വിവാദങ്ങള്‍ക്കിടയില്‍ കബഡി സ്വര്‍ണം, ക്രിക്കറ്റിലും ഷട്ടിലിലും ചരിത്ര നേട്ടം

ഹാങ്ചൗ - വിവാദം കാരണം ഏറെ നേരം കളി മുടങ്ങിയ ഫൈനലില്‍ ഇറാനോട് കണക്കുതീര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ഗെയിംസിലെ കബഡി സ്വര്‍ണം വീണ്ടെടുത്തു. അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യയെ സെമിയില്‍ തോല്‍പിച്ച് ഇറാന്‍ പുരുഷ സ്വര്‍ണം നേടിയിരുന്നു. വനിതാ വിഭാഗം ഫൈനലിലും അവര്‍ ഇന്ത്യയെ കീഴടക്കി. ഇത്തവണ രണ്ട് സ്വര്‍ണവും ഇന്ത്യ വീണ്ടെടുത്തു. ഏറ്റവുമധികം മെഡലുകള്‍ നിശ്ചയിക്കപ്പെടുന്ന ശനിയാഴ്ച ക്രിക്കറ്റിലും പുരുഷ ബാഡ്മിന്റണ്‍ ഡബ്ള്‍സിലും ഇന്ത്യ ചാമ്പ്യന്മാരായി. അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മഴ കാരണം തടസ്സപ്പെട്ടതോടെ ഇന്ത്യയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. ബാഡ്മിന്റണില്‍ സാത്വിക് സായ് രാജ് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം കൊറിയന്‍ ജോഡിയെ ഫൈനലില്‍ തോല്‍പിച്ചു. 
ബഡിയില്‍ വനിതാ ടീം ആവേശകരമായ ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ 26-25 ന് തോല്‍പിച്ചു. ഇടവേളയില്‍ ഇന്ത്യക്ക് 14-9 ലീഡുണ്ടായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ചൈനീസ് തായ്‌പെയ് അതിശക്തമായി തിരിച്ചുവന്നു.
അമ്പെയ്ത്തിന്റെ പുരുഷ കോമ്പൗണ്ടില്‍ ഇന്ത്യന്‍ കളിക്കാരാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അഭിഷേക് വര്‍മയെ 60-59 ന് തോല്‍പിച്ച് പ്രവീണ്‍ ഓജസ് സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ വ്യക്തിഗത കോമ്പൗണ്ടില്‍ തെക്കന്‍ കൊറിയയുടെ ചെവോണ്‍ സോയെ 149-145 ന് തോല്‍പിച്ച് ജ്യോതി സുരേഖ വന്നാം ചാമ്പ്യനായി. ഇന്ത്യയുടെ തന്നെ അതിഥി ഗോപിചന്ദ് സ്വാമിക്കാണ് വെങ്കലം. ഇന്തോനേഷ്യയുടെ റതീഹ് സിലിസാതി ഫദലിയെ തോല്‍പിച്ചു.
ഇന്ത്യയുടെ പുരുഷ ചെസ് ടീമും ഗുസ്തിയില്‍ ദീപക് പൂനിയയും വെള്ളി കരസ്ഥമാക്കി. വനിതാ ഹോക്കിയില്‍ വെങ്കലം ലഭിച്ചു.
 

Latest News