ഇന്ത്യxപാക്കിസ്ഥാന്‍
അഹമ്മദാബാദ്, ശനി 11.30
അഹമ്മദാബാദ് - ആദ്യ രണ്ടു കളികളും ജയിച്ച ആവേശത്തില്‍ 1.32 ലക്ഷം പേര്‍ക്കിരിക്കാവുന്ന നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ പോരാട്ടത്തിന് കച്ച മുറുക്കുകയാണ് ഇന്ത്യയും പാക്കിസ്ഥാനും.
ഡെങ്കിപ്പനി ഭേദമായ ശുഭ്മന്‍ ഗില്‍ കളിക്കാന്‍ 99 ശതമാനം സാധ്യതയുണ്ടെന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെളിപ്പെടുത്തിയത്. എങ്കില്‍ ഇശാന്‍ കിഷനായിരിക്കും സ്ഥാനം നഷ്ടപ്പെടുക. പാക്കിസ്ഥാവനെതിരായ അവസാന മത്സരത്തില്‍ 81 പന്തില്‍ 82 റണ്‍സടിച്ചിട്ടുണ്ട് കിഷന്‍.
അഹമ്മദാബാദിലെ പിച്ച് താരതമ്യേന പെയ്‌സനുകൂലമാണ്. കൂടുതല്‍ വിക്കറ്റുകള്‍ ലഭിച്ചത് പെയ്‌സര്‍മാര്‍ക്കാണ്. അത് കാര്യമാക്കുന്നുണ്ടെങ്കില്‍ ശാര്‍ദുല്‍ താക്കൂറിനും ആര്‍. അശ്വിനും പകരം മുഹമ്മദ് ഷമിക്ക് അവസരം നല്‍കിയേക്കും. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കളിക്കാരനെന്ന നിലയില്‍ ഷമിയുടെ ഹോം ഗ്രൗണ്ടാണ് അഹമ്മദാബാദ്. ശാര്‍ദുലിനോ അശ്വിനോ പകരം ഷമിയെ കളിപ്പിച്ചാല്‍ വാലറ്റ ബാറ്റിംഗ് ദുര്‍ബലമാവും. അതുകൂടി ഇന്ത്യ കണക്കിലെടുക്കും.
പാക്കിസ്ഥാന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. കഴിഞ്ഞ കളിയില്‍ ഹസന്‍അലി നാലു വിക്കറ്റെടുത്തിട്ടുണ്ടെങ്കിലും നന്നായി തല്ല് കൊണ്ടു. മുഹമ്മദ് വസീം അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. ക്യാപ്റ്റന്‍ ബാബര്‍ അസം പതിവ് ഫോമിലല്ല എന്നത് പാക്കിസ്ഥാന് ആശങ്ക സമ്മാനിക്കുന്നു. ആദ്യ കളിയില്‍ അഞ്ചും രണ്ടാമത്തെ കളിയില്‍ പത്തുമാണ് അസമിന്റെ സ്‌കോര്‍. 33 പന്ത് നേരിട്ടു. ഇന്ത്യക്കെതിരെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ അസം ആകെ നേടിയത് 128 റണ്‍സാണ്. എന്നാല്‍ ശ്രീലങ്കക്കെതിരായ കഴിഞ്ഞ കളിയില്‍ ഫഖര്‍ സമാന് പകരം കളിച്ച അബ്ദുല്ല ശഫീഖ് സെഞ്ചുറിയടിച്ചത് പാക്കിസ്ഥാന് സന്തോഷം പകരും.






