ലഖ്‌നോ - ലോകകപ്പ് ക്രിക്കറ്റില്‍ റെക്കോര്‍ഡ് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്ത്യക്കെതിരെ കനത്ത തോല്‍വി വാങ്ങിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയോട് ലഖ്‌നോവില്‍ അവര്‍ നാണം കെട്ടു. ക്വിന്റന്‍ ഡികോക്കിന്റെ സെഞ്ചുറിയില്‍ ഏഴിന് 311 റണ്‍സടിച്ച പ്രോടിയേഴ്‌സ് 70 റണ്‍സെടുക്കുമ്പോഴേക്കും എതിരാളികളുടെ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. അതോടെ ഓസ്‌ട്രേലിയ ഇഴഞ്ഞു. നാല്‍പത്തൊന്നാം ഓവറില്‍ 177 ന് പുറത്തായി. ഇന്ത്യക്കെതിരെയും അവര്‍ 200 പിന്നിട്ടിരുന്നില്ല. ഐ.പി.എല്ലില്‍ ലഖ്‌നോ സൂപ്പര്‍ജയന്റ്‌സിനു കളിക്കുന്ന ഡികോക്കിന് ഇത് ഹോം സ്‌റ്റേഡിയമാണ്.
ദക്ഷിണാഫ്രിക്കന്‍ പെയ്‌സാക്രമണത്തിന് മുന്നില്‍ ഓസീസ് മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. മിച്ചല്‍ മാര്‍ഷിനെ (7) മാര്‍ക്കൊ യാന്‍സനും ഡേവിഡ് വാണറെ (13) ലുന്‍ഗി എന്‍ഗിഡിയും പുറത്താക്കി. സ്റ്റീവന്‍ സ്മിത്തും (19) ജോഷ് ഇന്‍ഗ്ലിസും (5) മാര്‍ക്കസ് സ്‌റ്റോയ്‌നിസും (5) കഗീസൊ റബാദക്ക് വിക്കറ്റ് സമ്മാനിച്ചു. ഇനിയും ഏഴ് കളികള്‍ ബാക്കിയിരിക്കെ നെറ്റ് റണ്‍റെയ്റ്റ് മെച്ചപ്പെടുത്തണമെങ്കില്‍ അമ്പതോവറും ഓസ്‌ട്രേലിയ ബാറ്റ് ചെയ്യേണ്ടതുണ്ടായിരുന്നു. അതിനാണ് അവര്‍ ശ്രമിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കും (22 പന്തില്‍ 8 നോട്ടൗട്ട്) മാര്‍നസ് ലാബുഷൈനും (47 പന്തില്‍ 22 നോട്ടൗട്ട്) ഇഴഞ്ഞത് കളി വിരസമാക്കി.
നേരത്തെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറിയടിച്ച ഓപണര്‍ ക്വിന്റന്‍ ഡികോക്കാണ് (106 പന്തില്‍ 109) ദക്ഷിണാഫ്രിക്കക്ക് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഏഴ് ബാറ്റര്‍മാരും രണ്ടക്കത്തിലെത്തി. തുടര്‍ന്നുവന്നവര്‍ പുറത്തായുമില്ല.
സിക്‌സറോടെ സെഞ്ചുറി
ഡികോക്ക് 90 പന്തിലാണ് മൂന്നക്കത്തിലെത്തിയത്. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിനെ ഡീപ് മിഡ് വിക്കറ്റില്‍ സിക്‌സറിനുയര്‍ത്തി ഓപണര്‍ പത്തൊമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കി. ഒരു പന്തിന് മുമ്പ് സഹതാരം അയ്ദന്‍ മാര്‍ക്‌റമിനെ കമിന്‍സ് സ്വന്തം ബൗളിംഗില്‍ കൈവിട്ടിരുന്നു.
രണ്ടു തവണ ജീവന്‍ കിട്ടിയ ക്യാപ്റ്റന്‍ തെംബ ബവൂമയുമൊത്ത് (55 പന്തില്‍ 35) ഡികോക്ക് ഓപണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. റാസി വാന്‍ഡര്‍ഡസനും (30 പന്തില്‍ 26) അയ്ദന്‍ മാര്‍ക്‌റമും (44 പന്തില്‍ 56) ഹയ്ന്റിക് ക്ലാസനും (27 പന്തില്‍ 29) മത്സരിച്ചടിച്ചു. മാര്‍ക്‌റമിനെ ഒന്നിലുള്ളപ്പോള്‍ കമിന്‍സ് സ്വന്തം ബൗളിംഗില്‍ കൈവിട്ടിരുന്നു. ശ്രീലങ്കക്കെതിരായ കളിയില്‍ ഡികോക്കിനു പുറമെ മാര്‍ക്‌റമും മില്ലറും സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. മാര്‍ക്‌റമിന്റേത് 49 പന്തില്‍ ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയതായിരുന്നു. ഇത്തവണ മില്ലര്‍ക്ക് (13 പന്തില്‍ 17) അധികം തുടരാനായില്ല. മാര്‍ക്കൊ യാന്‍സനും (22 പന്തില്‍ 26) ആഘോഷത്തില്‍ പങ്കുചേര്‍ന്നു. അവസാനഘട്ടത്തിലാണ് ഓസീസിന് നിയന്ത്രണം പാലിക്കാനായത്.
ഡികോക്കിന്റെ സെഞ്ചുറിയില്‍ അഞ്ച് സിക്‌സറും എട്ട് ബൗണ്ടറിയുമുണ്ട്. മുപ്പതുകാരന്‍ ഈ ലോകകപ്പിനു ശേഷം വിരമിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി സെഞ്ചുറിയടിക്കാനാവാതെയാണ് ഡികോക്ക് ലോകകപ്പിനെത്തിയത്. മുപ്പത്തഞ്ചാം ഓവറില്‍ ഗ്ലെന്‍ മാക്‌സവെലിനെ സ്വീപ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡികോക്ക് ബൗള്‍ഡാവുകയായിരുന്നു.






