അഹമ്മദാബാദ് - അഹമ്മദാബാദിലെ ആശുപത്രികളില്‍ ഒരു രാത്രി നീളുന്ന ചെക്കപ് പാക്കേജിന് പൊടുന്നനെ ആവശ്യക്കാരേറി. ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരം ശനിയാഴ്ച നടക്കാനിരിക്കെ പുറം നാടുകളില്‍ നിന്ന് വന്നവര്‍ ഒരു രാത്രി ചെലവിടാന്‍ കണ്ട ചെലവ് കുറഞ്ഞ മാര്‍ഗമാണ് ആശുപത്രി. അഹമ്മദാബാദ് സ്റ്റേഡിയത്തിനു സമീപത്തെ ആശുപത്രികളിലെല്ലാം ഒരു രാത്രി നീളുന്ന ചെക്കപ് പാക്കേജിന് ഡിമാന്റേറി. ഹോട്ടല്‍ നിരക്കുകള്‍ 20 ഇരട്ടി വരെ വര്‍ധിച്ചതാണ് പുതിയ വഴി തേടാന്‍ ക്രിക്കറ്റ് പ്രേമികളെ പ്രേരിപ്പിച്ചതെന്ന് അഹമ്മദാബാദ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് തുഷാര്‍ പട്ടേല്‍ പറഞ്ഞു.
ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി ഹോസ്പിറ്റല്‍സ് ആന്റ് നഴ്‌സിംഗ് ഹോംസ് അസോസിയേഷന്‍ പ്രസിഡന്റ് ഭരത് ഗദാവി അറിയിച്ചു.
ടിക്കറ്റിനും വന്‍ ഡിമാന്റാണ്. കൂടാതെ ടിക്കറ്റിംഗ് സൈറ്റിലെ തിരക്കും. പല ദിവസങ്ങള്‍ ശ്രമിച്ച ശേഷമാണ് നാല് ടിക്കറ്റ് ഒപ്പിച്ചതെന്നും 6000 രൂപയാണ് ഒരു ടിക്കറ്റിന്റെ നിരക്കെന്നും അഹമ്മദാബാദ് സ്വദേശി ഹെമിഷ് പട്ടേല്‍ വെളിപ്പെടുത്തി. പല ഡിവൈസുകളില്‍ ഒരേ സമയം ലോഗിന്‍ ചെയ്ത് കാത്തുനില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റിന് കരിഞ്ചന്തയില്‍ ഇരുപത്തഞ്ചിരട്ടി വരെയാണ് വില. കഴിഞ്ഞ ദിവസം അഹമ്മദാബാദ് പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. വിമാന ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. മുംബൈക്കും അഹമ്മദാബാദിനുമിടയില്‍ രണ്ട് സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്റ്റ് ട്രയിനുകള്‍ ഏര്‍പ്പെടുത്തിയാണ് തിരക്ക് നേരിടുന്നത്.
നഗരം ശനിയാഴ്ച നോ ഡ്രോണ്‍ ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ട്. പതിനൊന്നായിരത്തിലേറെ സുരക്ഷാഭടന്മാരെയാണ് വിന്യസിക്കുക.






