Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൻസിയയുടെ വിജയമന്ത്രം

ഉമ്മ പകർന്നുനൽകിയ അറിവിന്റെ വെളിച്ചം ജീവിതത്തിൽ പകർത്തിയപ്പോൾ അതൊരു വൻവിജയമാകുമെന്ന് പാലക്കാട്ടുകാരിയായ അൻസിയ പ്രതീക്ഷിച്ചിരുന്നില്ല. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബാപ്പ ഉപേക്ഷിച്ചുപോയ ആ ബാല്യം ഉമ്മയുടെ കൈപിടിച്ച്്് ആ നാട്ടിലേയ്ക്കു പറിച്ചുനടപ്പെടുകയായിരുന്നു. ഉമ്മയും രണ്ടു സഹോദരന്മാരും ചേർന്ന ആ കുടുംബം എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചുപോയ നാളുകൾ. എങ്കിലും അത്യധ്വാനം ചെയ്ത്് ഉമ്മ അവരെ നന്നായി വളർത്തുകയായിരുന്നു.


കുട്ടിക്കാലത്ത് ചിത്രരചനയിലും ക്രാഫ്റ്റിലുമെല്ലാം അഭിരുചിയുണ്ടായിരുന്നു. എങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് അൻസിയയുടെ ജീവിതം മാറ്റിമറിച്ചത്. ഉമ്മ വീട്ടിലുണ്ടാക്കിയിരുന്ന കാച്ചിയ എണ്ണ വാങ്ങാൻ അയൽപക്കത്തുള്ളവരും ഗൾഫിൽ ജോലി ചെയ്യുന്നവരുമെല്ലാം എത്തുമായിരുന്നു. അത്യാവശ്യം കൃഷിയും ഔഷധസസ്യങ്ങളും നട്ടുവളർത്തി വിൽപന നടത്തുമായിരുന്ന ഉമ്മയുടെ മുടിയെണ്ണക്ക് നല്ല ഡിമാന്റായിരുന്നു. കുട്ടിക്കാലത്ത് രോഗങ്ങളകറ്റാനും ശരീര സംരക്ഷണത്തിനുമെല്ലാമുള്ള ഔഷധക്കൂട്ടുകൾ ഉമ്മയ്ക്ക് അറിയാമായിരുന്നു. ഒരു ദിവസം എണ്ണയുടെ നിർമ്മാണ പ്രക്രിയ വീഡിയോയാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ലൈക്കും കമന്റുമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പലരും ആവശ്യക്കാരായി എത്തുകയായിരുന്നു.

സുഹൃത്തുക്കളിൽ പലരും എണ്ണയുടെ വിലയും എണ്ണ തയ്യാറാക്കി നൽകുമോ എന്നുമുള്ള ചോദ്യങ്ങളാണ് അൻസിയയുടെ ജീവിതത്തിൽ ടേണിംഗ് പോയന്റായത്. ഉമ്മീസ് നാച്വറൽസ് എന്ന പേരിൽ കോസ്‌മെറ്റിക്‌സ് ഉൽപന്നങ്ങൾ വിപണിയിലിറക്കി വിജയം നേടിയ ഒരു പാലക്കാട്ടുകാരിയുടെ ജീവിതം അവിടെ തുടങ്ങുകയായിരുന്നു.
വെറും പ്‌ളസ് ടു വരെ മാത്രം വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടി ജീവിതം കെട്ടിപ്പടുത്തത് അത്യധ്വാനവും ആത്മസമർപ്പണവും കൊണ്ടുമാത്രം. പരിമിതികളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടു കുതിക്കാനുള്ള കരുത്താണ് അൻസിയയുടെ വിജയരഹസ്യം. ഔഷധക്കൂട്ടുകൊണ്ട് എണ്ണയുണ്ടാക്കാനും ഉമ്മയെപ്പോലെ അതിൽനിന്നും വരുമാനം നേടണമെന്നും മാത്രമേ തുടക്കത്തിൽ ചിന്തിച്ചിരുന്നുള്ളു. എന്നാൽ ഒൻപതാം ക്ലാസ് മുതൽ തനിക്ക് പരിചയമുണ്ടായിരുന്ന റംഷീദ് ജീവിതത്തിലേയ്ക്കു കടന്നുവന്നതോടെ തന്റെ സ്വപ്‌നങ്ങൾക്ക് കൂടുതൽ ചാരുത പകർന്നുകിട്ടുകയായിരുന്നു. ഇന്നിപ്പോൾ വർഷത്തിൽ ഒന്നരക്കോടി വിറ്റുവരവുള്ള ഒരു കമ്പനിയുടെ സാരഥിയാണ് അൻസിയ.


ഉമ്മീസിലെ ഉമ്മ സ്വന്തം ഉമ്മ താഹിറ തന്നെയാണ്. ബാപ്പ പോയിട്ടും ഞങ്ങളെയെല്ലാം നന്നായി വളർത്തിയത് ഉമ്മയാണ്. മാത്രമല്ല, ഉമ്മയുടെ നാട്ടറിവുകളാണ് ഔഷധക്കൂട്ടുകളിൽ പലതിലും ഉപയോഗിക്കുന്നത്. ഉമ്മയാണ് ഞങ്ങളുടെ അഭിമാനം. ഉമ്മീസിലെ ഉമ്മയെന്നാണ് ഇപ്പോൾ നാട്ടിലെല്ലാം അറിയപ്പെടുന്നത്. ഒരു പ്രമുഖ ചാനലിൽ ഉമ്മയും ഞാനും ഒരുമിച്ച് റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു- അൻസിയ പറയുന്നു.
മറ്റുള്ളവരുടെ ശരീര സംരക്ഷണം ഉറപ്പു നൽകിയാണ് ഓരോ ഉൽപന്നവും വിപണിയിലിറക്കുന്നത്. ഓരോ പുതിയ ഉൽപന്നവും വിപണിയിലെത്തിക്കുന്നതിനു മുൻപായി അവയുടെ നിർമ്മാണ പ്രക്രിയയും ഉപയോഗിക്കുന്ന വസ്തുക്കളുടെ പേരുമെല്ലാം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. യാതൊരു രഹസ്യചേരുവകളും ഉപയോഗിക്കുന്നില്ല. പണ്ടുകാലത്ത് ഉമ്മയുടെ ഉമ്മ വീട്ടിൽ കൺമഷിയുണ്ടാക്കുമായിരുന്നു. അതിന്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ അതുപോലുള്ള കൺമഷി വേണമെന്നായി. അന്നു രാത്രി വീട്ടിൽ ദീപാവലിയായിരുന്നു. വിളക്കുകളിലും ചെരാതുകളിലുമെല്ലാം തിരി കത്തിച്ചുവച്ചതായിരുന്നു കാരണം. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനേക്കാൾ, ശരീര സൗന്ദര്യം സംരക്ഷിക്കാനാണ് ഞങ്ങളുടെ ശ്രമം. ഉമ്മ പറഞ്ഞുതന്ന ഔഷധക്കൂട്ടുകളുപയോഗിച്ച് അടുക്കളയിൽ കാച്ചിയ മുടിയെണ്ണയിൽനിന്നാണ് തുടങ്ങിയത്. പല്ലു തേക്കാനുള്ള ഉമിക്കരിയും കുങ്കുമാദിതൈലവും റോസ് വാട്ടറും തെങ്ങിൻ പൂക്കുല ലേഹ്യവും  ഇൻഡിഗോ പൗഡറും ലിപ് ബാമും കസ്തൂരി മഞ്ഞൾ പൊടിയും കുട്ടികൾക്കുള്ള ഉൽപന്നങ്ങളും വിവിധ ഓയിലുകളുമെല്ലാമായി അൻപതോളം ഉൽപന്നങ്ങളാണ് ഞങ്ങളുടെ കമ്പനിയിൽ നിർമ്മിക്കുന്നത്. ആളുകളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.


ഭർത്താവ് റംഷീദാണ് ബിസിനസിൽ അൻസിയയ്ക്ക് വഴികാട്ടിയായത്. സ്‌കൂൾ കലോത്സവത്തിനിടയിലാണ് പരസ്പരം കണ്ടുമുട്ടിയത്. പ്‌ളസ് ടു കഴിഞ്ഞപ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹവും കഴിച്ചു. തുടർന്നാണ് സ്വന്തമായി ഒരു ബിസിനസ് എന്ന ആശയത്തിലെത്തിയത്. എവിടെ തുടങ്ങണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയുമായിരുന്നില്ല. എല്ലാത്തിനും വഴികാട്ടിയായത് ഇക്കയാണ്. മാർക്കറ്റിംഗ് തന്ത്രവും ആവശ്യക്കാരെ കണ്ടെത്തലുമെല്ലാം അദ്ദേഹത്തിന്റെ ആശയമായിരുന്നു.
ഗ്രാഫിക്‌സ് ഡിസൈനറായ റംഷീദ്  സ്വന്തമായി ഒരു സ്ഥാപനം നടത്തുകയായിരുന്നു. അൻസിയയുടെ ആശയം ഉൾക്കൊണ്ട അദ്ദേഹം എല്ലാ പിന്തുണയും നൽകി. മുടിയെണ്ണയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ തന്നെ ആവശ്യക്കാരുണ്ടായി. അതോടെ സംഭവം വിജയമാകുമെന്ന് മനസ്സിലായി. കച്ചവടതന്ത്രങ്ങളൊന്നും അറിയുമായിരുന്നില്ലെങ്കിലും പായ്ക്ക് ചെയ്ത് അയച്ചുതുടങ്ങി. കടകളിൽനിന്നും പെട്ടികളും ബോർഡുകളുമെല്ലാം കൊണ്ടുവന്ന് അവയിൽ പായ്ക്ക് ചെയ്താണ് അയച്ചിരുന്നത്. അന്നത്തെ അവസ്ഥയിൽ നിന്നും മാറ്റം വന്നുതുടങ്ങി. ആവശ്യക്കാർ കൂടിയതോടെ സ്വന്തമായി ഭംഗിയുള്ള പാക്കറ്റുകളിൽ വിപണനം ചെയ്യാൻ തുടങ്ങി. ക്രമേണ ജോലി ഉപേക്ഷിക്കുകയായിരുന്നു.
കുടുംബവും ബിസിനസും ഒന്നിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടാണെങ്കിലും ഇഷ്ടപ്പെട്ട ജോലിയായതുകൊണ്ട് ബോറടിക്കാറില്ലെന്ന് അൻസിയ പറയുന്നു. കുടുംബത്തിനാണ് എപ്പോഴും മുൻഗണന നൽകുന്നത്. ഞാനും ഇക്കയും മകൾ ലെയ്ബയും അടങ്ങുന്ന കുടുംബം. ജോലിയായാലും യാത്രയായാലും ഞങ്ങൾ ഒന്നിച്ചാണ് ചെയ്യുന്നത്. ലേഹ്യങ്ങൾ തയ്യാറാക്കണമെങ്കിൽ ദിവസങ്ങൾ ഉറക്കമൊഴിച്ചിരിക്കണം. കുങ്കുമാദി തൈലമെല്ലാം ദിവസങ്ങളോളം അടുപ്പിൽനിന്നും ഇറക്കാതെയാണ് ഉണ്ടാക്കുന്നത്. കൺമഷിയുണ്ടാക്കുമ്പോൾ കരിയിൽ കുളിക്കും. മകളെയുമെടുത്ത് പൊള്ളുന്ന ചൂടിൽ ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. എങ്കിലും ജോലിയോടുള്ള താല്പര്യം കാരണം ഉറച്ചുനിന്നു. അൻസിയ പറയുന്നു. റംഷീദാകട്ടെ പത്തുവർഷത്തോളം ജോലി ചെയ്ത് ആ മേഖലയോടുതന്നെ മടുപ്പു തോന്നിത്തുടങ്ങിയിരുന്നു. ഇപ്പോഴത്തെ ജോലിക്ക് അതിനേക്കാൾ അധ്വാനമുണ്ട്. എങ്കിലും കുടുംബത്തോടൊപ്പം ജോലി ചെയ്യുന്നതിലെ സന്തോഷം ആ മുഖത്തുണ്ടായിരുന്നു.
ഉമ്മീസ് നാച്വറൽസിനെക്കുറിച്ച്  ഉപഭോക്താക്കളോട് അൻസിയ തന്നെയാണ് സംസാരിക്കുന്നത്. പാലക്കാട് മേപ്പറമ്പ് ബൈപാസ് റോഡിലാണ് ഉമ്മീസിന്റെ ഔട്ട്‌ലെറ്റ് ആരംഭിച്ചിരിക്കുന്നത്. തന്റെ സംരംഭത്തെക്കുറിച്ചും ഉൽപന്നങ്ങളെക്കുറിച്ചുമെല്ലാം അവർ സംസാരിക്കുന്നതും അവിടെനിന്നാണ്. ഉൽപന്നങ്ങളുടെ കൂട്ടുകളും തയ്യാറാക്കുന്ന രീതിയുമെല്ലാം അവർ വിശദമായി പറഞ്ഞുതരുന്നു. പ്രകൃതിദത്തമായ രീതിയിൽ ഉൽപന്നങ്ങൾ വീട്ടിലുണ്ടാക്കാൻ കഴിഞ്ഞാൽ അതാണ് നല്ലത്. അതിനു കഴിയാത്തവരാണ് ഞങ്ങളുടെ ഉൽപന്നങ്ങൾ വാങ്ങുന്നത് എന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിക്കുന്നു.
മലപ്പുറം ജില്ലയിലെ ചെമ്മാട് ആണ് ഉമ്മീസ് ഫാക്ടറി നിലകൊള്ളുന്നത്. നാൽപതു സ്ത്രീകളാണ് അവിടെ ജോലിക്കാരായുള്ളത്. ഔട്ട് ലെറ്റിൽ അഞ്ചു സ്ത്രീകളുണ്ട്. ജോലിക്കാരിൽ എൺപതു ശതമാനവും സ്ത്രീകളാണ്. സാധനങ്ങളുടെ ലഭ്യതയനുസരിച്ചാണ് ഉൽപന്നങ്ങളുണ്ടാക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നും പച്ചിലകളടക്കം ശേഖരിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ പലയിടത്തും ചെമ്പരത്തിച്ചെടികളാൽ മറച്ച മതിലുകളുണ്ട്. സ്‌കൂൾ വിദ്യാർഥികളെയും ഒപ്പം കൂട്ടി ചെമ്പരത്തിയില ശേഖരിക്കാറുണ്ട്. ചാക്കിന് നൂറു രൂപയും അവർക്കു നൽകും. കൂടാതെ കറ്റാർ വാഴ, നാടൻ കറിവേപ്പില തുടങ്ങിയ ഔഷധസസ്യങ്ങൾ കൃഷി ചെയ്യുന്നവരുണ്ട്. ബീറ്റ് റൂട്ട് പൗഡർ പോലുള്ളവ നിർമ്മിച്ചുനൽകുന്നവരുമുണ്ട്. മാസത്തിലൊരിക്കൽ അവയെല്ലാം ശേഖരിക്കും. പല സ്ത്രീകൾക്കും ഒരു വരുമാനമാർഗ്ഗം കൂടിയാണിത്. ഔഷധക്കൂട്ടുകളൊരുക്കുന്നതിന് ആയുർവേദ ഡ്രഗ് ലൈസൻസും സമ്പാദിച്ചിട്ടുണ്ട്. കൂടാതെ ആയുർവേദ ഡോക്ടർമാരുടെയും സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
തേച്ചുകുളിക്കാൻ ഉപയോഗിക്കുന്ന പീച്ചിങ്ങ വിപണിയിലെത്തിച്ച ചരിത്രവും അൻസിയയ്ക്കുണ്ട്. ഉണങ്ങിയ കാട്ടുപീച്ചിങ്ങ കൊണ്ടുള്ള തേച്ചുകുളി നാട്ടിൻപുറത്തെ ഒരു ശീലമാണ്. പാലക്കാട്ട് ഇത് സുലഭമായി ലഭിക്കും. ഇതൊക്കെ ആരു വാങ്ങാനാ എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തിയവരുണ്ട്. എന്നാൽ വിപണിയിലെത്തിച്ചപ്പോഴാണ് ആളുകൾക്കിഷ്ടപ്പെട്ട ഉൽപന്നമാണെന്ന് മനസ്സിലായത്. ഈയിടെ കൊച്ചിയിലെ ഇടപ്പള്ളിയിൽ റോഡുവക്കിലിരുന്ന് ഈ ഉൽപന്നം വിറ്റത് ഒരു പുതിയ അനുഭവമായിരുന്നു. ഇപ്പോൾ ഗൾഫിലുള്ളവരും ഇതിന്റെ ആവശ്യക്കാരാണ്. പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് പീച്ചിങ്ങയുടെ ഉപഭോക്താക്കൾ.
ബിസിനസ് തുടങ്ങിയപ്പോഴും ഏറെ പരിഹാസശരങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അൻസിയ പറയുന്നു. അടുപ്പമുള്ളവർ പോലും എണ്ണക്കച്ചവടക്കാരിയെന്നു വിളിച്ചിട്ടുണ്ട്. ഒരു പക്ഷേ അവരുടെ പരിഹാസമായിരിക്കാം ഈ വിജയത്തിന്റെ രഹസ്യം. വാശിയോടെയായിരുന്നു ഓരോ പുതിയ ഉൽപന്നവും വിപണിയിലെത്തിച്ചത്. മകളെ നോക്കുന്നില്ലെന്നു പറഞ്ഞവരുണ്ട്. മകളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കുംവേണ്ടി ഈ ബിസിനസ് നിർത്തണമെന്നുവരെ പറഞ്ഞവരുണ്ട്. അവർക്കു മുന്നിൽ തലയെടുപ്പോടെയാണ് ഞങ്ങൾ നിൽക്കുന്നത്.
ഇതിനിടയിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയും അലംഭാവവും ഏറെ പ്രശ്‌നങ്ങളുണ്ടാക്കി. ഇക്കഴിഞ്ഞ ജനുവരിയിൽ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ കടയിൽ റെയ്ഡ് നടന്നു. മറ്റൊന്നും ചിന്തിച്ചില്ല. ഭർത്താവിനെയും ഒപ്പം കൂട്ടി നേരെ തിരുവനന്തപുരത്തെത്തി. വ്യവസായ വകുപ്പുമന്ത്രി പി.രാജീവിനെ കാണുകയായിരുന്നു ലക്ഷ്യം. പതിനഞ്ചു ദിവസത്തോളം പല ഓഫീസിലും കയറിയിറങ്ങേണ്ടിവന്നു. മനസ്സു തളർന്ന ദിനങ്ങളായിരുന്നു അത്. ഒടുവിൽ മന്ത്രിയെ കാണാൻ അവസരം ലഭിച്ചപ്പോഴേയ്ക്കും എല്ലാ പ്രശ്‌നങ്ങൾക്കും അദ്ദേഹം പരിഹാരം കണ്ടുകഴിഞ്ഞിരുന്നു. നാട്ടിലെത്തി വീണ്ടും കട തുറന്നു. ദിവസങ്ങൾക്ക് കഴിഞ്ഞപ്പോഴാണ് പലരും കാര്യമറിയുന്നത്. അതും മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടാണ് പലരും വിവരമറിയുന്നത്. ഉമ്മീസ് നാച്വറൽസ് ഉടമയും സംരംഭകയുമായ അൻസിയ ഓഫീസിലെത്തി തന്നെ വന്നു കണ്ട കാര്യം അദ്ദേഹമാണ് വെളിപ്പെടുത്തിയത്. സ്ഥാപനവുമായി ബന്ധപ്പെട്ട ചില അനുമതികളിലുള്ള പ്രശ്‌നത്തിനാണ് വന്നത്. ഇരുപത്തിരണ്ടു വയസ്സ് മാത്രം പ്രായമുള്ള ബിസിനസ് പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഒരു പെൺകുട്ടി സ്വന്തമായി ഒരു സംരംഭം ആരംഭിക്കുകയും മുപ്പത്തഞ്ചോളം വനിതകൾക്ക് ജോലി നൽകുകയും ചെയ്തിരിക്കുന്നു. ഒന്നരക്കോടിയോളം വിറ്റുവരവുള്ള ഒരു സ്ഥാപനമായി അതിനെ വളർത്തിയെടുത്തിരിക്കുന്നത് വലിയ നേട്ടം തന്നെയാണ്... എന്നായിരുന്നു അദ്ദേഹം എഴുതിയത്. നന്ദി പറഞ്ഞുകൊണ്ട് അൻസിയ മറുപടിയും നൽകി.
നിരവധി സൗന്ദര്യവർധക വസ്തുക്കൾ അരങ്ങുവാഴുന്ന നാട്ടിൽ ഉമ്മീസ് ഹെൽബൽ ഉൽപന്നങ്ങൾ അവയിൽനിന്നും വേറിട്ടുനിൽക്കുന്നു എന്നതാണ് അതിന്റെ പ്രത്യേകതയെന്ന് അൻസിയ പറയുന്നു. ചർമ്മ സംരക്ഷണത്തിനും മുടിയഴക്  കാത്തുസൂക്ഷിക്കുന്നതിനും രാസപദാർഥങ്ങളില്ലാത്ത ഉൽപന്നങ്ങൾ - അതാണ് അൻസിയയുടെ സ്വപ്‌നവും ലക്ഷ്യവും.

Latest News