ടീമിനൊപ്പം ഗില്‍ ഇല്ല, അഫ്ഗാനെതിരെ കളിക്കില്ല

ന്യൂദല്‍ഹി -ഡെങ്കിപ്പനി ബാധിച്ച് വിശ്രമിക്കുന്ന ഓപണര്‍ ശുഭ്മന്‍ ഗില്‍ ഇല്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂദല്‍ഹിയിലെത്തി. നാളെയാണ് ഫിറോസ് ഷാ കോട്‌ലയില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. ആദ്യ മത്സരത്തില്‍ തുടക്കത്തിലെ വന്‍ തകര്‍ച്ചക്കു ശേഷം ഓസ്‌ട്രേലിയയെ കീഴടക്കിയ ആശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ചെന്നൈയില്‍ നിന്ന് മടങ്ങിയത്. ഓസ്‌ട്രേലിയക്കെതിരെയും ഗില്‍ കളിച്ചിരുന്നില്ല. ഗില്‍ ചെന്നൈയില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഗില്ലിന്റെ അഭാവത്തില്‍ ഇശാന്‍ കിഷനാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപണ്‍ ചെയ്തത്. കിഷനും രോഹിതും ശ്രേയസും അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായിരുന്നു. കെ.എല്‍ രാഹുലും വിരാട് കോലിയുമാണ് ഇന്ത്യയെ കരകയറ്റിയതും ആറ് വിക്കറ്റ് ജയത്തിലേക്ക് നയിച്ചതും. 
ഈ വര്‍ഷം ഏകദിനങ്ങളില്‍ ഏറ്റവുമധികം റണ്‍സെടുത്ത കളിക്കാരനാണ് ഗില്‍, 72.35 ശരാശരിയിലും 105.03 സ്‌ട്രൈക്ക് റൈറ്റിലും 1230 റണ്‍സ്. അവസാന നാല് ഏകദിനങ്ങളില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയുമടിച്ചിരുന്നു. 
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനു ശേഷം ഇന്ത്യന്‍ ടീം അഹമ്മദാബാദിലേക്ക് പോവും. അവിടെയാണ് 14 ന് പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന പോരാട്ടം. 

Latest News