അഫ്ഗാനും കടന്നു, ഇനി പാക്കിസ്ഥാന്‍

ന്യൂദല്‍ഹി - ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിന്നല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റും 90 പന്തും ശേഷിക്കെ അഫ്ഗാനിസ്ഥാന്റെ എട്ടിന് 272 ഇന്ത്യ മറികടന്നു. രോഹിത് ശര്‍മയും (84 പന്തില്‍ 131) ഇശാന്‍ കിഷനും (47 പന്തില്‍ 47) ഓപണിംഗ് വിക്കറ്റില്‍ 18.4 ഓവറില്‍ 156 റണ്‍സടിച്ചതോടെ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. ഇരുവരെയും റാഷിദ് ഖാന്‍ പുറത്താക്കിയ ശേഷം വിരാട് കോലിയും (56 പന്തില്‍ 55 നോട്ടൗട്ട്) ശ്രേയസ് അയ്യരും (23 പന്തില്‍ 25 നോട്ടൗട്ട്) അല്ലലില്ലാതെ ലക്ഷ്യത്തിലേക്ക് ചുവട് വെച്ചു. അഫ്ഗാനിസ്ഥാന്റെ രണ്ടാം തോല്‍വിയാണ് ഇത്. ഇന്ത്യന്‍ ടീം ശനിയാഴ്ച അഹമ്മദാബാദില്‍ പാക്കിസ്ഥാനെ നേരിടും. 
63 പന്തില്‍ നാല് സിക്‌സറും 12 ബൗണ്ടറിയുമായി സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ മൊത്തം അഞ്ച് സിക്‌സറും 16 ബൗണ്ടറിയുമടിച്ചു. രോഹിതും ഇശാനും ഓസ്‌ട്രേലിയക്കെതിരായ കളിയില്‍ അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായിരുന്നു. 
ലോകകപ്പില്‍ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് രോഹിതിന്റേത്. 30 പന്തിലാണ് രോഹിത് അര്‍ധ ശതകം തികച്ചത്. പത്തോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 94 റണ്‍സെടുത്തിരുന്നു. അതില്‍ എഴുപത്താറും രോഹിതിന്റെ ബാറ്റില്‍ നിന്നായിരുന്നു.  
നേരത്തെ ക്യാപ്റ്റന്‍ ഹശ്മതുല്ല ശാഹിദിയുടെയും (88 പന്തില്‍ 80) അസ്മതുല്ല ഉമര്‍സായിയുടെയും (69 പന്തില്‍ 62) അര്‍ധ ശതകങ്ങളാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജസ്പ്രീത് ബുംറയും (10-0-39-4) ഹാര്‍ദിക് പാണ്ഡ്യയും (7-0-43-2) ബൗളിംഗിന് ചുക്കാന്‍ പിടിച്ചു. കുല്‍ദീപ് യാദവിനും (10-0-40-1) ശാര്‍ദുല്‍ താക്കൂറിനും (6-0-31-1) ഓരോ വിക്കറ്റ് കിട്ടി.
 

Latest News