ബംഗളൂരു - ലോകകപ്പിലെ മൂന്ന് കളിയിലും നിരാശപ്പെടുത്തിയ പാക്കിസ്ഥാന് പെയ്സ്ബൗളര്‍ ശാഹീന്‍ ഷാ അഫ്രീദിയോട് ഇന്ത്യന്‍ പെയ്സര്‍ ജസ്പ്രീത് ബുംറയെ കണ്ടു പഠിക്കാന്‍ മുന്‍ നായകന് വഖാര്‍ യൂനുസ്. പെയ്സും ഫിറ്റ്നസുമില്ലാതെ പരുങ്ങുകയാണ് പാക്കിസ്ഥാന് ഏറെ പ്രതീക്ഷയര്‍പ്പിച്ച പെയ്സ്ബൗളര്‍. നാലു വിക്കറ്റിനായി 139 റണ്‍സാണ് വിട്ടുകൊടുത്തത്.
അച്ചടക്കമില്ലായ്മയും വിക്കറ്റ് നേടാനുള്ള അമിതാവേശവുമാണ് ശാഹീനെ കുഴക്കുന്നത്. യോര്‍ക്കറുകള്‍ എറിയാന്‍ ആവര്‍ത്തിച്ച് ശ്രമിക്കുകയാണ് ശാഹീന്‍. ബാറ്റര്‍മാര്‍ അത് മനസ്സിലാക്കി തയാറെടുക്കുകയാണ്. അതേസമയം ബുംറ ഓഫ്സ്റ്റമ്പ് ലൈനില്‍ നിരന്തരം പന്തെറിഞ്ഞ് ബാറ്റര്‍മാരില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. അതുവഴിയാണ് വിക്കറ്റെടുക്കുന്നത് -വഖാര്‍ ചൂണ്ടിക്കാട്ടി.
എട്ട് വിക്കറ്റോടെ ഒന്നാം സ്ഥാനത്താണ് ബുംറ. ഇരുപത്തിമൂന്നുകാരായ ശാഹീന്‍ 2019 ലെ ലോകകപ്പില്‍ അഞ്ചു കളിയില്‍ 16 വിക്കറ്റെടുത്തിരുന്നു. ന്യൂബോള്‍ പാര്‍ട്ണര്‍ നസീം ഷാ പരിക്കു കാരണം വിട്ടുനില്ക്കുന്നതാവാം ശാഹീനെ തളര്‍ത്തുന്നതെന്ന് വഖാര്‍ അഭിപ്രായപ്പെട്ടു. ശാഹീനെ വസീം അക്രമുമായി താരതമ്യപ്പെടുത്തുന്നതിനെ ഇന്ത്യന്‍ കമന്റേറ്റര്‍ രവിശാസ്ത്രി വിമര്‍ശിച്ചു. നെതര്‍ലാന്റ്സിനെയും ശ്രീലങ്കയെയും തോല്പിച്ച പാക്കിസ്ഥാന് ഇന്ത്യക്കു മുന്നില്‍ നാണംകെട്ടിരുന്നു. വെള്ളിയാഴ്ച ഓസ്ട്രേലിയയുമായാണ് അവരുടെ അടുത്ത മത്സരം.






