പഠനത്തോടൊപ്പം ജോലി എന്നത് ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുന്നു. ഉന്നത പഠനത്തിനായി വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവരെല്ലാം ജോലിയും പഠനവും ഒന്നിച്ചു കൊണ്ടുപോകുന്നവരാണ്. പകൽസമയം ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന വിദ്യാർഥികൾ സായാഹ്‌നങ്ങളിൽ ബിരുദ വിദ്യാർഥികൾക്ക് കഌസെടുത്ത് പണം സമ്പാദിക്കുന്ന ശീലം പാശ്ചാത്യരാജ്യങ്ങളിലെ സർവ്വകലാശാലകളിൽ നേരത്തെയുണ്ട്. ഒരു കാലത്ത് പഠനത്തിൽ മാത്രം മുഴുകിക്കഴിഞ്ഞിരുന്ന ശീലം ഇന്ന് നമ്മുടെ നാട്ടിലെ വിദ്യാർഥികളിലും അപൂർവ്വതയായിരിക്കുന്നു. വിദേശ പാരമ്പര്യം ഇവിടത്തുകാരെയും മാറ്റിയിരിക്കുകയാണ്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടുമെല്ലാം കാൾ സെന്ററുകളിലും പെട്രോൾ പമ്പുകളിലും സൂപ്പർ മാർക്കറ്റുകളിലുമെല്ലാം ജോലി ചെയ്യുന്ന നിരവധി വിദ്യാർഥികളെ കാണാം.
ഇത്തരം കാഴ്ചകളിലെ ഒരു അപൂർവ്വതയാണ് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നമുക്ക് കാണാനാവുന്നത്. യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർഥിയായ അഖിൽ കാർത്തികേയൻ പഠനചെലവിനുള്ള പണം കണ്ടെത്തുന്നത് പുറത്തു ജോലി ചെയ്തല്ല. മറിച്ച്, കോളേജ് കാന്റീനിൽ തന്നെ പൊറോട്ടയടിച്ചാണ്. അറിയാവുന്ന തൊഴിൽ തൊട്ടടുത്തുണ്ടാകുമ്പോൾ എന്തിന് പുറത്ത് ജോലിക്കു പോകണം എന്ന ചിന്താഗതിയാണ് ഈ വിദ്യാർഥി വച്ചുപുലർത്തുന്നത്.
വെളുപ്പിന് അഞ്ചര മണി മുതൽ ഒമ്പതര വരെ കാന്റീൻ ജീവനക്കാരനും പത്തു മണി മുതൽ സായാഹ്നം വരെ യൂണിവേഴ്‌സിറ്റി വിദ്യാർഥിയുമാണ് അഖിൽ. കാന്റീനിലെ ജോലി കഴിഞ്ഞാൽ കോളേജ് ഹോസ്റ്റലിലേക്കുള്ള ഓട്ടമാണ്.
കുളി കഴിഞ്ഞ് വസ്ത്രം മാറി പത്തു മണിയാകുമ്പോഴേയ്ക്കും മലയാളം ഡിപ്പാർട്ടുമെന്റിൽ ഹാജരാകും. രജിസ്റ്ററിൽ ഒപ്പുവച്ച് നേരെ ക്ലാസിലേക്ക്. ഡോ. വൽസലൻ വാതുശ്ശേരിയുടെ മാർഗനിർദ്ദേശത്തിൽ മലയാള സിനിമയുടെ 'ഭാവുകത്വ പരിണാമവും വിപണി രാഷ്ട്രീയവും' എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുന്നത്. കേൾക്കുന്നവർക്ക് വൈരുദ്ധ്യമെന്നു തോന്നാമെങ്കിലും പൊറാട്ടയടിക്കാരനും ഗവേഷകനാകാമെന്നു തെളിയിക്കുകയാണ് മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ ഈ ഗവേഷകവിദ്യാർഥി.
പൊറാട്ടയടി എളുപ്പമുള്ള ജോലിയാണെന്നു തോന്നിയാൽ നിങ്ങൾക്കു തെറ്റി. നല്ല കായികാദ്ധ്വാനം ആവശ്യമുള്ള ജോലിയാണിത്. ചുട്ടെടുക്കുന്ന പൊറോട്ടകൾ ചൂടാറാതെ ചുറ്റിലും അടിച്ചു പതംവരുത്തി മൃദുവാക്കണം. ഉളളംകൈകൾ വെന്തു വിറങ്ങലിച്ചുപോകും. പതിനഞ്ചു കിലോ മാവിന്റെ പൊറാട്ട ചുട്ടെടുക്കാനും അടിച്ചു പതം വരുത്തുന്നതും അത്ര നിസ്സാരമുള്ള പണിയല്ല. എങ്കിലും പഠനചെലവിനും താമസചെലവിനുമുള്ള പണം കണ്ടെത്താൻ മറ്റു വഴികളൊന്നുമില്ലാത്തതിനാൽ ഈ ജോലിയിൽ തുടരുന്നു. പറയുമ്പോൾ അഖിലിന്റെ കണ്ണുകളിൽ അധ്വാനിച്ചു ജീവിക്കുന്നതിന്റെ തിരയിളക്കം കാണാം.
കൂട്ടുകാർ പലരും ഉറക്കത്തിലായിരിക്കുമ്പോഴാണ് അഖിലിന്റെ ജോലി ആരംഭിക്കുന്നത്. ഗവേഷക വിദ്യാർഥികളുടെ ഹോസ്റ്റലായ സൗപർണികയിൽനിന്നും അഖിൽ നേരെയെത്തുന്നത് കാന്റീനിലെ അടുക്കളയിലാണ്. ഏപ്രൺ ധരിച്ചാണെത്തുക. മൈദയും കോഴിമുട്ടയും എണ്ണയും പാലും പഞ്ചസാരയും ഉപ്പും യീസ്റ്റുമെല്ലാം ആവശത്തിനുള്ള അളവിലെടുത്ത് കൂട്ടിക്കുഴയ്ക്കും. കുറച്ചുകാലമായി അഖിലിന്റെ ജീവിതം തുടങ്ങുന്നതിങ്ങനെ. ഒരു ദിവസം മുന്നൂറിൽ കൂടുതൽ പൊറാട്ട വേണം. പ്രഭാത ഭക്ഷണമായാണ് പലരും പൊറോട്ട കഴിക്കുന്നത്. മാവു കുഴച്ചുവച്ച് അര മണിക്കൂറോളം പുളിക്കാൻ വയ്ക്കും. കുഴച്ച മാവ് ലോലമായ പാളികളാക്കിയെടുക്കുന്നതിലാണ് മിടുക്ക്. മാവ് നന്നായി പരത്തി വീശിയാലാണ് ഇത്തരം പാളികൾ രൂപപ്പെടുന്നത്. ഈ പാളികൾ പൊട്ടിപ്പോകാതെ ശ്രദ്ധിക്കണം. കത്തി കൊണ്ടു രണ്ടായി കീറിയെടുക്കുന്നവ ചുരുട്ടി കൈകൊണ്ട് പരത്തിയെടുക്കുകയാണ് ചെയ്യുന്നത്. പൊറോട്ട നിർമ്മാണത്തിലെ വൈദഗ്ധ്യം വിളിച്ചോതുകയാണ് ഈ ഗവേഷകൻ.
കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടിയിലാണ് വീട്. അച്ഛൻ കാർത്തികേയും അമ്മ ലീലയും കൂലിപ്പണിക്കാരാണ്. ആനയടി ക്ഷേത്രത്തിനു സമീപമുള്ള ചായക്കടയിൽ പൊറോട്ട അടിക്കുന്നത് കണ്ട അന്നത്തെ എട്ടാം ക്ലാസുകാരന്റെ മനസ്സിൽ തോന്നിയ ആഗ്രഹമാണ് അഖിലിനെ ഇവിടെ വരെയെത്തിച്ചത്. അവിടെ പൊറോട്ട അടിച്ചിരുന്ന സുരഷേട്ടനാണ് തനിക്ക് ഈ തൊഴിൽ പരിശീലിപ്പിച്ചുതന്നതെന്ന് അഖിൽ പറയുന്നു. കുറച്ചുനാളത്തെ പരിശ്രമത്തിനുശേഷം ഹോട്ടലിൽ പൊറാട്ട അടിക്കുന്ന തൊഴിൽ അഖിൽ നേടിയെടുത്തു. രാവിലെ പൊറാട്ട അടിച്ചതിനുശേഷമായിരുന്നു അക്കാലത്ത് സ്‌കൂളിൽ പോയിരുന്നത്. കൂടാതെ ചായ അടിക്കാനും പഠിച്ചു.
പത്താം കഌസിലെ പഠനകാലത്ത് ഇഷ്ടിക ലോഡിങ്ങിന് പോയിത്തുടങ്ങി. ഇതിനിടയിൽ ടിപ്പറിൽ കഌനറായും മൈക്ക് സെറ്റ് വർക്കിനും പോയി. ശൂരനാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്‌ളസ് ടു പഠനകാലത്ത് പെയിന്റിങ്ങും തേപ്പുപണിയുമെല്ലാം ചെയ്യുമായിരുന്നു. പഌസ് ടു പഠനത്തിനുശേഷം ചെങ്ങന്നൂർ, ഭരണിക്കാവ് റൂട്ടിലോടുന്ന ബസിൽ കഌനറായും കണ്ടക്ടറായും ജോലി നോക്കവേയാണ് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽനിന്നും ബിരുദപഠനത്തിനുള്ള പ്രവേശനം ലഭിക്കുന്നത്. തുടർന്ന് വൈകീട്ടു മുതൽ രാത്രി വരെ പാർട് ടൈമായി ബസിൽ ജോലി ചെയ്തു. ഡിഗ്രി പഠനകാലം മുഴുവൻ ബസിൽതന്നെയായിരുന്നു ജോലി നോക്കിയത്. പഠനകാലത്ത് കോളേജ് യൂണിയനിൽ ആർട്‌സ് ക്ലബ്ബ് സെക്രട്ടറിയുമായി. ശാസ്താംകോട്ട ഡി.ബി കോളേജിൽ എം.എക്ക് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക പരാധീനത തന്നെ കാരണം. ഒരു വർഷത്തോളം ഫിനാൻസ് കമ്പനിയിൽ ജോലിയും നോക്കി.
ഇടതുപക്ഷ സഹയാത്രികനായിരുന്ന അഖിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ആനയടി വാർഡിൽ മെമ്പറായിട്ടുണ്ട്. ഇക്കാലത്തായിരുന്നു കിലയിൽനിന്നും പി.ജി. ഡിപ്‌ളോമ സമ്പാദിച്ചത്. ബിരുദധാരികളായ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ചതായിരുന്നു ഈ കോഴ്‌സ്. ചൈൽഡ് ഫ്രണ്ട്‌ലി ലോക്കൽ ഗവേണൻസ് എന്ന വിഷയത്തിൽ നടത്തിയ പഠനത്തിന് കേരളത്തിൽനിന്നും നാല്പതു പേർക്കായിരുന്നു അവസരം ലഭിച്ചത്.
പഠിച്ച വിഷയത്തിൽതന്നെ ബിരുദാനന്തര ബിരുദം എന്ന മോഹമാണ് അഖിലിനെ കാലടി സംസ്‌കൃത സർവ്വകലാശാലയുടെ പഠന പ്രാദേശിക കേന്ദ്രത്തിലെത്തിച്ചത്. ഇവിടെനിന്നും ബിരുദാനന്തര ബിരുദം നേടിയതിനുശേഷമാണ് കാലടി ശ്രീശങ്കരാചാര്യയിൽ ഗവേഷണ പഠനത്തിനെത്തിയത്. അഞ്ചുവർഷം നീളുന്ന ഗവേഷണ പഠനത്തിൽ ഇത് മൂന്നാം വർഷമാണ്.
നല്ലൊരു ചിത്രകാരനും ഗായകനും കൂടിയാണ് അഖിൽ. കുട്ടിക്കാലംതൊട്ടേ സിനിമയോട് ഇഷ്ടക്കൂടുതലുണ്ടായിരുന്നു. ധാരാളം സിനിമ കാണുമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിഷയംതന്നെ ഗവേഷണത്തിന് തിരഞ്ഞെടുക്കാൻ പ്രേരണയായതും സിനിമയോടുള്ള ഇഷ്ടം കൊണ്ടുകൂടിയായിരുന്നു. ഗവേഷണ വിദ്യാർഥികൾക്കായി സർക്കാർ ധനസഹായമായി ഇ. ഗ്രാന്റ് സ്‌കോളർഷിപ്പ് തുക ലഭിക്കുന്നുണ്ടെങ്കിലും പലപ്പോഴും വൈകിയാണെത്തുന്നത്. മൂന്നുമാസത്തോളമായി കിട്ടുന്നുമില്ല. അതുകൊണ്ടുതന്നെ പൊറാട്ട അടിക്കുന്നതിൽനിന്നും ലഭിക്കുന്ന വരുമാനമാണ് ആശ്വാസധനമായി മാറുന്നത്. ഹോസ്റ്റൽ ബില്ലും മെസ് വാടകയും അടയ്ക്കാനാകുന്നതും ഈ തൊഴിലുള്ളതുകൊണ്ടാണ്. വിശദമായ പഠനത്തിനായി തിരുവനന്തപുരത്തെ സെൻട്രൽ ലൈബ്രറിയിലേയ്ക്കും യാത്ര ആവശ്യമായി വരും. അതിനുള്ള ചെലവും ഇതിൽ നിന്നാണ് കണ്ടെത്തുന്നത്. ഗവേഷണ സംഘടനയായ ആൾ കേരളാ റിസർച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്റെ കൺവീനറും സംസ്ഥാന കമ്മിറ്റി അംഗവുമെല്ലാമായ അഖിൽ പറയുന്നു.
പാറശ്ശാലക്കാരിയായ അനുശ്രീ ചന്ദ്രനാണ് അഖിലിന്റെ കൂട്ട്. എഴുത്തുകാരിയും ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിൽ ഗവേഷകയുമാണ് അനുശ്രീ. പ്രേമവിവാഹമൊന്നുമായിരുന്നില്ല. നേരത്തെ പരിചയമുണ്ടായിരുന്നു. അഞ്ചുമാസം മുൻപായിരുന്നു വിവാഹം. അനുശ്രീയും ഈ ഉദ്യമത്തിന് നല്ല സഹകരണമാണ് നൽകുന്നത്. അഖിലിന് ഒരു സഹോദരൻ കൂടിയുണ്ട്. ഡി.സി.എ വിദ്യാർഥിയായ അമൽ.






