തകര്‍ച്ചയില്‍ നിന്ന് കരകയറി, കോലിയെ കൈവിട്ടു, ഇന്ത്യ ജയത്തിലേക്ക്

ചെന്നൈ - ലോകകപ്പ് ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ അനായാസ ജയത്തിലേക്ക്. ഓസ്‌ട്രേലിയയുടെ എളുപ്പമെന്നു തോന്നിയ 200 റണ്‍സ് ലക്ഷ്യം പിന്തുടരവെ ഇന്ത്യക്ക് രണ്ടോവറില്‍ രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വിരാട് കോലിയെ പുറത്താക്കാന്‍ കിട്ടിയ സുവര്‍ണാവസരം മിച്ചല്‍ മാര്‍ഷ് സ്ലിപ്പില്‍ പാഴാക്കി. കോലിയും കെ.എല്‍ രാഹുലും ചേര്‍ന്ന് ടീമിനെ ജയത്തോടടുപ്പിക്കുകയാണ്. 
നാലാമത്തെ പന്തില്‍ ഇശാന്‍ കിഷനെ (0) മിച്ചല്‍ സ്റ്റാര്‍ക്ക് സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്റെ കൈയിലെത്തിച്ചു. രോഹിത് ശര്‍മയെ (0) ജോഷ് ഹെയ്‌സല്‍വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അതേ ഓവറില്‍ ശ്രേയസ് അയ്യരെ (0) ഷോര്‍ട് കവറില്‍ ഡേവിഡ് വാണര്‍ പിടിച്ചു. കോലിയും രാഹുലും സാവധാനം ഇന്നിംഗ്‌സ് പാളത്തില്‍ കയറ്റി. 21 പന്തില്‍ 12 ലെത്തി നില്‍ക്കെ ഹെയ്‌സല്‍വുഡിനെ കോലി എഡ്ജ് ചെയ്തത് മിച്ചലിന് പിടിക്കാനായില്ല. 
ക്രമേണ ഇരുവരും കരുത്താര്‍ജിച്ചു. പതിനേഴാം ഓവറില്‍ മൂന്ന് ബൗണ്ടറി പിറന്നതോടെ ആദ്യമായി രണ്ടക്ക റണ്‍സ് പിറന്ന ഓവര്‍ കണ്ടു. പിരിമുറുക്കം പൂര്‍ണമായി അയഞ്ഞു. 23 ഓവറില്‍ സ്‌കോര്‍ മൂന്നിന് 90 ലെത്തി. ഇരുവരും അര്‍ധ ശതകത്തോടടുക്കുകയാണ്. 
ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും പ്രയാസകരമായ മത്സരങ്ങളിലൊന്നെന്ന് കരുതപ്പെട്ട കളിയില്‍ മൂന്ന് പന്ത് ശേഷിക്കെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ 199 ന് പുറത്താക്കി. 
10.3 ഓവറില്‍ 50 പിന്നിട്ട ശേഷം ഓസീസ് ഇഴയുകയായിരുന്നു. രണ്ടിന് 110 ലെത്താന്‍ ഇരുപത്തേഴോവറോളം വേണ്ടി വന്നു. പിന്നീട് 30 റണ്‍സിന് അഞ്ചു വിക്കറ്റ് നിലംപൊത്തിയതോടെ ഓസീസ് പൂര്‍ണമായും പ്രതിരോധത്തിലായി. ഗ്ലെന്‍ മാക്‌സ്‌വെല്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും കുല്‍ദീപ് സ്റ്റമ്പുകള്‍ കടപുഴക്കി. 20-32 ഓവറുകള്‍ക്കിടയില്‍ ഒരു ഘട്ടത്തില്‍ ഒരു ബൗണ്ടറി പോലും പിറന്നില്ല. 
മിച്ചല്‍ മാര്‍ഷ് (0) മൂന്നാം ഓവറില്‍ പുറത്തായ ശേഷം ഡേവിഡ് വാണറും (52 പന്തില്‍ 41) സ്മിത്തും (71 പന്തില്‍ 46) ടീമിനെ കരകയറ്റിയതായിരുന്നു. എന്നാല്‍ മാര്‍നസ് ലാബുഷൈനെയും (41 പന്തില്‍ 27) അലക്‌സ് കാരിയെയും (0) മുപ്പതാം ഓവറില്‍ രവീന്ദ്ര ജദേജ പുറത്താക്കി. കാമറൂണ്‍ ഗ്രീനിനെ (8) ആര്‍ അശ്വിന്‍ മടക്കി. പാറ്റ് കമിന്‍സും (24 പന്തില്‍ 15) മിച്ചല്‍ സ്റ്റാര്‍ക്കുമാണ് (35 പന്തില്‍ 28) സ്‌കോര്‍ ഇരുനൂറിനോടടുപ്പിച്ചത്. 
ആറ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും വിക്കറ്റ് കിട്ടി. സ്പിന്നര്‍മാരായ ജദേജയും (10-2-28-3) കുല്‍ദീപ് യാദവും (10-0-42-2) അസ്വിനും (10-1-34-1) ആറ് വിക്കറ്റ് പങ്കുവെച്ചു. പെയ്‌സര്‍മാരായ ബുംറയും (10-0-35-2) മുഹമ്മദ് സിറാജും (6.3-1-26-1) ഹാര്‍ദിക് പാണ്ഡ്യയും (3-0-28-1) നാല് വിക്കറ്റെടുത്തു. 
എം.എ ചിദംബരം സ്റ്റേഡിയത്തില്‍ കളിച്ച മൂന്ന് ലോകകപ്പ് മത്സരങ്ങളും ഓസ്‌ട്രേലിയ ജയിച്ചിട്ടുണ്ട്. ഇന്ത്യക്ക് രണ്ട് കളികളില്‍ ഒരെണ്ണം ജയിക്കാനേ സാധിച്ചിരുന്നുള്ളൂ. 

Latest News