ന്യൂദല്‍ഹി- ആഗോള പട്ടിണി സൂചികയില്‍ വീണ്ടും താഴേക്ക് പതിച്ച ഇന്ത്യയുടെ നാണക്കേട് മാറ്റുന്നതിനേക്കാള്‍ നരേന്ദ്ര മോഡി സര്‍ക്കാറിന് താത്പര്യം റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെടാന്‍. കഴിഞ്ഞ വര്‍ഷം പട്ടിണി സൂചികയിലുണ്ടായിരുന്ന 107-ാം സ്ഥാനത്തു നിന്നും ഇന്ത്യ ഈ വര്‍ഷം 111ലേക്കാണ് താഴ്ന്നത്.
പട്ടിണി സൂചികയില്‍ താഴേക്ക് പോയതിനോടൊപ്പം അയല്‍ രാജ്യങ്ങളേക്കാള്‍ ബഹുദൂരം മോശമാണ് ഇന്ത്യയുടെ അവസ്ഥയെന്നത് നേട്ടം പറയുന്ന നരേന്ദ്ര മോഡി സര്‍ക്കാറിന്റെ തലയില്‍ വീണ ഇടിത്തീയാണ്. 125 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ഇന്ത്യ 111ലേക്കെത്തിയത്.
അയര്‍ലന്‍ഡ്, ജര്‍മ്മനി എന്നിവിടങ്ങളിലെ സര്‍ക്കാരിതര സംഘടനകളായ കണ്‍സസേണ്‍ വേള്‍ഡ് വൈഡും വെല്‍റ്റ് ഹംഗര്‍ ഹില്‍ഫെയുമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പട്ടികയില്‍ ശ്രീലങ്ക 60, നേപ്പാള്‍ 69, ബംഗ്ലാദേശ് 81, പാകിസ്താന്‍ 102 എന്നിങ്ങനെയാണ് സ്ഥാനം പിടിച്ചത്. പട്ടിണി സൂചികയില്‍ 28.7 സ്‌കോറാണ് ഇന്ത്യക്ക് ലഭിച്ചത്.
പതിവുപോലെ പട്ടികയെ പൂര്‍ണമായും തള്ളിയ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞ അതേ ന്യായം ഈ വര്‍ഷവും അവതരിപ്പിച്ചിട്ടുണ്ട്. പട്ടിക തയ്യാറാക്കിയത് ദുഷ്ടലാക്കോടെയാണെന്നതാണ് കേന്ദ്രത്തിന്റെ കണ്ടുപിടുത്തം. അതുകൊണ്ടുതന്നെ പട്ടിക റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു.
പട്ടിണി സൂചിക എന്നാണ് പേരെങ്കിലും ണെങ്കിലും സൂചിക കണക്കാക്കാന്‍ ഉപയോഗിക്കുന്ന നാല് സൂചകങ്ങളില്‍ മൂന്നെണ്ണവും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും ഇത് മുഴുവന്‍ ജനസംഖ്യയെയും പ്രതിനിധീകരിക്കുന്നതല്ലെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം.
കുട്ടികളുടെ പോഷകാഹാരത്തിന്റെ കാര്യത്തില്‍ പാകിസ്താനും ബംഗ്ലാദേശിനും പിന്നിലായി ഇന്ത്യ എത്തിയതെങ്ങനെ എന്ന ചോദ്യവും ഉന്നയിക്കുന്നു. എന്നാല്‍, അതാത് രാജ്യങ്ങളുടെ സ്‌കോറുകള്‍ കണക്കാക്കാന്‍ ഒരേ മാനദണ്ഡമാണ് ഉപയോഗിക്കുന്നതെന്നും ഏതെങ്കിലും രാജ്യത്തിന് വിട്ടുവീഴ്ച ചെയ്യുന്നത് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സിലെ മുതിര്‍ന്ന ഉപദേഷ്ടാവ് മിറിയം വീമേഴ്സ് പറയുന്നു.