അഹമ്മദാബാദ് - ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍ 200 കടക്കാതെ പുറത്തായി. രണ്ടിന് 155 ലെത്തിയ അവര്‍ 36 റണ്‍സിനിടെ അവസാന എട്ട് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. അര്‍ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ ക്യാപ്റ്റന്‍ ബാബര്‍ അസം പുറത്തായതോടെയാണ് പാക്കിസ്ഥാന്‍ 13 ഓവറിനിടെ നിലംപൊത്തിയത്. 7.1 ഓവര്‍ ശേഷിക്കെ അവര്‍ ഓളൗട്ടായി. മികച്ച ബാറ്റിംഗ് പിച്ചിലും വേഗമേറിയ ഔട്ട്ഫീല്‍ഡിലും ഈ സ്‌കോര്‍ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ പാടുപെടും. ലോകകപ്പിലെ ഇന്ത്യക്കെതിരായ കളികളില്‍ എട്ടാമത്തെ തോല്‍വിയാണ് പാക്കിസ്ഥാനെ തുറിച്ചുനോക്കുന്നത്.
പെയ്‌സര്‍മാര്‍ക്ക് ഒരു സഹായവും കിട്ടാത്ത പിച്ചില്‍ പഴയ പന്ത് കൊണ്ട് രണ്ടാം സ്‌പെല്ലില്‍ ജസ്പ്രീത് ബുംറ രണ്ടോവറില്‍ രണ്ട് വിക്കറ്റെടുത്തതോടെയാണ് കളിയുടെ ഗതി മാറിയത്. ബുംറയും (7-1-19-2) മുഹമ്മദ് സിറാജും (8-0-50-2) ഹാര്‍ദിക് പാണ്ഡ്യയും (6-0-34-2) കുല്‍ദീപ് യാദവും (10-0-35-2) രവീന്ദ്ര ജദേജയും (9.5-0-38-2) വിക്കറ്റുകള്‍ പങ്കുവെച്ചു.
ക്യാപ്റ്റന്‍ ബാബര്‍ അസമും (58 പന്തില്‍ 50) കഴിഞ്ഞ കളിയിലെ സെഞ്ചൂറിയന്‍ മുഹമ്മദ് രിസ്‌വാനും (69 പന്തില്‍ 49) സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തതോടെ പാക്കിസ്ഥാന്‍ മുപ്പതോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി തികച്ചയുടനെ ബാബറെ സിറാജ് രണ്ടാം സ്‌പെല്ലിലെ നാലാമത്തെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഓപണര്‍മാരായ ഇമാമുല്‍ ഹഖിനെ (38 പന്തില്‍ 36) ഹാര്‍ദിക് പാണ്ഡ്യയും അബ്ദുല്ല ശഫീഖിനെ (24 പന്തില്‍ 20) മുഹമ്മദ് സിറാജും പുറത്താക്കിയ ശേഷം ബാബറും രിസ്‌വാനും ടീമിനെ കരകയറ്റുകയായിരുന്നു.
നന്നായി തുടങ്ങിയ പാക്കിസ്ഥാന് അബ്ദുല്ല ശഫീഖിനെയാണ് (24 പന്തില്‍ 20) ആദ്യം നഷ്ടപ്പെട്ടത്. പ്രതീക്ഷിച്ചതിലും താഴ്ന്ന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. സിറാജിന്റെ ആദ്യ ഓവറില്‍ ഇമാമുല്‍ ഹഖ് മൂന്ന് ബൗണ്ടറി നേടിയതോടെയാണ് പാക്കിസ്ഥാന്‍ കുതിപ്പാരംഭിച്ചത്. മറുവശത്ത് ജസ്പ്രീത് ബുംറ പതിവ് പോലെ റണ്‍പിശുക്കി. നാലോവറില്‍ ഒരു മെയ്ഡനാക്കിയ ബുംറ 14 റണ്‍സാണ് വിട്ടുകൊടുത്തത്. ബുംറയുടെ ഹോം ഗ്രൗണ്ടാണ് ഇത്.






