ക്രിക്കറ്റിലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ എന്നാണ് വിരാട് കോഹ്‌ലി വിശേഷിപ്പിക്കപ്പെടുന്നത്. ഇരുവരും നന്നായി സ്‌കോര്‍ ചെയ്യുന്നു എന്നതു മാത്രമല്ല ഇതിനു കാരണം. വലിയ മോഹങ്ങള്‍ പ്രഖ്യാപിക്കാനും നിര്‍ദാക്ഷിണ്യം അതിലേക്ക് ചുവടു വെക്കാനും ഇരുവര്‍ക്കുമുള്ള നിശ്ചയദാര്‍ഢ്യം ഒരുപോലെയാണ്. എന്നാല്‍ ടെസ്റ്റ് കരിയറിന്റെ തുടക്കത്തില്‍ കോഹ്‌ലി ഇത്ര കളിക്കാരനാവുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.
2012 നു ശേഷമാണ് കോഹ്‌ലി വിശ്വരൂപം പ്രാപിച്ചത്. അതുവരെ പരിശീലനത്തിലൊന്നും ശ്രദ്ധയുണ്ടായിരുന്നില്ല. ഭക്ഷണകാര്യം ശ്രദ്ധിച്ചില്ല. വൈകിയുറങ്ങുകയും ഇഷ്ടം പോലെ കുടിക്കുകയും ചെയ്തു. 2012 ലെ ഐ.പി.എല്ലില്‍ വന്‍ പരാജയമായി. ആ ദിനങ്ങളിലൊരിക്കല്‍ കുളി കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോഴാണ് ഇങ്ങനെ പോരെന്ന് കോഹ്‌ലിക്ക് തോന്നിയത്. പ്രൊഫഷനല്‍ ക്രിക്കറ്ററാവണമെങ്കില്‍ ഇങ്ങനെ പോരെന്ന് കണ്ണാടി കോഹ്‌ലിയോട് പറഞ്ഞു. അന്ന് മുതല്‍ കോഹ്‌ലി പൂര്‍ണമായും മാറി. പരിശീലനം ആരാധനയാക്കി മാറ്റി. ഭക്ഷണകാര്യത്തില്‍ മുതല്‍ എല്ലാത്തിലും മാറ്റം വരുത്തി. മണിക്കൂറുകള്‍ ജിംനേഷ്യത്തില്‍ ചെലവിട്ടു. തണുത്തതും മധുരവുമൊക്കെ ഒഴിവാക്കി. കഠിനമായ യാത്രയുടെ തുടക്കമായിരുന്നു അത്. അതിന്റെ ഫലമാണ് ഇപ്പോള്‍ കൊയ്യുന്നത്.
ബ്രാഡ്മാന്റേതിന് സമാനമാണ് ഇപ്പോള്‍ കോഹ്‌ലിയുടെ ബാറ്റിംഗ്.
2014 ല്‍ മഹേന്ദ്ര ധോണിയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം മാസ്മരിക ഫോമിലാണ് കോഹ്‌ലി. ക്യാപ്റ്റനായ ശേഷം 15 സെഞ്ചുറിയടിച്ചു. ഗ്രേം സ്മിത്തും (22) റിക്കി പോണ്ടിംഗും (19) മാത്രമാണ് കൂടുതല്‍ സെഞ്ചുറിയടിച്ച ക്യാപ്റ്റന്മാര്‍. ബംഗ്ലാദേശിലൊഴികെ കളിച്ച എല്ലാ ടെസ്റ്റ് രാജ്യങ്ങളിലും സെഞ്ചുറി നേടി. 22 സെഞ്ചുറിയും 16 അര്‍ധ സെഞ്ചുറിയുമാണ് കോഹ്‌ലിയുടെ മൊത്തം സമ്പാദ്യം. ബ്രാഡ്മാന്‍ മാത്രമാണ് ഇതിനെക്കാള്‍ നന്നായി അര്‍ധ ശതകങ്ങള്‍ സെഞ്ചുറികളാക്കി മാറ്റിയത്.