ലോകകപ്പ്: ഇന്ത്യന്‍ ടീം  ചെന്നൈയില്‍ ഒരുക്കം തുടങ്ങി

തിരുവനന്തപുരം-മഴ മൂലം രണ്ട് സന്നാഹ മത്സരങ്ങളും കളിക്കാനാകാതിരുന്ന ഇന്ത്യന്‍ ടീം ലോകകപ്പ് ക്രിക്കറ്റിനായി ചെന്നൈയില്‍ ഒരുക്കം തുടങ്ങി. തിരുവനന്തപുരത്തു നിന്ന് ടീം ബുധനാഴ്ച ചെന്നൈയിലേക്ക് തിരിച്ചു. ഞായറാഴ്ച  ചെന്നൈയില്‍ ഓസ്ട്രേലിയയുമായാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഗുവാഹത്തിയില്‍ നിന്ന് നെതര്‍ലന്‍ഡുമായുള്ള മത്സരത്തിനാണ് രോഹിതിന്റെ നേതൃത്വത്തിലുള്ള ടീം തലസ്ഥാനത്ത് വിമാനമിറങ്ങിയതെങ്കിലും മഴ തകര്‍ത്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ രണ്ട് ദിവസം ടീമംഗങ്ങള്‍ തിരുവനന്തപുരത്ത് തങ്ങി. ലീല റാവിസിലായിരുന്നു ടീമിന്റെ താമസം.
ഹോട്ടല്‍ അധികൃതര്‍ ഒരുക്കിയ കേക്ക് മുറിച്ച ശേഷമാണ് ടീം യാത്രയായത്. രവീന്ദ്ര ജദേജയാണ് കേക്ക് മുറിച്ചത്. ആര്‍പ്പുവിളികളോടെയാണ് ടീമിനെ ഹോട്ടലില്‍ നിന്ന് യാത്രയാക്കിയത്. മുംബൈയില്‍ നിന്നെത്തിയ വിരാട് കോലിയും തലസ്ഥാനത്ത് ടീമിനൊപ്പം ചേര്‍ന്നിരുന്നു.

സന്നാഹ മത്സരങ്ങള്‍ മഴ കൊണ്ടുപോയെങ്കിലും കഴിഞ്ഞ മാസം ഏഷ്യാ കപ്പിലും ഓസ്ട്രേലിയക്കെതിരെയും കളിച്ചതിനാല്‍ ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ഇന്ത്യന്‍ കാപ്റ്റന്‍ രോഹിത് പറഞ്ഞു. നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മികച്ച പ്രകടനം പുറത്തെടുക്കാനും ആസ്വദിച്ച് കളിക്കാനുമാണ് ശ്രമിക്കുകയെന്നും രോഹിത് വ്യക്തമാക്കി.

Latest News