ലഖ്‌നോ - കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ശ്രീലങ്കയെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ പിടിച്ചുകെട്ടിയെങ്കിലും ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് ആശങ്ക.പലതവണ മഴ കാരണം തടസ്സപ്പെട്ട കളി പൂര്‍ത്തിയാക്കാനാവുമോയെന്ന ഭീതിയിലാണ് അവര്‍. ഓപണര്‍മാരായ പത്തും നിസങ്കയും (67 പന്തില്‍ 61) കുശാല്‍ പെരേരയും (82 പന്തില്‍ 78) ഓപണിംഗ് വിക്കറ്റില്‍ 21 ഓവറില്‍ 125 റണ്‍സിന്റെ അടിത്തറയിട്ട ശേഷമാണ് ശ്രീലങ്ക തകര്‍ന്നത്. തുടര്‍ന്ന് 84 റണ്‍സിനിടെ പത്തു വിക്കറ്റും അവര്‍ക്ക് നഷ്ടപ്പെട്ടു. 209 റണ്‍സിന് ഓളൗട്ടായി. രണ്ടക്കം കണ്ടത് ചരിത അസലെങ്ക (39 പന്തില്‍ 25) മാത്രം. 43.3 ഓവറില്‍ അവര്‍ ഓളൗട്ടായി. ശ്രീലങ്കന്‍ ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തില്‍ സ്‌റ്റേഡിയത്തില്‍ മണല്‍ക്കാറ്റ് പ്രയാസങ്ങള്‍ സൃഷ്ടിച്ചു. അര ലക്ഷം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഒഴിഞ്ഞ കസേരകള്‍ക്കു മുന്നിലാണ് കളി നടന്നത്.
ഓപണര്‍മാരെ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (7-0-32-2) പുറത്താക്കിയ ശേഷം ലെഗ്‌സ്പിന്നര്‍ ആഡം സാംപ (8-1-47-4) കടിഞ്ഞാണേറ്റെടുക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റെടുത്തു (10-0-43-2).
നിസങ്കയും കുശാലും മത്സരിച്ചടിച്ചപ്പോള്‍ ശ്രീലങ്ക മുന്നൂറ്റമ്പതിന് മേല്‍ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു. 20 തവണയാണ് ഇരുവരും പന്ത് അതിര്‍ത്തി കടത്തിയത്. അവശേഷിച്ചവര്‍ നേടിയത് മൂന്നു ബൗണ്ടറിയും ഒരു സിക്‌സറും മാത്രം. രണ്ടു ടീമും ആദ്യ രണ്ടു കളിയും തോറ്റിരുന്നു.
കുശാലും നിസങ്കയും അനായാസമാണ് മുന്നേറിയത്. മാര്‍ക്കസ് സ്റ്റോയ്‌നിസിനെ ബൗണ്ടറി കടത്തി കുശാലാണ് ആദ്യം അര്‍ധ ശതകത്തിലെത്തിയത്, 57 പന്തില്‍. തൊട്ടുപിന്നാലെ നിസങ്ക തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും അര്‍ധ ശതകം തികച്ചു, 58 പന്തില്‍. ഡേവിഡ് വാണറുടെ സാഹസിക ഡൈവിംഗ് ക്യാച്ച് വേണ്ടി വന്നു ഈ കൂട്ടുകെട്ട് പൊളിക്കാന്‍. പത്തും നിസങ്കയുടെ പുള്‍ ഡീപ് സ്‌ക്വയര്‍ലെഗില്‍ വാണര്‍ മനോഹരമായി കൈയിലൊതുക്കി. കുശാല്‍ പെരേരയും ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസും (9) രണ്ടാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. കുശാല്‍ പെരേരയെ കമിന്‍സ് ബൗള്‍ഡാക്കിയതോടെയാണ് തകര്‍ച്ച തുടങ്ങിയത്. മറുവശത്ത് ബാറ്റര്‍മാര്‍ വന്നും പോയുമിരുന്നത് നോക്കിനില്‍ക്കാനേ അസലെങ്കക്ക് സാധിച്ചുള്ളൂ. അവസാനം സ്ലോഗ് സ്വീപിനുള്ള ശ്രമത്തില്‍ അസലെങ്കയും പിടികൊടുത്തു.






