അഹമ്മദാബാദ് - ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് മികച്ച സ്കോറിലേക്ക്. ക്യാപ്റ്റന്‍ ബാബര്‍ അസമും (58 പന്തില്‍ 50) കഴിഞ്ഞ കളിയിലെ സെഞ്ചൂറിയന്‍ മുഹമ്മദ് രിസ്വാനും (56 പന്തില്‍ 47 നോട്ടൗട്ട്) സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തതോടെ പാക്കിസ്ഥാന് മുപ്പതോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി തികച്ചയുടനെ ബാബറെ സിറാജ് രണ്ടാം സ്പെല്ലിലെ നാലാമത്തെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഓപണര്‍മാരായ ഇമാമുല്‍ ഹഖിനെ (38 പന്തില്‍ 36) ഹാര്‍ദിക് പാണ്ഡ്യയും അബ്ദുല്ല ശഫീഖിനെ (24 പന്തില്‍ 20) മുഹമ്മദ് സിറാജും പുറത്താക്കിയ ശേഷം ബാബറും രിസ്വാനും ടീമിനെ കരകയറ്റുകയായിരുന്നു.
നന്നായി തുടങ്ങിയ പാക്കിസ്ഥാന് അബ്ദുല്ല ശഫീഖിനെയാണ് (24 പന്തില്‍ 20) ആദ്യം നഷ്ടപ്പെട്ടത്. പ്രതീക്ഷിച്ചതിലും താഴ്ന്ന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. സിറാജിന്റെ ആദ്യ ഓവറില്‍ ഇമാമുല്‍ ഹഖ് മൂന്ന് ബൗണ്ടറി നേടിയതോടെയാണ് പാക്കിസ്ഥാന് കുതിപ്പാരംഭിച്ചത്. മറുവശത്ത് ജസ്പ്രീത് ബുംറ പതിവ് പോലെ റണ്‍പിശുക്കി. നാലോവറില്‍ ഒരു മെയ്ഡനാക്കിയ ബുംറ 14 റണ്‍സാണ് വിട്ടുകൊടുത്തത്. ബുംറയുടെ ഹോം ഗ്രൗണ്ടാണ് ഇത്.
ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പാക്കിസ്ഥാനും ആദ്യം ഫീല്‍ഡ് ചെയ്യാനാണ് ആഗ്രഹിച്ചതെന്ന് ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞു.
പനി മാറിയ ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചത്തി. ഇശാന് കിഷന് സ്ഥാനം നഷ്ടപ്പെട്ടു. പാക്കിസ്ഥാന് ടീമില്‍ മാറ്റമില്ല. നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം പേരുണ്ട്. ഗാലറി നീലമയമാണ്.






