ഓസ്‌ലൊ -നോര്‍വെക്കെതിരായ മത്സരത്തില്‍ സ്‌പെയിനിന്റെ ഗാവിയുടെ ഗോള്‍ രണ്ട് ടീമുകള്‍ക്ക് യൂറോ 2024 ന്റെ ഫൈനല്‍ റൗണ്ടിലേക്ക് രണ്ട് ടീമുകള്‍ക്ക് ടിക്കറ്റ് നല്‍കി. സ്‌പെയിനിനോട് 0-1 ന് തോറ്റതോടെ നോര്‍വെയുടെ പ്രതീക്ഷ അസ്തമിച്ചു. കഴിഞ്ഞ ലോകകപ്പിനെ പോലെ യൂറോ കപ്പും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ എര്‍ളിംഗ് ഹാലന്റില്ലാതെ അരങ്ങേറിയേക്കും. സ്‌പെയിനും സ്‌കോട്‌ലന്റും ആദ്യ രണ്ട് സ്ഥാനങ്ങളുറപ്പാക്കി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി. മൂന്നാം സ്ഥാനമുറപ്പാക്കിയാല്‍ നോര്‍വെക്ക് പ്ലേഓഫ് സാധ്യതയുണ്ട്. സ്‌കോട്‌ലന്റിന് ഞായറാഴ്ച രാത്രി മത്സരമുണ്ടായിരുന്നില്ല.
നാല്‍പത്തൊമ്പതാം മിനിറ്റിലാണ് ഗാവിയുടെ ഗോള്‍. ദീര്‍ഘനേരം വീഡിയൊ പരിശോധിച്ച ശേഷമാണ് റഫറി ഗോള്‍ അനുവദിച്ചത്. ഹാളന്റിനെ പന്ത് തൊടാന്‍ സ്പാനിഷ് ഡിഫന്റര്‍മാര്‍ അനുവദിച്ചതേയില്ല. സ്‌പെയിനിനും സ്‌കോട്‌ലന്റിനും അഞ്ച് പോയന്റ് പിന്നിലാണ് നോര്‍വെ. ഒരു കളി മാത്രമേ ശേഷിക്കുന്നുള്ളൂ. സ്‌പെയിന്‍ ഇരുപതാം മിനിറ്റില്‍ സെല്‍ഫ് ഗോളില്‍ ലീഡ് നേടേണ്ടതായിരുന്നു. സ്‌റ്റെഫന്‍ സ്ട്രാന്റ്ബര്‍ഗ് സ്വന്തം വലയിലേക്ക് തിരിച്ചുവിട്ട പന്ത് ഓടിയെത്തിയ ആല്‍വരൊ മൊറാറ്റ അടിച്ച് വലയില്‍ കയറ്റി. അത് വിനയായി, മൊറാറ്റ ഓഫ്‌സൈഡായിരുന്നു. രണ്ടാം പകുതിയുടെ സ്പാനിഷ് ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചലിനിടെയായിരുന്നു മൈക്കിള്‍ ഒയര്‍സബാലിന്റെ ഷോട്ട് തട്ടിത്തിരിഞ്ഞത് ഗാവിയുടെ കാലിലെത്തിയത്.
സ്‌കോട്‌ലന്റിന് വ്യാഴാഴ്ച ഫൈനല്‍ റൗണ്ടിലെത്താന്‍ സാധ്യതയുണ്ടായിരുന്നു. എങ്കില്‍ അവര്‍ ജര്‍മനിയില്‍ നടക്കുന്ന ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമാവുമായിരുന്നു. എന്നാല്‍ സ്‌പെയിനിനോട് തോറ്റു. 2000 മുതല്‍ 2016 വരെ യൂറോ കപ്പ് പുറത്തിരുന്ന് കാണേണ്ടിവന്ന സ്‌കോട്‌ലന്റ് തുടര്‍ച്ചയായ രണ്ടാം തവണയാണ് യോഗ്യത നേടുന്നത്. സ്‌പെയിന്‍ മൂന്നു തവണ ചാമ്പ്യന്മാരായിട്ടുണ്ട്.






