ഭാര്യയുടെ വാക്ക് പൊന്നായി, അവസാന ഏറില്‍ തേജീന്ദര്‍ നേടി

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ഷോട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍പാല്‍ തൂര്‍ സ്വര്‍ണം നിലനിര്‍ത്തിയത് നാടകീയമായി. ആദ്യ മൂന്ന് ഏറും ഫൗളാക്കിയ തേജീന്ദര്‍ അവസാന ശ്രമത്തിനൊരുങ്ങുമ്പോള്‍ സൗദി അറേബ്യയുടെ മുഹമ്മദ് ദാവൂദ തുലുവായിരുന്നു (20.18 മീ.) മുന്നിട്ടു നിന്നത്. എന്നാല്‍ അവസാന ഏറില്‍ തേജീന്ദര്‍ 20.36 മീറ്റര്‍ ദൂരത്തേക്കെറിഞ്ഞ് സ്വര്‍ണം പിടിച്ചു. ചൈനയുടെ യാംഗ് ലിയുവിനാണ് (19.97 മീ.) വെള്ളി. പരിക്കു കാരണം ടോക്കിയൊ ഒളിംപിക്‌സില്‍ തേജീന്ദര്‍ പ്രയാസപ്പെട്ടിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും പങ്കെടുക്കാനായില്ല. സ്വര്‍ണം മാത്രമേ കൊണ്ടുവരാവൂ എന്ന് ഭാര്യ നിര്‍ദേശിച്ചതായി മുന്‍ നേവി ഓഫീസര്‍ പറഞ്ഞു. 
പുരുഷ ലോംഗ്ജമ്പില്‍ മലയാളി അത്‌ലറ്റ് മുരളി ശ്രീശങ്കറും 1500 മീറ്ററില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഹര്‍മിലന്‍ ബയ്ന്‍സ്, അജയ്കുമാര്‍ സരോജ് എന്നിവരും വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജിയും വെള്ളി നേടി. പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളി താരം ജിന്‍സന്‍ ജോണ്‍സണ്‍, ഹെപ്റ്റാത്തലണില്‍ നന്ദിനി അഗസര, വനിതാ ഡിസ്‌കസ് ത്രോയില്‍ സീമ പൂനിയ എന്നിവര്‍ക്കാണ് വെങ്കലം. ഇതോടെ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് 12 മെഡലായി.
 

Latest News