ഉറങ്ങുന്ന ലോകകപ്പിന് ആവേശം പകരാന്‍ ഇന്ത്യ

ഇന്ത്യ x ഓസ്‌ട്രേലിയ
ചെന്നൈ, നാളെ സൗദി സമയം 12.30

ചെന്നൈ - കാണികള്‍ കൈവിട്ട മൂന്നു ദിനത്തിനു ശേഷം ഇന്ത്യന്‍ ടീം പാഡ് കെട്ടുന്നതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഞായറാഴ്ച ജീവന്‍ വെക്കും. കിരീടമല്ലാത്തതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരാജയമായി വിലയിരുത്തപ്പെടുന്ന ലോകകപ്പില്‍ ആദ്യ മത്സരം ആതിഥേയര്‍ക്ക് എളുപ്പമാവില്ല. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്രിക്കറ്റ് വാണ ഓസ്‌ട്രേലിയന്‍ ടീമുകള്‍ക്കൊപ്പം വരില്ല പാറ്റ് കമിന്‍സിന്റെ നിര. അവരുടെ സ്പിന്നാക്രമണത്തിന് ആഴമില്ല. എങ്കിലും ലോകകപ്പില്‍ ഓസീസിനെ ആര്‍ക്കും എഴുതിത്തള്ളാനാവില്ല. 
ചെപ്പോക്കില്‍ സ്പിന്നിന് വലിയ സ്വാധീനമുണ്ടെന്നിരിക്കെ ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ ഗ്രൗണ്ടില്‍ ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റു ഗ്രൗണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി നല്ല കളിയെ പ്രോത്സാഹിപ്പിക്കുന്നവരാണ് ചെന്നൈക്കാര്‍. ചെപ്പോക്ക് ഗ്രൗണ്ടില്‍ പതിച്ച ചിത്രങ്ങളിലൊന്ന് 1999 ലെ പാക്കിസ്ഥാന്റെ അവിസ്മരണീയ ടെസ്റ്റ് വിജയവും ആ വിജയത്തെ ചെന്നൈ കാണികള്‍ അഭിനന്ദിക്കുന്നതുമാണ്. 
ഹാര്‍ദിക് പാണ്ഡ്യയും ഗ്ലെന്‍ മാക്‌സ്‌വെലുമായിരിക്കും ഇരു ടീമുകളുടെയും തുറുപ്പുചീട്ടുകള്‍. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും കളി തിരിക്കാന്‍ കെല്‍പുള്ളവരാണ് ഇരുവരും. അവരുടെ സാന്നിധ്യം ടീമിന് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നു. ഹാര്‍ദിക് മൂന്നാം പെയ്‌സ്ബൗളറായി ഉണ്ടാവുന്നതിനാല്‍ ഇന്ത്യക്ക് മൂന്നാമതൊരു സ്പിന്നറെ കൂടി കളിപ്പിക്കാന്‍ സാധിക്കും. 
ശുഭ്മന്‍ ഗില്ലിന്റെ ഡെങ്കിപ്പനി ഭേദമായിട്ടില്ലെന്നാണ് സൂചന. എങ്കില്‍ രോഹിത് ശര്‍മക്കൊപ്പം ഇശാന്‍ കിഷന്‍ ഓപണറായി വരും. എട്ടാം നമ്പറായി ആര്‍. അശ്വിനോ ശാര്‍ദുല്‍ താക്കൂറോ എന്നതും ചര്‍ച്ചാവിഷയമാണ്. അശ്വിനാണ് സാധ്യത കൂടുതല്‍. പ്രാഥമിക ടീം പ്രഖ്യാപിക്കുമ്പോള്‍ പോലും ചിത്രത്തിലില്ലാതിരുന്ന അശ്വിന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നേടുന്നതു തന്നെ ഒരു വാര്‍ത്തയാണ്. മാര്‍ക്കസ് സ്‌റ്റോയ്‌നിസിന്റെ പരിക്കാണ് ഓസീസിനെ അലട്ടുന്നത്. 
സന്തുലിതമായ പിച്ചാണ് ചെപ്പോക്കിലേത്. അവസാന എട്ട് ഏകദിനങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ഒരു ടീമും മുന്നൂറിലെത്തിയിട്ടില്ല. ആദ്യം ബാറ്റ് ചെയ്ത ടീം ആറു തവണയും ജയിച്ചു. 
ചെപ്പോക്കില്‍ ഏഴ് ലോകകപ്പ് മത്സരം നടന്നിട്ടുണ്ട്. മൂന്നിലും ഓസ്‌ട്രേലിയയായിരുന്നു ഒരു വശത്ത്. മൂന്നും അവര്‍ ജയിച്ചു. 1987 ല്‍ ഇന്ത്യയെ ഒരു റണ്ണിനും സിംബാബ്‌വെയെ 97 റണ്‍സിനും കീഴടക്കി. 1996 ലെ സെമിഫൈനലില്‍ ന്യൂസിലാന്റിനെ തോല്‍പിച്ചു. ഇന്ത്യ രണ്ട് ലോകകപ്പ് മത്സരങ്ങളേ ഇവിടെ കളിച്ചിട്ടുള്ളൂ. രണ്ടാമത്തേത് 2011 ല്‍ വെസ്റ്റിന്‍ഡീസിനെ 80 റണ്‍സിന് തോല്‍പിച്ചതാണ്.
 

Latest News