ഒഴിഞ്ഞ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം

അഹമ്മദാബാദ് - ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറിക്കു മുന്നില്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം തുടങ്ങി. 40,138 പേര്‍ കളി കാണുന്നുതായാണ് ഔദ്യോഗിക അറിയിപ്പെങ്കിലും നാലായിരം പേര്‍ പോലും ഗാലറിയിലുണ്ടോയെന്ന് സംശയമാണ്.
നിലവിലെ റണ്ണേഴ്‌സ്്അപ്പായ ന്യൂസിലാന്റ് ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇടുപ്പിന് പരിക്കുള്ള ബെന്‍ സ്റ്റോക്‌സ് ഇല്ലാതെയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഈ ടീമുകള്‍ തമ്മിലുള്ള കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ പ്ലയര്‍ ഓഫ് ദ മാച്ചായിരുന്നു സ്‌റ്റോക്‌സ്. പരിക്കേറ്റ കെയ്ന്‍ വില്യംസനു പകരം ടോം ലേതമാണ് ന്യൂസിലാന്റിനെ നയിക്കുന്നത്. പെയ്‌സ് ബൗളര്‍മാരായ ടിം സൗതി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ക്കും പരിക്കാണ്. 
സ്റ്റോക്‌സിനു പകരം ഹാരി ബ്രൂക്‌സ് ഇംഗ്ലണ്ട് ടീമില്‍ സ്ഥാനം നേടി. ടോസ് നേടിയെങ്കില്‍ ബൗളിംഗ് തെരഞ്ഞെടുത്തേനേയെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്താനിരുന്ന ഉദ്ഘാടച്ചടങ്ങ് അവസാന നിമിഷം മാറ്റി വെച്ചിരുന്നു. കാണികളില്ലാത്തതാവാം കാരണം എന്നാണ് അനുമാനിക്കുന്നത്. ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെയാണ് മത്സരക്രമം പ്രഖ്യാപിച്ചത്. ആരാധകര്‍ക്ക് ടിക്കറ്റും ഫ്‌ളൈറ്റുമൊക്കെ ബുക്ക് ചെയ്യാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല.

Latest News