അഞ്ച് കളി, 62 ഗോള്‍; ഇന്ത്യ ഹോക്കി സെമിയില്‍

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ഹോക്കിയില്‍ ഇന്ത്യയുടെ ഗോളടി മേളം. ബംഗ്ലാദേശിനെ മറുപടിയില്ലാത്ത ഒരു ഡസന്‍ ഗോളിന് തകര്‍ത്ത് നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ സെമി ഫൈനലിലേക്ക് മുന്നേറി. ബുധനാഴ്ച തെക്കന്‍ കൊറിയയുമായാണ് ഇന്ത്യ സെമി കളിക്കുക. ആതിഥേയരായ ചൈനയും നിലവിലെ ചാമ്പ്യന്മാരായ ജപ്പാനും രണ്ടാം സെമിയില്‍ ഏറ്റുമുട്ടും. 
അഞ്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യ 62 ഗോളാണ് അടിച്ചുകൂട്ടിയത്. ജക്കാര്‍ത്ത ഏഷ്യാഡില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യ 76 ഗോളടിച്ചിരുന്നു. എന്നാല്‍ ഇത്തവണ മുന്‍ ലോക ചാമ്പ്യന്മാരായ പാക്കിസ്ഥാനെ 10-2 നും നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ 8-0 നും തകര്‍ത്താണ് മുന്നേറിയത്. ജക്കാര്‍ത്തയില്‍ ഗോള്‍മേളവുമായി വന്ന ഇന്ത്യ സെമി ഫൈനലില്‍ മലേഷ്യയോട് തോല്‍ക്കുകയായിരുന്നു. 
ബംഗ്ലാദേശിനെതിരെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗും മന്‍പ്രീത് സിംഗും ഹാട്രിക് നേടി. അഭിഷേക് ഇരട്ട ഗോളടിച്ചു. 

Latest News