തിരുവനന്തപുരം - ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയ ടീം കളിക്കുക കാര്യമായ സന്നാഹമില്ലാതെ. ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങളും മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. ശനിയാഴ്ച വടക്കുകിഴക്കന്‍ ഇന്ത്യയിലെ അസമില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം ഉപേക്ഷിച്ചതിനു പിന്നാലെയാണ് 3400 കിലോമീറ്റര്‍ സഞ്ചരിച്ച് രോഹിത് ശര്‍മയും കൂട്ടരും ദക്ഷിണേന്ത്യയിലെ തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ ഇവിടെയും അതേ അവസ്ഥയായിരുന്നു.
ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ മൊത്തത്തില്‍് മഴയില്‍ അലങ്കോലമായി. മൂന്നു കളികള്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നു. ബാക്കി മൂന്നു കളികള്‍ ഓവര്‍ വെട്ടിക്കുറക്കേണ്ടി വന്നു.
ഇന്ത്യയെ പോലെ ഒരു സന്നാഹവുമില്ലാതെയാണ് നെതര്‍ലാന്റ്‌സും ലോകകപ്പ് തുടങ്ങുക. തിരുവനന്തപുരത്ത് നടന്ന ഓസ്‌ട്രേലിയക്കെതിരായ അവരുടെ കളിയും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എന്നാല്‍ 23 ഓവര്‍ ഓസ്‌ട്രേലിയയും 14.2 ഓവര്‍ നെതര്‍ലാന്റ്‌സും ബാറ്റ് ചെയ്ത ശേഷമാണ് കളി ഉപേക്ഷിച്ചത്.
ലോകകപ്പ് വ്യാഴാഴ്ച അഹമ്മദാബാദിലാണ് ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹൈദരാബാദിലും ധര്‍മശാലയിലുമാണ് മത്സരങ്ങള്‍. മൂന്നിടത്തും നല്ല കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. ഉദ്ഘാടന മത്സരത്തിനായി ഇംഗ്ലണ്ട്, ന്യൂസിലാന്റ് ടീമുകള്‍ അഹമ്മദാബാദിലെത്തി. പാക്കിസ്ഥാനെ നേരിടാന്‍ നെതര്‍ലാന്റ്‌സ് ടീം ഹൈദരാബാദിലേക്കു തിരിക്കും. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് ധര്‍മശാലയിലെ മത്സരം.






