ത്രില്ലര്‍ റീമാച്ച്, ലോകകപ്പിന് വെടിക്കെട്ട് ഓപണിംഗ്

അഹമ്മദാബാദ് -എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്റ് മത്സരമെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന 2018 ലെ ഫൈനലിന്റെ റീമാച്ചോടെ ലോകകപ്പിന് ഇന്ത്യയില്‍ ഇന്ന് വെടിക്കെട്ടുയരും. അന്നത്തെ ഇംഗ്ലണ്ടിന്റെ ഹീറോ ബെന്‍ സ്‌റ്റോക്‌സ് ചാമ്പ്യന്മാരുടെ നിരയില്‍ ഉണ്ടാവില്ല. ഏകദിനത്തില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റോക്‌സ് ലോകകപ്പിനായി തിരിച്ചുവന്നെങ്കിലും ഇടുപ്പിന് പരിക്കുണ്ട്. ലോകകപ്പില്‍ ബാറ്റര്‍ മാത്രമായാണ് സ്റ്റോക്‌സ് കളിക്കുക. സൂപ്പര്‍ ഓവറിലും വിധിയാവാതിരുന്ന ആ ഫൈനലില്‍ ന്യൂസിലാന്റിനെ നയിച്ച കെയ്ന്‍ വില്യംസനും ഇന്ന് കളിക്കില്ല. ന്യൂസിലാന്റ് ബൗളര്‍ ടിം സൗത്തീക്കും പരിക്കാണ്. 

വില്യംസന് പകരം ടോം ലേതമാണ് കിവീസിനെ നയിക്കുന്നത്. കഴിഞ്ഞ മാസം ശസ്ത്രക്രിയക്ക് വിധേയനായ സൗത്തിയുടെ ശാരീരിക ക്ഷമതയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ലേത്തം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ, ജോ റൂട്ടിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സൗത്തിയുടെ വിരലിന് പരിക്കേറ്റത്. ഇക്കഴിഞ്ഞ ഐ.പി.എല്ലിനിടെയാണ് നായകന്‍ കെയ്ന്‍ വില്യംസന് പരിക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന വില്യംസണ്‍ ലോകകപ്പിന് മുന്നോടിയായി പാക്കിസ്ഥാനെതിരായ സന്നാഹ മത്സരത്തില്‍ കളിച്ചിരുന്നു. എങ്കിലും ആദ്യ മത്സരത്തില്‍ കളിപ്പിക്കേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. 
പത്ത് ടീമുകള്‍ മല്‍സരിക്കുന്ന ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സൗദി സമയം ഇന്ന് ഉച്ചക്ക് പതിനൊന്നരക്ക് അഹമ്മദാബാദില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യ മല്‍സരം. പത്ത് വേദികളിലായി 46 ദിവസങ്ങളിലായാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 
ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്,  ബംഗ്ലാദേശ്, ന്യൂസിലാന്റ്, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് ടീമുകളാണ് മല്‍സരിക്കുന്നത്. ശ്രീലങ്കയും നെതര്‍ലാന്‍ഡ്‌സും യോഗ്യത മത്സരങ്ങള്‍ കളിച്ചെത്തിയപ്പോള്‍ മറ്റു ടീമുകള്‍ നേരിട്ട് യോഗ്യത ഉറപ്പിക്കുകയായിരുന്നു. 
മൊത്തം 48 മത്സരങ്ങളാണുള്ളത്. ചില മല്‍സരങ്ങള്‍ സൗദി സമയം രാവിലെ എട്ടിനാരംഭിക്കും്. പകലും രാത്രിയുമായുള്ള മത്സരങ്ങള്‍ പതിനൊന്നരക്കും.
കാലാവസ്ഥ തടസ്സങ്ങള്‍ ഉണ്ടായാല്‍ സെമി മുതലുള്ള മല്‍സരങ്ങള്‍ റീമാച്ച് നടക്കും. അഹമ്മദാബാദിന് പുറമെ ധര്‍മ്മശാല, ദല്‍ഹി, ലഖ്‌നൗ, പുനെ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നീ പത്ത് നഗരങ്ങളിലായാണ് ലോകകപ്പ് അരങ്ങേറുന്നത്. പത്ത് ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ആദ്യ ഘട്ടം. 45 മത്സരങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് സെമിയിലേക്ക് എത്താം.
നവംബര്‍ 15 ന് മുംബൈയില്‍ ആദ്യ സെമിയും 16 ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടക്കും. നവംബര്‍ 19 ന് അഹമ്മദാബാദിലാണ് ഫൈനല്‍. 83 കോടി ഇന്ത്യന്‍ രൂപയാണ് മല്‍സരങ്ങളിലെ മൊത്തം സമ്മാന തുക. ഇതില്‍ വിജയികള്‍ക്ക് 33 കോടി ലഭിക്കും. റണ്ണറപ്പിന് 16 കോടി. സെമി ഫൈനലിസ്റ്റുകള്‍ക്ക് ആറര കോടി വീതവും ലഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്സ് നെറ്റ് വര്‍ക്കിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മല്‍സരങ്ങള്‍ കാണാനാകും. 
ലോകകപ്പില്‍ പങ്കെടുക്കുന്ന പത്ത് ടീമുകളുടെയും ക്യാപ്റ്റന്മാര്‍ ഇന്നലെ അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ ഫോട്ടോ ഷൂട്ടിനെത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നായകന്‍മാര്‍ മറുപടി നല്‍കി. 2019 ലെ ലോകകപ്പ് ഫൈനലിലെ തോല്‍വി ഹൃദയം തകര്‍ക്കുന്നതായിരുന്നുവെന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു. ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാവുമെന്നും വില്യംസണ്‍ പ്രത്യാശിച്ചു.
സന്നാഹ മത്സരങ്ങള്‍ മഴ കൊണ്ടുപോയെങ്കിലും കഴിഞ്ഞ മാസം ഏഷ്യാ കപ്പിലും ഓസ്ട്രേലിയക്കെതിരെയും കളിച്ചതിനാല്‍ ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ഇന്ത്യന്‍ കാപ്റ്റന്‍ രോഹിത് പറഞ്ഞു. നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മികച്ച പ്രകടനം പുറത്തെടുക്കാനും ആസ്വദിച്ച് കളിക്കാനുമാണ് ശ്രമിക്കുകയെന്നും രോഹിത് വ്യക്തമാക്കി.
ഹൈദരാബാദില്‍ ലഭിച്ച സ്വീകരണത്തില്‍ അമ്പരന്നുവെന്നും സ്വന്തം നാട്ടിലെത്തിയ പ്രതീതിയായിരുന്നുവെന്നും പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം പറഞ്ഞു.
ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരത്തിനായുള്ള കാത്തിരിപ്പിലാണെന്നും ബാബര്‍ പറഞ്ഞു. ലോകകപ്പില്‍ ബൗളിംഗാണ് പാക്കിസ്ഥാന്റെ യഥാര്‍ത്ഥ കരുത്തെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ കളിച്ചു പരിചയമുള്ളവരാണ് ലോകകപ്പ് ടീമില്‍ ഉള്ളതെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബാവുമ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐ.പി.എല്‍ കളിച്ചു നേടിയ പരിചയം ടീമിന് ഗുണം ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Latest News