2034 ലോകകപ്പിന്  ഇന്തോനേഷ്യയും

സിഡ്‌നി - സൗദി അറേബ്യ വിരുന്നൊരുക്കുമെന്ന് കരുതുന്ന 2034 ലെ ലോകകപ്പ് ഫുട്‌ബോളിനായി ഓസ്‌ട്രേലിയയും ഇന്തോനേഷ്യയും സംയുക്ത ശ്രമം നടത്താനൊരുങ്ങുന്നു. ഇന്തോനേഷ്യന്‍ സോക്കര്‍ ഫെഡറേഷന്‍ പ്രസിഡന്റ് എറിക് തോഹിറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ ആരൊക്കെ കൂടെ ഉണ്ടാവുമെന്ന് വ്യക്തമല്ല. മലേഷ്യയും സിംഗപ്പൂരും കൂടിയുള്ള സംയുക്ത സംരംഭത്തിനാണ് ഒരു ശ്രമം. ന്യൂസിലാന്റിനെ കൂടെ കൂട്ടാനാണ് മറ്റൊരു ശ്രമം. ഈ മാസം 31 നകം വേദിക്കായുള്ള താല്‍പര്യം ഔദ്യോഗികമായി അറിയിക്കണം. നാല് ഗവണ്‍മെന്റുകളുടെയും പിന്തുണ വ്യക്തമാക്കുന്ന കരാറില്‍ നവംബര്‍ 30 നകം ഒപ്പിടുകയും വേണം. ഇത് ഏതാണ്ട് അസാധ്യമാണ്. സൗദി കത്ത് നല്‍കിക്കഴിഞ്ഞു. ഏഷ്യന്‍ കോണ്‍ഫെഡറേഷന്റെ പിന്തുണ സൗദിക്കാണ്. 
ഈ വര്‍ഷം അണ്ടര്‍-20 ലോകകപ്പ് ഇന്തോനേഷ്യയിലാണ് നടക്കേണ്ടിയിരുന്നതെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇസ്രായില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് അര്‍ജന്റീനയിലേക്കാണ് ടൂര്‍ണമെന്റ് മാറ്റിയത്. എന്നാല്‍ അടുത്ത മാസം ആരംഭിക്കുന്ന അണ്ടര്‍-17 ലോകകപ്പ് ഇന്തോനേഷ്യക്ക് ഫിഫ അനുവദിച്ചു. ഈ ടൂര്‍ണമെന്റിന് ഇസ്രായില്‍ യോഗ്യത നേടിയിട്ടില്ല. 
ഇന്തോനേഷ്യയില്‍ മന്ത്രിയായ തോഹിറും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി അംഗങ്ങളാണ്. ഇന്‍ഫാന്റിനോയുടെ ഇഷ്ട ക്ലബ്ബ് ഇന്റര്‍ മിലാന്റെ മുന്‍ പ്രസിഡന്റുമായിരുന്നു തോഹിര്‍.
 

Latest News