ലോകകപ്പ് സെഞ്ചുറികള്‍, നിരവധി കൗതുകങ്ങള്‍

മുംബൈ - ആദ്യ വാരം 11 സെഞ്ചുറികള്‍ കണ്ട ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ രണ്ടാം വാരവും സെഞ്ചുറിയോടെ തുടങ്ങി. ക്വിന്റന്‍ ഡികോക്കാണ് പുതിയ വാരം സെഞ്ചുറിയോടെ ആരംഭിച്ചത്. ആദ്യയാഴ്ച ഏഴ് ടീമിലെ 11 കളിക്കാരാണ് സെഞ്ചുറിയടിച്ചത്. 1975, 1979, 1983, 1992 ലോകകപ്പുകളില്‍ മൊത്തം നേടിയതിനെക്കാള്‍ കൂടുതലാണ് ഇത്. ഈ ലോകകപ്പില്‍ ഇനിയും അഞ്ചാഴ്ചയിലേറെ കളികളുണ്ട്. 
ഇത്തവണ 10 കളികളില്‍ 12 സെഞ്ചുറി പിറന്നു. ഡോകിക്കിന്റെ രണ്ടാമത്തേതാണ്. 2003 ല്‍ ഏഴ് സെഞ്ചുറിയടിച്ചതാണ് ഇതുവരെ റെക്കോര്‍ഡ്. 2011 ലും 2015 ലും അഞ്ച് സെഞ്ചുറികളുണ്ടായി. ദല്‍ഹിയിലും ഹൈദരാബാദിലുമാണ് ഇത്തവണ റണ്ണൊഴുകിയത്. ശ്രീലങ്കക്കെതിരെ ദല്‍ഹിയില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്ന് ബാറ്റര്‍മാരാണ് മൂന്നക്കത്തിലെത്തിയത്. ഹൈദരാബാദില്‍ പാക്കിസ്ഥാന്റെയും ശ്രീലങ്കയുടെയും രണ്ടു വീതം ബാറ്റര്‍മാര്‍ സെഞ്ചുറി ആഘോഷിച്ചു. ആദ്യമായാണ് ലോകകപ്പില്‍ രണ്ടും സംഭവിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്റിന്റെ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവരാണ് സെഞ്ചുറി മഹാമഹത്തിന് തുടക്കമിട്ടത്. രണ്ടു പേര്‍ക്കും ലോകകപ്പ് അരങ്ങേറ്റമായിരുന്നു. 
12 സെഞ്ചുറികളില്‍ പതിനൊന്നും നൂറില്‍ കുറവ് പന്തിലായിരുന്നു. ലോകകപ്പിലെ ഫാസ്റ്റസ്റ്റ് സെഞ്ചുറികളില്‍ മൂന്നെണ്ണം സ്ഥാനം നേടി. അയ്ദന്‍ മാര്‍ക്‌റമിന്റെതായിരുന്നു ഫാസ്റ്റസ്റ്റ് (49 പന്തില്‍). രോഹിത് ശര്‍മ (63 പന്തില്‍) ഇന്ത്യയുടെ ഫാസ്റ്റസ്റ്റ് ലോകകപ്പ് സെഞ്ചൂറിയനായി. അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ് 65 പന്തില്‍ ശതകം തികച്ചു. 
 

Latest News