അഹമ്മദാബാദ് - നാല് സിക്സറും മൂന്ന് ബൗണ്ടറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ തകർത്തടിച്ചതോടെ ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ മിന്നൽ ജയത്തിലേക്ക്. 36 പന്തിലാണ് രോഹിത് അർധ ശതകം തികച്ചത്. പതിമൂന്നോവറിൽ ഇന്ത്യ രണ്ടിന് 96 റൺസിലെത്തി. ഇരുപത്തേഴോവറും എട്ട് വിക്കറ്റും ശേഷിക്കെ ജയിക്കാൻ ഇന്ത്യക്ക് 95 റൺസ് മതി. ശുഭ്മൻ ഗില്ലിനെ (11 പന്തിൽ 16) ശാഹീൻ ഷാ അഫ്രീദിയും വിരാട് കോലിയെ (18 പന്തിൽ 16) ഹസൻഅലിയും പുറത്താക്കിയ ശ്രേയസ് അയ്യരാണ് ക്യാപ്റ്റനൊപ്പം ക്രീസിൽ.
നേരത്തെ 36 റൺസിനിടെ അവസാന എട്ട് വിക്കറ്റുകൾ വലിച്ചെറിഞ്ഞ പാക്കിസ്ഥാൻ 191 ന് ഓളൗട്ടായി. അർധ ശതകം പൂർത്തിയാക്കിയ ഉടനെ ക്യാപ്റ്റൻ ബാബർ അസം പുറത്തായതോടെയാണ് പാക്കിസ്ഥാൻ 13 ഓവറിനിടെ നിലംപൊത്തിയത്. 7.1 ഓവർ ശേഷിക്കെ അവർ ഓളൗട്ടായി. മികച്ച ബാറ്റിംഗ് പിച്ചിലും വേഗമേറിയ ഔട്ട്ഫീൽഡിലും ഈ സ്കോർ പ്രതിരോധിക്കാൻ പാക്കിസ്ഥാൻ പാടുപെടും. ലോകകപ്പിലെ ഇന്ത്യക്കെതിരായ കളികളിൽ എട്ടാമത്തെ തോൽവിയാണ് പാക്കിസ്ഥാനെ തുറിച്ചുനോക്കുന്നത്.
പെയ്സർമാർക്ക് ഒരു സഹായവും കിട്ടാത്ത പിച്ചിൽ പഴയ പന്ത് കൊണ്ട് രണ്ടാം സ്പെല്ലിൽ ജസ്പ്രീത് ബുംറ രണ്ടോവറിൽ രണ്ട് വിക്കറ്റെടുത്തതോടെയാണ് കളിയുടെ ഗതി മാറിയത്. ബുംറയും (7-1-19-2) മുഹമ്മദ് സിറാജും (8-0-50-2) ഹാർദിക് പാണ്ഡ്യയും (6-0-34-2) കുൽദീപ് യാദവും (10-0-35-2) രവീന്ദ്ര ജദേജയും (9.5-0-38-2) വിക്കറ്റുകൾ പങ്കുവെച്ചു.
ക്യാപ്റ്റൻ ബാബർ അസമും (58 പന്തിൽ 50) കഴിഞ്ഞ കളിയിലെ സെഞ്ചൂറിയൻ മുഹമ്മദ് രിസ്വാനും (69 പന്തിൽ 49) സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തതോടെ പാക്കിസ്ഥാൻ മുപ്പതോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. അർധ സെഞ്ചുറി തികച്ചയുടനെ ബാബറെ സിറാജ് രണ്ടാം സ്പെല്ലിലെ നാലാമത്തെ പന്തിൽ ക്ലീൻ ബൗൾഡാക്കി. ഓപണർമാരായ ഇമാമുൽ ഹഖിനെ (38 പന്തിൽ 36) ഹാർദിക് പാണ്ഡ്യയും അബ്ദുല്ല ശഫീഖിനെ (24 പന്തിൽ 20) മുഹമ്മദ് സിറാജും പുറത്താക്കിയ ശേഷം ബാബറും രിസ്വാനും ടീമിനെ കരകയറ്റുകയായിരുന്നു.
നന്നായി തുടങ്ങിയ പാക്കിസ്ഥാന് അബ്ദുല്ല ശഫീഖിനെയാണ് (24 പന്തിൽ 20) ആദ്യം നഷ്ടപ്പെട്ടത്. പ്രതീക്ഷിച്ചതിലും താഴ്ന്ന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. സിറാജിന്റെ ആദ്യ ഓവറിൽ ഇമാമുൽ ഹഖ് മൂന്ന് ബൗണ്ടറി നേടിയതോടെയാണ് പാക്കിസ്ഥാൻ കുതിപ്പാരംഭിച്ചത്. മറുവശത്ത് ജസ്പ്രീത് ബുംറ പതിവ് പോലെ റൺപിശുക്കി. നാലോവറിൽ ഒരു മെയ്ഡനാക്കിയ ബുംറ 14 റൺസാണ് വിട്ടുകൊടുത്തത്. ബുംറയുടെ ഹോം ഗ്രൗണ്ടാണ് ഇത്.






