ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ അത്ലറ്റിക്സില് മലയാളിത്തിളക്കം. പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ മുരളി ശ്രീശങ്കറും 1500 മീറ്ററില്‍ ജിന്സന് ജോണ്‍സണും മെഡല്‍ നേടി. ലോംഗ്ജമ്പില്‍ ശ്രീശങ്കര്‍ 8.198 മീറ്ററാണ് ചാടി വെള്ളി കരസ്ഥമാക്കി. ആറ് ചാട്ടങ്ങളില്‍ മൂന്നിലും എട്ട് മീറ്റര്‍ പിന്നിട്ട ശ്രീശങ്കര്‍ നാലാമത്തെ ചാട്ടത്തിലാണ് മെഡല്‍ തൊട്ടത്. ചൈനയുടെ ജിയാനന്‍ വാംഗ് ആദ്യ ശ്രമത്തില്‍ തന്നെ 8.22 മീറ്റര്‍ പിന്നിട്ടിരുന്നു. ചൈനയുടെ തന്നെ ഷി യുവാഹാവോക്കാണ് വെങ്കലം (8.10 മീ.). 12 പേര് മത്സരിച്ച ഫൈനലില്‍ ഇന്ത്യയുടെ ജെസ്വിന് ആള്ഡ്രിന് (7.76 മീ.) എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
1500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യ രണ്ടു മെഡലുകള്‍ നേടി. ഖത്തറിന്റെ മുഹമ്മദ് അല്ഖര്നിക്കു പിന്നില്‍ (3:38.36 മിനിറ്റ്) അജയ്കുമാര്‍ സരോജ് വെള്ളിയും (3:38.94) ജിന്സന് ജോണ്സണ് വെങ്കലവും കരസ്ഥമാക്കി.
ഷോട്പുട്ടില്‍ ഇന്ത്യയുടെ ഏഷ്യന്‍ റെക്കോര്ഡുകാരന് തേജീന്ദര്‍പാല്‍ തൂര്‍ സ്വര്‍ണം നേടി. 20.36 മീറ്ററാണ് തേജീന്ദര്‍ എറിഞ്ഞത്. സൗദി അറേബ്യയുടെ മുഹമ്മദ് ദാവൂദ തുലു രണ്ടാം സ്ഥാനത്തെത്തി. (20.18 മീ.) ചൈനയുടെ യാംഗ് ലിയുവിനാണ് വെങ്കലം (19.97 മീ.). ബഹ്റൈന്റെ അബ്ദുറഹ്മാന് മഹ്മൂദ് നാലാം സ്ഥാനത്തെത്തി.
സൗദി അറേബ്യയുടെ ഫായിസ് അബ്ദുല്ല അല്സുബയ്യും റാഇദ് ഖൈറല്ല അല്‍ജദാനി ഏഴും എട്ടും സ്ഥാനങ്ങളിലെത്തി.






