ഇഞ്ചുറി ടൈം ഗോള്‍; അന്നസ്‌റിന് തിരിച്ചടി

റിയാദ് - സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ ഏഴാം ജയം നേടാനുള്ള സുവര്‍ണാവസരം അന്നസ്ര്‍ പാഴാക്കി. ഇഞ്ചുറി ടൈം ഗോളില്‍ അന്നസ്‌റിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ അബഹ 2-2 ന് തളച്ചു. ജിദ്ദ ടീമുകളുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിനെ അല്‍അഹ്‌ലി 1-0 ന് തോല്‍പിച്ചു. 
അല്‍അവ്വല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ മൂന്നാം മിനിറ്റില്‍ തന്നെ ഒടാവിയോയിലൂടെ അന്നസ്ര്‍ മുന്നിലെത്തിയിരുന്നു. ഇരുപത്തെട്ടാം മിനിറ്റില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ആന്‍ഡേഴ്‌സന്‍ ടാലിസ്‌കയും ഗോള്‍ നേടി. മുപ്പത്തെട്ടാം മിനിറ്റില്‍ സഅദ് ബാഖിറിന്റെ പെനാല്‍ട്ടി ഗോളിലൂടെയാണ് അബഹ തിരിച്ചുവരവിന് തുടക്കമിട്ടത്. ഇഞ്ചുറി ടൈമില്‍ കാള്‍ തോകൊ എകാംബി സമനില ഗോള്‍ നേടി. നിരവധി അവസരങ്ങളാണ് അന്നസ്ര്‍ തുലച്ചത്. 
ഇത്തിഹാദിനെ കിംഗ് അബ്ദുല്ല സ്‌റ്റേഡിയത്തില്‍ നടന്ന ഹോം മത്സരത്തില്‍ അല്‍ അഹ്‌ലി ഞെട്ടിച്ചു. മുപ്പത്തൊന്നാം മിനിറ്റില്‍ ഫ്രാങ്ക് കെസി ഗോള്‍ നേടി. 
ഒമ്പത് കളികളില്‍ 22 പോയന്റുള്ള അത്തആവുനാണ് ലീഡ് ചെയ്യുന്നത്. അല്‍ഹിലാലിന് എട്ട് കളികളില്‍ 20 പോയന്റുണ്ട്. അന്നസ്‌റിനും ഇത്തിഹാദിനും അഹ്‌ലിക്കും ഒമ്പത് കളികളില്‍ 19 പോയന്റ് വീതമാണ്.
 

Latest News