മണിപ്പൂരിനെ കൈവിടരുത്, വികാരാധീനനായി ഇന്ത്യന്‍ ഗോളി

ന്യൂദല്‍ഹി - കലാപത്തില്‍ കത്തിയമരുന്ന മണിപ്പൂരിനെ മറക്കരുതേയെന്ന് കേണപേക്ഷിച്ച് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഗോള്‍വല കാത്ത ഇരുപത്തിമൂന്നുകാരന്‍ ധീരജ് സിംഗ് മൊയ്‌രാംഗ്‌തെം. 2018-19 സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോളിയെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് ധീരജ്. ഇന്ത്യ ആതിഥ്യമരുളിയ അണ്ടര്‍-17 ലോകകപ്പില്‍ ആതിഥേയരുടെ ഗോളിയായിരുന്ന ധീരജ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിലെ ടീം ഓഫ് ദ സീസണില്‍ സ്ഥാനം നേടിയിരുന്നു. 
സെയ്‌വ് മണിപ്പൂര്‍ എന്ന പ്ലക്കാര്‍ഡുമായാണ് ധീരജ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ ഫുട്‌ബോളിലെ മറ്റു നിരവധി പ്രമുഖ കളിക്കാരുടെയും നാടായ മണിപ്പൂരിനെ അഞ്ചു മാസമായി കലാപത്തിന്റെ അഗ്നിനാളങ്ങള്‍ വിഴുങ്ങുകയാണ്. ഒരു മാസം മുമ്പത്തെ ഔദ്യോഗിക കണക്ക് പ്രകാരം 175 പേര്‍ മരിക്കുകയും അയ്യായിരത്തോളം വീടുകള്‍ ചാമ്പലാവുകയും ചെയ്തു. എഴുപതിനായിരത്തിലേറെ പേര്‍ അഭയാര്‍ഥി ക്യാമ്പുകളിലാണ്. 
എന്നിട്ടും മാധ്യമങ്ങള്‍ മണിപ്പൂരിനെ മറന്നുവെന്ന് ധീരജ് ആരോപിക്കുന്നു. കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാവുന്ന മാനസികാവസ്ഥയിലല്ല ഞാന്‍. കുടുംബങ്ങളില്‍ നിന്ന് അകന്നു കഴിയുന്ന എല്ലാവരും തീ തിന്നുകയാണ്. ഇന്ത്യന്‍ സെന്റര്‍ബാക്കും ഹൈദരാബാദ് എഫ്.സി കളിക്കാരനുമായ ചിന്‍ഗ്ലന്‍സാന സിംഗിന്റെ വീട് ചുട്ടെരിക്കപ്പെട്ടു. ഇന്ത്യന്‍ ടീമിലേക്കുള്ള ക്ഷണം ചിന്‍ഗ്ലന്‍സാന തിരസ്‌കരിച്ചത് ആ മനോവേദനയില്‍ കളിക്കാന്‍ കഴിയാത്തതിനാലാണ് -ധീരജ് പറഞ്ഞു. ഗ്രാമത്തിലെ കുട്ടികള്‍ക്കായി ചിന്‍ഗ്ലന്‍സാന പണിത ടര്‍ഫും അക്രമികള്‍ തകര്‍ത്തു. മറ്റൊരു ഫുട്‌ബോള്‍ സലാം രഞ്ജന്‍ സിംഗാണ് ചിന്‍ഗ്ലന്‍സാനക്കും കുടുംബത്തിനും അഭയം നല്‍കിയത്. ഇപ്പോഴും അവിടെത്തന്നെയാണ് താമസിക്കുന്നതെന്ന് ധീരജ് വെളിപ്പെടുത്തി. ഓരോ രാത്രിയും ഭയപ്പാടോടെയാണ് കഴിയുന്നതെന്നും തന്റെ പിതാവുള്‍പ്പെടെ ഗ്രാമീണര്‍ വീടുകള്‍ക്ക് കാവല്‍ നില്‍ക്കുകയാണെന്നും ധീരജ് പറഞ്ഞു. മെയ് മാസം ഞാന്‍ മണിപ്പൂരില്‍ പോയിരുന്നു. കണ്‍മുന്നില്‍ വീടുകള്‍ കത്തിയെരിയുന്നുണ്ടായിരുന്നു. രാവിലെയും വൈകുന്നേരവുമെന്നില്ലാതെ വെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ടായിരുന്നു. ഏതാനും മാസം മുമ്പാണ് മണിപ്പൂരില്‍ ആദ്യത്തെ ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന് വിശ്വസിക്കാനാവുന്നില്ല. അതിനു ശേഷം സൗന്ദര്യ മത്സരം നടന്നു. വലിയ അഭിമാനം തോന്നിയിരുന്നു. ഞാനൊരു കളിക്കാരനാണ്, രാഷ്ട്രീയമല്ല പറയുന്നത്. പക്ഷെ ഞാനൊരു മനുഷ്യനാണ്. എനിക്കും കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. അവരുടെ വേദന പുറംലോകത്തെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇസ്രായിലി-ഫലസ്തീന്‍ പ്രശ്‌നം വലിയ ചര്‍ച്ചയാവുന്നതു കാണുന്നു. പക്ഷെ മണിപ്പൂരിനെ മറന്നുപോവരുത്. ഞങ്ങള്‍ രാജ്യത്തിന്റെ കുപ്പായമിടുമ്പോള്‍ ഞങ്ങളുടെ കുടുംബം സുരക്ഷതമാണെന്ന് ഉറപ്പു വരുത്തണം. കേന്ദ്ര സര്‍ക്കാര്‍ കണ്ണു തുറക്കണം. ഒരു പരിഹാരം കണ്ടെത്തണം -ധീരജ് ആവശ്യപ്പെട്ടു.
 

Latest News