ഡെങ്കിപ്പനി ബാധിച്ച് ഗില്‍, ഇന്ത്യക്ക് കനത്ത തിരിച്ചടി

ചെന്നൈ - ലോകകപ്പില്‍ ഇന്ത്യ ഞായറാഴ്ച ആദ്യ മത്സരം കളിക്കാനിരിക്കെ ടീമിന് മോശം വാര്‍ത്ത. ഓപണര്‍ ശുഭ്മന്‍ ഗില്ലിന്് ഡെങ്കിപ്പനി ബാധിച്ചിരിക്കുകയാണ്. ഈ വര്‍ഷം അഞ്ച് സെഞ്ചുറി നേടി ഉജ്വല ഫോമില്‍ തുടരുന്ന ഗില്ലിന് ഓസ്‌ട്രേലിയക്കെതിരായ മത്സരം കളിക്കാനാവില്ലെന്നാണ് സൂചന. ഗില്ലിനു പകരം ഇശാന്‍ കിഷനോ കെ.എല്‍ രാഹുലോ ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യും. 
ബുധനാഴ്ചയും വ്യാഴാഴ്ചയും ഇന്ത്യന്‍ ടീം എം.എ ചിദംബരം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയെങ്കിലും ഗില്‍ പങ്കെടുത്തിരുന്നില്ല. ജലദോഷപ്പനിയാണെന്നാണ് ആദ്യം കരുതിയത്. 
ഈ വര്‍ഷം ഏകദിനങ്ങളില്‍ ഏറ്റവുമധികം റണ്‍സെടുത്ത കളിക്കാരനാണ് ഗില്‍, 1230 റണ്‍സ്. 72.35 ആണ് ബാറ്റിംഗ് ശരാശരി. 105.03 സ്‌ട്രൈക്ക് റൈറ്റും. അവസാന അഞ്ച് ഏകദിനങ്ങളില്‍ നാല് സെഞ്ചുറിയും ഒരു അര്‍ധ ശതകവും നേടി. അതില്‍ രണ്ടെണ്ണം ഓസ്‌ട്രേലിയക്കെതിരെയാണ്. 
ഇശാന്‍ ഈ വര്‍ഷം അഞ്ച് ഏകദിനങ്ങളില്‍ ഓപണറായിരുന്നു. അതില്‍ മുന്നില്‍ അര്‍ധ ശതകം നേടിയിരുന്നു. അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്ത് പാക്കിസ്ഥാനെതിരെ 82 റണ്‍സെടുത്തു. രാഹുല്‍ അവസാനം ഏകദിനങ്ങളില്‍ ഓപണ്‍ ചെയ്തത് 2022 ഓഗസ്റ്റിലാണ്. 

Latest News