ലോകകപ്പ്: ഇന്ത്യക്ക് അന്തിമ ഒരുക്കം തിരുവനന്തപുരത്ത്

തിരുവനന്തപുരം - ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ അവസാന മിനുക്കുപണികള്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും. ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചതിനു പിന്നാലെ ഇന്ത്യന്‍ ടീം  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നെതര്‍ലാന്റ്‌സുമായി ഏറ്റുമുട്ടും. വ്യാഴാഴ്ച അഹമ്മദാബാദില്‍ ലോകകപ്പ് ആരംഭിക്കുകയാണ്. ഇന്ത്യയുടെ ആദ്യ മത്സരം ചെന്നൈയില്‍ എട്ടിന് ഓസ്‌ട്രേലിയയുമായാണ്. 
ഓസ്‌ട്രേലിയ കഴിഞ്ഞാല്‍ ഏറ്റവും മികച്ച ലോകകപ്പ് റെക്കോര്‍ഡുള്ള ടീമാണ് ഇന്ത്യ. 1983 ലും 2011 ലും ചാമ്പ്യന്മാരായ ഇന്ത്യ 2003 ല്‍ ഫൈനലിലും 1987, 1996, 2015, 2019 വര്‍ഷങ്ങളില്‍ സെമിഫൈനലിലുമെത്തി. 2007 ലെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ശേഷം എല്ലാ ലോകകപ്പിലും കിരീടസാധ്യതയില്‍ മുന്‍പന്തിയിലായിരുന്നു ഇന്ത്യ. ഈ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്നത് ഇന്ത്യക്കാണ്. 
ഈ ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കുമെന്ന് കരുതിയ റിഷഭ് പന്ത് പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ ജസ്പ്രീത് ബുംറയുടെയും കെ.എല്‍ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും പരിക്ക് മാറിയെന്നു മാത്രമല്ല, മൂവരും കരുത്തു തെളിയിക്കുകയും ചെയ്തു. കുല്‍ദീപ് യാദവ് ഫോമിലേക്ക് തിരിച്ചെത്തിയതും ഇന്ത്യക്ക് പ്രതീക്ഷയാണ്. ഏഷ്യാ കപ്പ് നേടിയതും അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ പരമ്പര ജയിച്ചതും ടീമിന് മൊത്തത്തില്‍ ആവേശം പകരുന്നു. 
രണ്ട് പ്രധാന ന്യൂനതകളാണ് ടീമിനുള്ളത് - വലങ്കൈയന്മാരാണ് കൂടുതല്‍. വാലിന് നീളം കൂടുതലാണ്. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടാല്‍ ടീം പരുങ്ങും. 
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ച് ഏതാണ്ട് ധാരണയായിക്കഴിഞ്ഞു. മുഹമ്മദ് ഷമിക്ക് റിസര്‍വ് പെയ്‌സ്ബൗളറുടെ റോളാണ്. സൂര്യകുമാര്‍ യാദവ് റിസര്‍വ് ബാറ്ററും ഇശാന്‍ കിഷന്‍ റിസര്‍വ് വിക്കറ്റ്കീപ്പറുമാണ്. ഓള്‍റൗണ്ടറായി രവീന്ദ്ര ജദേജയും ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. ആര്‍. അശ്വിനോ ശാര്‍ദുല്‍ താക്കൂറിനോ മൂന്നാമത്തെ ഓള്‍റൗണ്ടറുടെ സ്ഥാനം ലഭിക്കും. 
ശുഭ്മന്‍ ഗില്‍ ഈ വര്‍ഷം അഞ്ച് ഏകദിന സെഞ്ചുറി നേടിയിട്ടുണ്ട്. ഈ ലോകകപ്പില്‍ ടോപ്‌സ്‌കോററാവാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് ഗില്‍. 

Latest News