വെറും ആറ് സെന്റിമീറ്റര്‍, അബ്ദുല്ലക്ക് വെങ്കലം നഷ്ടം

ഹാങ്ചൗ -ഏഷ്യന്‍ ഗെയിംസിന്റെ ട്രിപ്പിള്‍ജമ്പില്‍ മലയാളി താരം അബ്ദുല്ല അബൂബക്കറിനെക്കാള്‍ (16.62 മീറ്റര്‍) ആറ് സെന്റിമീറ്റര്‍ ചാടിയാണ് പ്രവീണ്‍ ചിത്രവേല്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. ചൈനീസ് താരങ്ങളായ ഷു യാമിംഗും (17.13) ഫാംഗ് യാവോക്വിംഗും (16.93) ആദ്യ സ്ഥാനങ്ങളിലെത്തി. 
ചൊവ്വാഴ്ച രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ചു വെങ്കലവുമാണ് ഇന്ത്യ നേടിയത്. ആറ് മെഡലും അത്‌ലറ്റിക്‌സിലാണ്. വനിതാ ജാവലിന്‍ ത്രോയില്‍ അനു റാണിയും വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ പരുള്‍ ചൗധരിയും സ്വര്‍ണം നേടി. രണ്ടിനങ്ങളിലും ആദ്യമായാണ് ഇന്ത്യക്ക് ഏഷ്യാഡ് സ്വര്‍ണം ലഭിക്കുന്നത്. പുരുഷന്മാരുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്‌സലും ഡെക്കാത്തലണില്‍ തേജസ്വിന്‍ ശങ്കറും വെള്ളി കരസ്ഥമാക്കി. ട്രിപ്പിള്‍ജമ്പില്‍ പ്രവീണ്‍ ചിത്രവേല്‍, വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് എന്നിവര്‍ക്ക് വെങ്കലം കിട്ടി.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഹീറ്റ്‌സില്‍ പി.ടി. ഉഷയുടെ റെക്കോര്‍ഡിനൊപ്പമെത്തിയ വിദ്യ രാംരാജിന് ആ പ്രകടനം ഫൈനലില്‍ ആവര്‍ത്തിക്കാനായില്ലെങ്കിലും വെങ്കലം നേടി (55.68 സെക്കന്റ്). 2018 ല്‍ സ്വര്‍ണം നേടിയ ശേഷം ഉത്തേജക മരുന്നടിച്ചതിന്റെ പേരില്‍ മെഡല്‍ തിരിച്ചുവാങ്ങിയ ബഹ്‌റൈന്റെ ഒലുവകേമി മുജീദത് അദെകോയ സുവര്‍ണ നേട്ടം ആവര്‍ത്തിച്ചു (54.45). ചൈനയുടെ മോ ജിയാദിക്കാണ് (55.01) വെള്ളി. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ യശസ് പലാക്ഷ അഞ്ചാമതും സന്തോഷ്‌കുമാര്‍ തമിളരശന്‍ ആറാമതുമായി.
 

Latest News