്ച് പേര്‍ ദക്ഷിണാഫ്രിക്കയില്‍ ജനിച്ചവരാണ്. ബാറ്റര്‍മാരായ കോളിന്‍ അക്കര്‍മാനും സൈബ്രാന്റ് എംഗല്‍ബ്രെറ്റും ദക്ഷിണാഫ്രിക്കയില്‍ വെസ്റ്റേണ്‍ പ്രോവിന്‍സിന്റെ കളിക്കാരായിരുന്നു. ഓള്‍റൗണ്ടര്‍ റുലോഫ് വാന്‍ഡര്‍മെര്‍വ്, പെയ്‌സ്ബൗളര്‍ റയാന്‍ ക്ലെയ്ന്‍, വെസ്‌ലി ബരേസി എന്നിവരാണ് മറ്റുള്ളവര്‍. പ്രിട്ടോറിയയില്‍ ജനിച്ച മയ്ബര്‍ഗ് ഈയിടെയാണ് ഡച്ച് ടീമിനോട് വിടപറഞ്ഞത്. ട്വന്റി20യില്‍ നെതര്‍ലാന്റ്‌സിനു വേണ്ടി മയ്്ബര്‍ഗ് 17 പന്തില്‍ അര്‍ധ ശതകം നേടിയിട്ടുണ്ട്.  
പതിനേഴാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റം നടത്തിയിരുന്നു. അവരുടെ പിന്മുറക്കാര്‍ രണ്ടു രാജ്യത്തുമുണ്ട്. നെതര്‍ലാന്റ്‌സ് ഈ കളി ജയിക്കണമെന്നും ദക്ഷിണാഫ്രിക്ക ലോകകപ്പ് നേടണമെന്നുമാണ് ആഗ്രഹമെന്ന് മയ്ബര്‍ഗ് പറഞ്ഞു. 
ശ്രീലങ്കയെയും ഓസ്‌ട്രേലിയയെയും തോല്‍പിച്ച ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക. നെതര്‍ലാന്റ്‌സ് രണ്ടു കളികളും തോറ്റു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്റ്‌സ് അട്ടിമറിച്ചിട്ടുണ്ട്. ആ കളിയില്‍ ദക്ഷിണാഫ്രിക്കന്‍ കുപ്പായമിട്ട എട്ടു പേര്‍ ധര്‍മശാലയിലും പ്ലേയിംഗ് ഇലവനിലുണ്ടാവും. എന്നാല്‍ ഏകദിനങ്ങളില്‍ ഡച്ചിനെതിരായ ആറു കളികളും ദക്ഷിണാഫ്രിക്ക ജയിച്ചിട്ടുണ്ട്. 


 

Latest News