ഏഷ്യാഡ് ഫുട്‌ബോളില്‍ ജപ്പാന് സ്വര്‍ണം

ഹാങ്ചൗ - ഏഷ്യൻ ഗെയിംസിന്റെ വനിതാ ഫുട്‌ബോളിൽ വടക്കൻ കൊറിയയെ 4-1 ന് തകർത്ത് ജപ്പാൻ ചാമ്പ്യന്മാരായി. കാണികളുടെ നിറഞ്ഞ പിന്തുണ വടക്കൻ കൊറിയക്കായിരുന്നു. മുപ്പത്തയ്യായിരത്തിലേറെ പേർ ഇരുന്ന ഗാലറിയിൽ നിന്ന് ജപ്പാൻ താരങ്ങൾക്കെതിരെ കനത്ത കൂവിവിളിയുയർന്നു. ഇടവേളയിൽ 1-1 ന് പോയ ശേഷം ജപ്പാൻ ആക്രമണങ്ങളുമായാണ് രണ്ടാം പകുതി തുടങ്ങിയത്. ആറ് മിനിറ്റിനിടെ അവർ നേടിയ മൂന്നു ഗോളാണ് ഗാലറിയെ നിശ്ശബ്ദമാക്കിയത്. ഹാറുകൊ ഒസാവ, മോമോകൊ താനികാവ, റെമീന ചിബ എന്നിവരാണ് സ്‌കോർ ചെയ്തത്. 
കഴിഞ്ഞ നാല് ഏഷ്യൻ ഗെയിംസിൽ മൂന്നാം തവണയാണ് ജപ്പാൻ ചാമ്പ്യന്മാരാവുന്നത്. വടക്കൻ കൊറിയ മുമ്പ് മൂന്നു തവണ ചാമ്പ്യന്മാരായിട്ടുണ്ട്. ഉസ്‌ബെക്കിസ്ഥാനെ 7-0 ന് തകർത്ത് ആതിഥേയരായ ചൈന വെങ്കലം നേടി. 
പുരുഷ ഫൈനലിൽ ഇന്ന് ജപ്പാനും തെക്കൻ കൊറിയയും ഏറ്റുമുട്ടും. വെങ്കല മെഡലിനായി ഉസ്‌ബെക്കിസ്ഥാനും ഹോങ്കോംഗും മത്സരിക്കും. വടക്കൻ കൊറിയയും ചൈനയും ക്വാർട്ടർ ഫൈനലിൽ പുറത്തായി. 
പുരുഷ ബാസ്‌കറ്റ്‌ബോളിൽ ഫിലിപ്പൈൻസ് ചാമ്പ്യന്മാരായി. ജോർദാനെയാണ് അവർ ഫൈനലിൽ തോൽപിച്ചത്.
 

Latest News