മൊത്തം കളിയില്‍ പാക്കിസ്ഥാന്‍, അവസാന പത്തില്‍ ഇന്ത്യ

ഇന്ത്യxപാക്കിസ്ഥാന്‍
അഹമ്മദാബാദ്, ശനി 11.30

അഹമ്മദാബാദ് - ആദ്യ രണ്ടു കളികളും ജയിച്ച ആവേശത്തില്‍ 1.32 ലക്ഷം പേര്‍ക്കിരിക്കാവുന്ന നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ പോരാട്ടത്തിന് കച്ച മുറുക്കുകയാണ് ഇന്ത്യയും പാക്കിസ്ഥാനും. ഏകദിനങ്ങളില്‍ പരസ്പരമുള്ള പോരാട്ടത്തില്‍ ഇപ്പോഴും പാക്കിസ്ഥാനാണ് മുന്നില്‍. പാക്കിസ്ഥാന് 73 ജയം, ഇന്ത്യക്ക് 56. അതേസമയം അവസാന 10 കളികളില്‍ ഏഴും ഇന്ത്യയാണ് ജയിച്ചത്. രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാന് ജയിക്കാനായത്. ഒന്നില്‍ ഫലമില്ല. ഏഷ്യാ കപ്പില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ 228 റണ്‍സിന് പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റു. 
ക്യാപ്റ്റന്‍ ബാബര്‍ അസം പതിവ് ഫോമിലല്ല എന്നത് പാക്കിസ്ഥാന് ആശങ്ക സമ്മാനിക്കുന്നു. ആദ്യ കളിയില്‍ അഞ്ചും രണ്ടാമത്തെ കളിയില്‍ പത്തുമാണ് അസമിന്റെ സ്‌കോര്‍. 33 പന്ത് നേരിട്ടു. ഇന്ത്യക്കെതിരെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ അസം ആകെ നേടിയത് 128 റണ്‍സാണ്. എന്നാല്‍ ശ്രീലങ്കക്കെതിരായ കഴിഞ്ഞ കളിയില്‍ ഫഖര്‍ സമാന് പകരം കളിച്ച അബ്ദുല്ല ശഫീഖ് സെഞ്ചുറിയടിച്ചത് പാക്കിസ്ഥാന് സന്തോഷം പകരും.  

റെക്കോര്‍ഡ് ചെയ്‌സ്
ഹൈദരാബാദില്‍ ശ്രീലങ്കക്കെതിരെ ലോകകപ്പിലെ എക്കാലത്തെയും വലിയ റണ്‍ചെയ്‌സ് നടത്തിയാണ് പാക്കിസ്ഥാന്‍ ടീം അഹമ്മദാബാദിലേക്ക് വിമാനം കയറിയത്. അഫ്ഗാനിസ്ഥാനെതിരെ റെക്കോര്‍ഡായ ഏഴാമത്തെ ലോകകപ്പ് സെഞ്ചുറി നേടിയാണ് രോഹിത് ശര്‍മ ദല്‍ഹി വിട്ടത്. അഹമ്മദാബാദിലും റണ്ണൊഴുകുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത്. കരിമണ്ണിലൊരുക്കിയ പിച്ചില്‍ പെയ്‌സ്ബൗളിംഗ് അത്ര മൂര്‍ച്ചയേറിയതായിരിക്കില്ല. പൊതുവെ തന്നെ പെയ്‌സ്ബൗളിംഗ് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയിട്ടില്ലെന്നത് പാക്കിസ്ഥാന് നിരാശ പകരും. ഇന്ത്യന്‍ പെയ്‌സ് കുന്തമുന ജസ്പ്രീത് ബുംറക്ക് ഇത് ഹോം ഗ്രൗണ്ടാണ്. അഫ്ഗാനിസ്ഥാനെതിരെ നാലു വിക്കറ്റെടുത്തിരുന്നു ബുംറ.
 

Latest News