ഇന്ത്യxപാക്കിസ്ഥാന്
അഹമ്മദാബാദ്, ശനി11.30
അഹമ്മദാബാദ് - ഇന്ത്യ-പാക്കിസ്ഥാന് ലോകകപ്പ് മത്സരം ശനിയാഴ്ച നടക്കാനിരിക്കെ നവരാത്രി ആഘോഷലഹരിയില്‍ അഹമ്മദാബാദ്. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടങ്ങള്‍ക്ക് ഒരു ക്ലൈമാക്സേ ഉണ്ടായിട്ടുള്ളൂ, ഇന്ത്യയുടെ വിജയം. എട്ടാം വട്ടം ഏറ്റുമുട്ടുമ്പോഴും ത്രില്ലിന് ഒട്ടും കുറവില്ല. എഴു തവണ നേരിട്ടപ്പോഴും പാക്കിസ്ഥാന് തോല്‍വിയായിരുന്നു. എട്ടാം വട്ടമെങ്കിലും തിരക്കഥ മാറുമോ? ആദ്യ രണ്ടു കളികളും ജയിച്ച ആവേശത്തില്‍ 1.32 ലക്ഷം പേര്‍ക്കിരിക്കാവുന്ന നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ പോരാട്ടത്തിന് കച്ച മുറുക്കുകയാണ് അയല്‍ക്കാര്‍.
ഇതേ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ഗാലറി ചര്‍ച്ചാ വിഷയമായിരുന്നു. ബഹുഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടന്നു. ഇന്ന് ആ കഥയും മാറിയേക്കും. സീറ്റുകളിലേറെയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സെലിബ്രിറ്റികളുമായിരിക്കും കൈയടക്കുകയെങ്കിലും.
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സഞ്ചരിക്കുന്ന ടീമാണ് ഇന്ത്യ. ഏറ്റവും കുറവ് പാക്കിസ്ഥാനും. സന്നാഹമുള്പ്പെടെ നാല് കളികളും പാക്കിസ്ഥാന് കളിച്ചത് ഹൈദരാബാദിലാണ്. ഗുവാഹത്തിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്കും അവിടെ നിന്ന് ദല്‍ഹിയിലേക്കും യാത്ര ചെയ്ത ശേഷമാണ് ഇന്ത്യന്‍ ടീം അഹമ്മദാബാദിലെത്തിയത്. സുദീര്‍ഘമായ ടൂര്‍ണമെന്റില്‍ വിശ്രമം പ്രധാനമാണ്.






