ന്യൂദല്‍ഹി - ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയ ദക്ഷിണാഫ്രിക്ക എന്നും കൈവിട്ടുപോവുന്ന കിരീടത്തിലേക്ക് വലതുകാല്‍ വെച്ചു. ശ്രീലങ്കക്കെതിരെ മൂന്ന് പേര്‍ സെഞ്ചുറി നേടിയതോടെ പ്രോടിയേഴ്‌സ് അടിച്ചെടുത്തത് അഞ്ചിന് 428 റണ്‍സാണ്. മറുപടിയായി ഒരു റണ്ണെടുക്കുമ്പോഴേക്കും ഓപണര്‍ പത്തും നിസങ്കയെ (0) മാര്‍ക്കൊ യാന്‍സന്‍ ആദ്യ പന്തില്‍ പുറത്താക്കിയെങ്കിലും കരളുറപ്പോടെ ശ്രീലങ്ക പൊരുതി. 44.5 ഓവറില്‍ 326 ന് ഓളൗട്ടായ അവര്‍ തോല്‍വി 102 റണ്‍സിലൊതുക്കി.
ഇരട്ട ബൗണ്ടറിയുമായി തുടങ്ങിയ ക്യാപ്റ്റന്‍ തെംബ ബവൂമ (8) രണ്ടാം ഓവറില്‍ പുറത്തായ ശേഷം ക്വിന്റന്‍ ഡികോക്കും (84 പന്തില്‍ 100) റാസി വാന്‍ഡര്‍ഡസനും (110 പന്തില്‍ 108) രണ്ടാം വിക്കറ്റില്‍ 29 ഓവറില്‍ നേടിയ 204 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ കൊടുങ്കാറ്റ് ഇന്നിംഗ്‌സിന്റെ അടിത്തറ. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡികോക്ക് പുറത്തായ ശേഷം അയ്ദന്‍ മാര്‍ക്‌റം അഴിഞ്ഞാടി. മൂന്ന് സിക്‌സറും 14 ബൗണ്ടറിയുമായി 54 പന്തില്‍ മാര്‍ക്‌റം 106 റണ്‍സെടുത്തു. പിന്നീട് വന്ന ഹയ്ന്റിക് ക്ലാസനും (20 പന്തില്‍ 32) ഡേവിഡ് മില്ലറും (21 പന്തില്‍ 39 നോട്ടൗട്ട്) യാന്‍സനും (7 പന്തില്‍ 12 നോട്ടൗട്ട്) ചെറു വെടിക്കെട്ടുകള്‍ നടത്തി.
മാര്‍ക്‌റം 49 പന്തില്‍ നേടിയ സെഞ്ചുറി ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയതാണ്. മില്ലറും ക്ലാസനും 41 പന്തില്‍ 71 റണ്‍സോടെ ഒടുക്കവും ഗംഭീരമാക്കി. ക്യാപ്റ്റന്‍ ദസുന്‍ ഷാനകയൊഴികെ എല്ലാ ബൗളര്‍മാരും എട്ടിന് മുകളില്‍ നിരക്കില്‍ റണ്‍സനുവദിച്ചു.
ശ്രീലങ്കന്‍ നിരയില്‍ കുശാല്‍ പെരേരയും (42 പന്തില്‍ 76) ചരിത അസലെങ്കയും (65 പന്തില്‍ 79) ക്യാപ്റ്റന്‍ ദസുന്‍ ഷാനകയും (62 പന്തില്‍ 68) അര്‍ധ ശതകം നേടി.






