ഹാങ്ചൗവില്‍ ഇന്ത്യ 100 തൊടും

ഹാങ്ചൗ - ഒരു സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവും സ്വന്തമാക്കിയതോടെ ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യന്‍ മെഡല്‍നേട്ടം 100 തൊടുമെന്നുറപ്പായി. ഔദ്യോഗികമായി ഇന്ത്യക്ക് 22 സ്വര്‍ണവും 34 വെള്ളിയും 39 വെങ്കലവുമായി 95 മെഡലുകളാണ്. എന്നാല്‍ ഏതാനും ഇനങ്ങളില്‍ ഇന്ത്യ മെഡലുറപ്പാക്കി നാളെ മത്സരത്തിനിറങ്ങുന്നുണ്ട്. രണ്ടാഴ്ച നീണ്ട ഏഷ്യന്‍ കായിക മാമാങ്കത്തിന് മറ്റന്നാള്‍ തിരിയണയുകയാണ്. ഹാങ്ചൗ ഇന്ത്യന്‍ കായികചരിത്രത്തിലെ നാഴികക്കല്ലായി മാറും. ഏഷ്യന്‍ സ്‌പോര്‍ട്‌സില്‍ ഇനി അവഗണിക്കാനാവില്ലെന്ന് തെളിയിച്ച് ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. ജക്കാര്‍ത്തയില്‍ 16 സ്വര്‍ണമുള്‍പ്പെടെ ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു.
ഇന്ന് എട്ട് മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവും. ബാഡ്മിന്റണ്‍ പുരുഷ ഡബ്ള്‍സിലും പുരുഷ ക്രിക്കറ്റിലും കബഡിയിലും ഇന്ത്യ നാളെ ഫൈനല്‍ കളിക്കും. ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനുമായാണ് ഫൈനല്‍. കബിഡി ഫൈനലില്‍ പുരുഷ ടീം നിലവിലെ ചാമ്പ്യന്മാരായ ഇറാനുമായും വനിതാ ടീം ചൈനീസ് തായ്‌പെയുമയും ഏറ്റുമുട്ടും. ചെസ്സില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. ഗുസ്തിയിലും ഇന്ത്യന്‍ താരങ്ങള്‍ ഗോദയിലിറങ്ങും. 

ഗുസ്തിയില്‍ മൂന്ന് മെഡല്‍
ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ തോല്‍പിച്ച് പുരുഷ ടീം ചാമ്പ്യന്മാരായി. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ റീകേര്‍വിലും പുരുഷന്മാരുടെ ബ്രിഡ്ജിലും വെള്ളി നേടി. ഗുസ്തിയില്‍ മൂന്ന് വെങ്കലം ലഭിച്ചു. 
ബ്രിഡ്ജില്‍ രാജു തോലാനി, അജയ്പ്രഭാകര്‍, രാജേശ്വര്‍ തിവാരി എന്നിവരുള്‍പ്പെട്ട സംഘം ഹോങ്കോംഗിനോട് ഫൈനലില്‍ തോറ്റു. അമ്പെയ്ത്ത് റീകേര്‍വില്‍ അതാനു ദാസ്, ധീരജ് ബൊമ്മദേവര, തുഷാര്‍ പ്രഭാകര്‍ എന്നിവരുള്‍പ്പെട്ട ടീം ഫൈനലില്‍ തെക്കന്‍ കൊറിയയോട് തോറ്റു. അങ്കിത ഭകട്, ഭജന്‍ കൗര്‍, സിംരഞ്ജീത് കൗര്‍ എന്നിവരുള്‍പ്പെട്ട വനിതാ ടീം സെമിയില്‍ വിയറ്റ്‌നാമിനോട് തോറ്റ് വെങ്കലം നേടി. 
ഗുസ്തിയില്‍ അമന്‍, കിരണ്‍, സോനം എന്നിവരാണ് വെങ്കലം കരസ്ഥമാക്കിയത്. 57 കിലൊ വിഭാഗത്തില്‍ അമന്‍ ചൈനയുടെ ലിയു മിന്‍ഗുവിനെ തോല്‍പിച്ചു. വനിതകളുടെ 76 കിലൊ വിഭാഗത്തില്‍ കിരണ്‍ മംഗോളിയയുടെ അരിയുന്‍ജാര്‍ഗ ഗാന്‍ബത്തിനെയും 62 കിലൊ വിഭാഗത്തില്‍ സോനം ചൈനയുടെ ജിയ ലോംഗിനെയും കീഴടക്കി. 

വെങ്കലത്തിളക്കത്തില്‍ പ്രണോയ്,
ബാഡ്മിന്റണില്‍ രണ്ട മെഡല്‍


ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ബാഡ്മിന്റണില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍. പുരുഷ ഡബ്ള്‍സില്‍ ലോക രണ്ടാം നമ്പര്‍ ജോഡി രംഗിറെഡ്ഢിയും ചിരാഗ് ഷെട്ടിയും ഫൈനലിലെത്തി. എന്നാല്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം എച്ച്.എസ് പ്രണോയ് പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ തോറ്റു. പ്രണോയ്ക്ക് വെങ്കലം ലഭിച്ചു. 
മലേഷ്യയുടെ ആരണ്‍ ചിയ-വൂയ് യിക് സോ ജോഡിയെ അനായാസം തോല്‍പിച്ചാണ് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലിലെത്തിയത് (21-17, 21-12). തെക്കന്‍ കൊറിയയുടെ ചോയ് സോല്‍ ഗ്യു-കിം വോണ്‍ ഹോ സഖ്യത്തെ അവര്‍ ഫൈനലില്‍ നേരിടും. ആതിഥേയ ജോഡി ലീ യാംഗ്-വാംഗ് ചി-ലിന്‍ ജോഡിയെയാണ് കൊറിയന്‍ സഖ്യം 21-12, 21-10 ന് തകര്‍ത്തത്. 

ഏഷ്യാഡ് മെഡല്‍ പട്ടിക
ടീം, സ്വര്‍ണം, വെള്ളി, വെങ്കലം, ആകെ
ചൈന            187    104    63    354
ജപ്പാന്‍            47    57    65    169    
തെ. കൊറിയ    36    49    84    169
ഇന്ത്യ                22    34    39    95
ഉസ്‌ബെക്കിസ്ഥാന്‍    20    18    26    64
ചൈനീസ് തായ്‌പെയ്    17    16    25    58
വ. കൊറിയ    11    18    10    39
തായ്‌ലന്റ്    110    14    30    54

Latest News