ആവേശപ്പോരിന് പാക്കിസ്ഥാന്‍ എത്തി, നഗരം സുരക്ഷാ വലയത്തില്‍

ഇന്ത്യxപാക്കിസ്ഥാന്‍
അഹമ്മദാബാദ്, ശനി 11.30

ന്യൂദല്‍ഹി -ഇന്ത്യയിലെത്തിയതു മുതല്‍ ഹൈദരാബാദിലായിരുന്ന പാക്കിസ്ഥാന്‍ ടീം വൈകുന്നേരത്തോടെ കനത്ത സുരക്ഷയില്‍ അഹമ്മദാബാദിലെത്തി. വിമാനത്താവളത്തിലെ സ്‌പെഷ്യല്‍ വി.ഐ.പി ഗെയ്റ്റിലൂടെ പാക്കിസ്ഥാന്‍ കളിക്കാര്‍ പുറത്തിറങ്ങുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവിടെ പ്രവേശനം നിഷേധിച്ചു. പാക്കിസ്ഥാന്‍ ടീം ആദ്യം അഹമ്മദാബാദില്‍ കളിക്കാന്‍ വിസമ്മതിച്ചിരുന്നു. പാക് ടീം അവസാനം ഇവിടെ കളിച്ചത് 2012 ലാണ്. പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ സാഖ അശ്‌റഫ് കളി കാണാനെത്തും. അശ്‌റഫിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് അറുപതോളം പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ വിസ അനുവദിച്ചിരുന്നു. പാക്കിസ്ഥാന്‍ ടീം രണ്ട് സന്നാഹ മത്സരങ്ങളും രണ്ട് ലോകകപ്പ് മത്സരങ്ങളും കളിച്ചത് ഹൈദരാബാദിലായിരുന്നു. 
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനായി കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ഗുജറാത്ത് പോലീസിന്റെയും നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റേതുമുള്‍പ്പെടെ സ്‌റ്റേഡിയത്തിലും പുറത്തുമായി പതിനൊന്നായിരത്തോളം സുരക്ഷാ സൈനികര്‍ കാവലുണ്ടാവും. 
ഏഴു വര്‍ഷത്തിനു ശേഷമാണ് ഇരു ടീമുകളും ഇന്ത്യന്‍ മണ്ണില്‍ ഏറ്റുമുട്ടുന്നത്. നഗരത്തിലെ ഹോട്ടലുകളിലും ഗസ്റ്റ്ഹൗസുകളിലും ബുക്കിംഗ് ലഭിക്കാത്ത അവസ്ഥയാണ്.ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഓപണര്‍ ശുഭ്മന്‍ ഗില്‍ അഹമ്മദാബാദില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നേക്കും. ചെന്നൈയിലെ ആദ്യ മത്സരത്തിനു ശേഷം ഗില്‍ ഇല്ലാതെയാണ് ഇന്ത്യന്‍ സംഘം ദല്‍ഹിയില്‍ അഫ്ഗാനിസ്ഥാനെ നേരിടാനെത്തിയത്. ഓസ്‌ട്രേലിയക്കെതിരെയും ഗില്‍ കളിച്ചിരുന്നില്ല. ഗില്‍ ചെന്നൈയില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗില്ലിന്റെ അഭാവത്തില്‍ ഇശാന്‍ കിഷനാണ് രണ്ടു കളിയിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപണ്‍ ചെയ്തത്. ടീമിനൊപ്പം ചേരുമെങ്കിലും ശനിയാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തിലും ഗില്‍ കളിക്കാനിടയില്ല. 
ഈ വര്‍ഷം ഏകദിനങ്ങളില്‍ ഏറ്റവുമധികം റണ്‍സെടുത്ത കളിക്കാരനാണ് ഗില്‍, 72.35 ശരാശരിയിലും 105.03 സ്‌ട്രൈക്ക് റൈറ്റിലും 1230 റണ്‍സ്. അവസാന നാല് ഏകദിനങ്ങളില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയുമടിച്ചിരുന്നു. 

 

Latest News