ടെലിവിഷൻ പരസ്യങ്ങളുടെ സ്വാധീനം മലയാളി സമൂഹത്തിൽ വളരെ കൂടുതലാണ്. എല്ലാവർക്കും ബോളിവുഡ് താരങ്ങളെ പോലെ വെളുത്ത് സ്ലിം ബ്യൂട്ടിയാവണം. അതിന് വേണ്ടി എന്തും ചെയ്യും. നിറമില്ലെങ്കിൽ ജീവിതം തന്നെ പോയെന്ന ധാരണയാണ് പലർക്കും. ഇത്തരക്കാരുടെ കണ്ണു തുറപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം ഉത്തര കേരളത്തിൽ നിന്ന് കേട്ടത്. നിലവാരം കുറഞ്ഞ ഫേഷ്യൽ ക്രീമുകൾ വൃക്കരോഗമുണ്ടാക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി ഡോക്ടർമാർ. തൊലി വെളുക്കാനായി ഉയർന്ന അളവിൽ ലോഹമൂലകങ്ങളടങ്ങിയ ക്രീമുകൾ ഉപയോഗിച്ച സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവരിൽ മെമ്പനസ് നെഫ്രോപ്പതി എന്ന അപൂർവ വൃക്കരോഗമാണ് കണ്ടെത്തിയത്. വ്യാജ ഫെയർനെസ് ക്രീമുകൾ അപകടകാരികളാണ്. എന്തും മുഖത്ത് തേക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗന്ദര്യവർധക ഉൽപന്നങ്ങളിലെ ഇറക്കുമതി വിവരം, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നമ്പർ, സാധനത്തിന്റെ പേരും വിലാസവും എന്നിവ സൂക്ഷ്മമായി പരിശോധിക്കണം. വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തുന്നത് കുറ്റകരമാണ്. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നത് കണ്ടാൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
മലപ്പുറം കോട്ടക്കലിലെ ആശുപത്രിയിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂൺ വരെ ചികിത്സ തേടിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവരിലാണ് അപൂർവ രോഗം കണ്ടെത്തിയത്. 14 വയസ്സുകാരിയിലാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. മരുന്നുകൾ ഫലപ്രദമാകാതെ അവസ്ഥ ഗുരുതരമായ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷിച്ചത്. ഇതോടെയാണ് പ്രത്യേക ഫെയർനെസ് ക്രീം അടുത്ത ദിവസങ്ങളിൽ ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതേസമയത്തുതന്നെ കുട്ടിയുടെ ബന്ധുവായ കുട്ടി കൂടി സമാനരോഗാവസ്ഥയുമായി ചികിത്സ തേടിയെത്തി. ഇരുവർക്കും അപൂർവമായ നെൽ 1 എം.എൻ പോസിറ്റിവായിരുന്നു. അന്വേഷണത്തിൽ ഈ കുട്ടിയും ഫെയർനെസ് ക്രീം ഉപയോഗിച്ചതായി തെളിഞ്ഞു.
ഇതിനിടെ 29 വയസ്സുകാരനായ മറ്റൊരു യുവാവ് കൂടി സമാനലക്ഷണവുമായി വരികയും അന്വേഷണത്തിൽ ഇതേ ഫെയർനെസ് ക്രീം രണ്ട് മാസമായി ഉപയോഗിച്ചതായി തെളിയുകയും ചെയ്തു. ഇതോടെ ഇതു പോലെ ചികിത്സ തേടിയ മുഴുവൻ പേരെയും വിളിച്ചുവരുത്തി. എട്ടുപേർ ഫെയർനെസ് ക്രീം ഉപയോഗിച്ചവരാണെന്ന് മനസ്സിലായി. ഇതോടെ ഫെയർനെസ് ക്രീം വിശദ പരിശോധനക്ക് വിധേയമാക്കിയെന്ന് ആസ്റ്റർ മിംസിലെ സീനിയർ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത്ത് നാരായണനും പറഞ്ഞു. പരിശോധനയിൽ ക്രീമിൽ മെർക്കുറിയുടേയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാൾ 100 മടങ്ങ് അധികമാണെന്ന് കണ്ടെത്തി. മാസങ്ങൾക്കു മുമ്പ് 'ഓപറേഷൻ സൗന്ദര്യ' വഴി പിടിച്ചെടുത്ത അനധികൃത ഉൽപന്നങ്ങളിൽ ഉൾപ്പെട്ടതാണ് വില്ലനായ ഫേസ് ക്രീം.
*** *** ***
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ജീനിയസ്സുകളിൽ ഒരാളായ സംവിധായകൻ കെ ജി ജോർജ് കാലയവനികയ്ക്കുള്ളിൽ മടങ്ങി. 1946ൽ തിരുവല്ലയിലാണ് കെ ജി ജോർജിന്റെ ജനനം. രാമു കാര്യാട്ടിന്റെ മായ എന്ന സിനിമയിൽ സഹ സംവിധായകനായാണ് കെ ജി ജോർജ് സിനിമാജീവിതത്തിന് തുടക്കം കുറിച്ചത്. 1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് സിനിമാസംവിധാനത്തിൽ ഡിപ്ലോമ എടുത്ത ശേഷമായിരുന്നു സിനിമാപ്രവേശം. മലയാള സിനിമയിലെ കലാമൂല്യവും ജനപ്രീതിയും ഒരുമിച്ച് അരങ്ങു വാണിരുന്ന എഴുപത്-തൊണ്ണൂറുകളിലെ സംവിധാന പ്രതിഭയായിരുന്നു കെ ജി ജോർജ്. മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന വിശേഷിപ്പിക്കാവുന്ന ഉൾക്കടൽ, ആദ്യ ഹാസ്യചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന, കാലത്തിന് മുമ്പേ സഞ്ചരിച്ച 'പഞ്ചവടിപ്പാലം' തുടങ്ങിയവ സിനിമാ ചരിത്രത്തിൽ എന്നെന്നേക്കുമായി അടയാളപ്പെടുത്താൻ കഴിഞ്ഞ ജീവിതമായിരുന്നു കെ ജി ജോർജ്. ഏത് കഥയിലും ഏത് കഥാപാത്രത്തിലും തന്റേതായ രീതി അഭ്രപാളികളിൽ എത്തിച്ചിരുന്നു.
നവമലയാള സിനിമയുടെ പിതാവായി കാണുന്ന കെ ജി ജോർജ് എന്നും സിനിമാ വിദ്യാർത്ഥികൾക്കൊരു മുതൽക്കൂട്ടായിരുന്നു. പത്മരാജൻ, ഭരതൻ ശ്രേണിയിൽ മൂന്നാമത്തെ പേരായി എഴുതിച്ചേർത്ത കെ ജി ജോർജിനെ മലയാള സിനിമയുള്ളിടത്തോളം കാലം പ്രേക്ഷകർ വിസ്മരിക്കില്ല.
രാമുകാര്യാട്ട് 1974ൽ സംവിധാനം ചെയ്ത നെല്ലിന്റെ തിരക്കഥാകൃത്ത് എന്ന നിലയിൽ ആസ്വാദകരുടേയും നിരൂപകരുടേയും ശ്രദ്ധനേടി കെ ജി ജോർജ്. 1975ൽ മുഹമ്മദ് ബാപ്പു നിർമ്മിച്ച 'സ്വപ്നാടനം' എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ടാണ് കെ ജി ജോർജ് മലയാള ചലച്ചിത്ര ലോകത്തേക്ക് പൂർണ സംവിധായകനായി എത്തുന്നത്. ആ വർഷത്തെ ഏറ്റവും മികച്ച തിരക്കഥയ്ക്കും മികച്ച ചലച്ചിത്രത്തിനുമുള്ള കേരള സംസ്ഥാന സിനിമാ പുരസ്‌കാരവും ഏറ്റവും മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയ അവാർഡും ആ ചിത്രം നേടി. ഉൾക്കടൽ, കോലങ്ങൾ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, കഥയ്ക്കുപിന്നിൽ എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ. ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ.
സ്ത്രീപക്ഷ സിനിമകൾ എന്ന ലേബലിൽ തന്നെ ഇപ്പോൾ സിനിമകൾ പുറത്തിറങ്ങുമ്പോൾ അതിന് മുന്നേ ഒരു കണ്ണി കൂടിയുണ്ടായിരുന്നു. ആദാമിന്റെ വാരിയെല്ല്, യവനിക, മറ്റൊരാൾ, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് തുടങ്ങി നിരവധി സിനിമകളിലൂടെ അത് വളരെ സാധാരണമായി കൈകാര്യം ചെയ്ത സംവിധായകനാണ് കെ ജി ജോർജ്. മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ കരിയറിന്റെ തുടക്കത്തിൽ കെ ജി ജോർജ് സിനിമകൾ നല്ല രീതിയിൽ സഹായം ചെയ്തിട്ടുണ്ട്. മികച്ച നടനെന്ന ലേബൽ മമ്മൂട്ടി ഉണ്ടാക്കിയത് കെ ജി ജോർജ് ചിത്രങ്ങളുടെ കൂടി മികവിലായിരുന്നു.
*** *** ***
ജോർജിന്റെ മരണസമയത്ത് കുടുംബാംഗങ്ങൾ കൂടെയുണ്ടായിരുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പിതാവിനെ വൃദ്ധസദനത്തിൽ തള്ളിയതല്ലെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സിഗ്‌നേച്ചർ എന്ന കെയർ സെന്ററിൽ എല്ലാ സൗകര്യങ്ങളോടും കൂടി പാർപ്പിച്ചിരുന്നതാണെന്നും കെ.ജി. ജോർജിന്റെ മകൾ താര ജോർജ് പറഞ്ഞു. അച്ഛന്റെ സിനിമകൾ പോലെ അദ്ദേഹവും പുതിയ ചിന്താഗതിയുള്ള ആളായിരുന്നെന്നും വയസ്സാകുമ്പോൾ കുടുബത്തിന് ഭാരമാകില്ല എന്ന് പറയുമായിരുന്നെന്നും മകൾ ഓർത്തെടുത്തു. സിഗ്‌നേച്ചർ ഒരു ചാരിറ്റി സ്ഥാപനമല്ല പണം വാങ്ങി അന്തേവാസികൾക്ക് വിദഗ്ധ ശുശ്രൂഷ നൽകുന്ന റീഹാബിലിറ്റേഷൻ സെന്ററാണ്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് എല്ലാം ചെയ്തത്. ഞങ്ങൾ നാട്ടിലേക്ക് വരുന്നതിനു മുൻപ് തന്നെ അച്ഛന്റെ അന്ത്യശുശ്രൂഷയ്ക്കുള്ള എല്ലാ നടപടികളും ബി. ഉണ്ണികൃഷ്ണൻ സാറിന്റെ നേതൃത്വത്തിലുള്ളവർ ചെയ്തിരുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സിനിമാപ്രവർത്തകരും എല്ലാം വിളിക്കുകയും എല്ലാ സഹായങ്ങളും ചെയ്തു തന്നുവെന്നും താര പറയുന്നു. ഒരു അഭിമുഖത്തിലാണ് താര ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
'ഞാൻ താര, കെ.ജി. ജോർജിന്റെ മകൾ ആണ്. ഖത്തറിൽ നിന്നും വിവരമറിഞ്ഞ ഉടൻ എത്തുകയായിരുന്നു. എന്റെ മമ്മിയും സഹോദരനും ഭാര്യയും കുട്ടിയും ഗോവയിൽ നിന്നാണ് വന്നത്. ഗണേശ ചതുർഥി ആയതിനാൽ ഫ്ളൈറ്റ് ഒക്കെ ഫുൾ ഫുൾ ആയിരുന്നു. അതുകൊണ്ടാണ് വേഗത്തിൽ അവർക്ക് എത്താൻ കഴിയാതിരുന്നത്. ഡാഡി പണ്ടേ ഞങ്ങളോട് പറയുമായിരുന്നു,''വയസ്സാകുമ്പോൾ ഞാൻ ഒരിക്കലും കുടുംബത്തിന് ഒരു ഭാരമാകില്ല .ഞാൻ ഇതുപോലെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കുമെന്ന്''. അത് ഡാഡിയുടെ തന്നെ തീരുമാനം ആയിരുന്നു. അങ്ങനെയാണ് സിഗ്‌നേച്ചർ എന്ന സെന്ററിൽ അദ്ദേഹം എത്തിയത്. സോഷ്യൽമീഡിയ ആക്ഷേപങ്ങൾക്കെതിരെ പ്രതികരിച്ചു കെ.ജി. ജോർജിന്റെ ഭാര്യ സൽമയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
ഞാൻ ഗോവയിലായിരുന്നു മകന്റെ കൂടെ. അദ്ദേഹത്തോട് പറഞ്ഞിട്ടാണ് പോയത്. ഞാൻ പോയി വരാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം തലയാട്ടിയിരുന്നു. സംസാരിക്കാൻ പറ്റാത്തത് കൊണ്ടാണ്. മകൾ ദോഹയിലാണ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് താമസിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടാണ് ഗോവയിലേക്ക് പോയത്. ഫ്ളൈറ്റ് കിട്ടാൻ താമസമെടുത്തതിനാലാണ് വരവ് വൈകിയത്. ഞാനും എന്റെ മക്കളും അദ്ദേഹത്തെ നന്നായി തന്നെയാണ് നോക്കിയത്. നഴ്സുമാരും ഡോക്ടർമാരുമൊക്കെയുള്ള സ്ഥലത്താണ് അദ്ദേഹത്തെ നിർത്തിയത്. എല്ലാവിധ ചികിത്സകളും അവിടെ കിട്ടുന്നുണ്ടായിരുന്നു. കൊള്ളാമെന്ന് തോന്നിയിട്ടാണ് അദ്ദേഹത്തെ അവിടേക്ക് മാറ്റിയത്. ആളുകൾ അതും ഇതും പറയുന്നുണ്ട്. മോശം കമന്റുകളൊക്കെ ഞങ്ങളും കണ്ടിരുന്നു. അതൊന്നും ഞങ്ങൾക്ക് വിഷയമല്ല. നല്ലപോലെ സിനിമകൾ ചെയ്തെങ്കിലും അഞ്ച് കാശ് പുള്ളിയുണ്ടാക്കിയില്ല. അതാണ് ഞങ്ങളുടെ വിഷമം. സ്വത്ത് മുഴുവൻ എടുത്ത് പുള്ളിയെ ഒഴിവാക്കിയെന്നാണ് യൂട്യൂബിലൊക്കെ കണ്ടത്. അതേക്കുറിച്ചൊന്നും ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. ദൈവത്തെ പേടിച്ച് ജീവിക്കുന്നവരാണ് ഞാനും മക്കളും.
*** *** ***
സിനിമാ താരങ്ങളും സെലിബ്രറ്റികളുമടക്കം സാധാരണക്കാരൻ വരെ നേരിടുന്നൊരു വലിയ വെല്ലുവിളിയാണ് സൈബർ ബുള്ളിയിങ്. സോഷ്യൽ മീഡിയയിലൂടെ മോശം കമന്റുകളും മറ്റും പറഞ്ഞ് ആക്രമിക്കുന്നത് സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. ഇത്തരം സൈബർ ബുള്ളിയിങ്ങിനെതിരെ ശക്തമായ സൈബർ നിയമങ്ങൾ നിലനിൽക്കുന്നുണ്ട് എന്നത് കൊണ്ട് പലരും പരസ്യമായി രംഗത്തുവന്നു പ്രതികരിക്കാറുണ്ട്. കുറേ കാലമായി തന്നെ സൈബർ ബുള്ളിയിങ് നടത്തുന്ന ഒരാളെ കണ്ടെത്തിയിരിക്കുകയാണ് നിർമ്മാതാവും നടൻ പൃഥ്വിരാജ് സുകുമാരന്റെ പങ്കാളിയുമായ സുപ്രിയ മേനോൻ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്. 'നിങ്ങൾ എപ്പോഴെങ്കിലും സൈബർ ബുള്ളിയിങ് നേരിട്ടിട്ടുണ്ടോ? എനിക്ക് കുറച്ച് വർഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാവുന്നുണ്ട്. വർഷങ്ങളായി ഒന്നിൽ കൂടുതൽ ഫേയ്ക്ക് ഐഡികളിൽ നിന്നും സോഷ്യൽ മീഡിയയിൽ എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും സൈബർ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്. മരിച്ചു പോയ എന്റെ അച്ഛനെ കുറിച്ച് വരെ വളരെ മോശമായ കമന്റ് ഇട്ടിട്ടുണ്ട്. അവളൊരു നഴ്‌സാണ്, ഒരു കുട്ടിയുടെ അമ്മയുമാണ്. ഞാൻ നിന്നെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് നിനക്കറിയാം' സുപ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. അടുത്ത സ്റ്റോറിയായി ഈ വെളിപ്പെടുത്തലിലൂടെ തനിക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. അവളുടെ പേര് വെളിപ്പെടുത്തണോ അതോ അവൾക്കെതിരെ കേസ് കൊടുക്കണോ എന്നാണ് സുപ്രിയ ചോദിക്കുന്നത്. സ്റ്റോറി ഇട്ടതിന് പിന്നാലെ മുൻപുണ്ടായിരുന്ന കമന്റുകൾ അവൾ ഡിലീറ്റ് ചെയ്യുന്നുണ്ടെന്നും സുപ്രിയ പറഞ്ഞു.
*** *** ***
ഹണി റോസ് ടീച്ചർ ആയിരുന്നെങ്കിൽ കുട്ടികൾ ദിവസവും സ്‌കൂളിൽ പോയേനെ എന്ന് ധ്യാൻ ശ്രീനിവാസൻ. സഹപ്രവർത്തകരെ കുറിച്ചും മറ്റ് താരങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ധ്യാൻ. ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് പേഴ്സണലി അറിയില്ലെന്ന് പറഞ്ഞാണ് ധ്യാൻ സംസാരിച്ചത്. അതുകൊണ്ട് അത്തരത്തിൽ പറയാൻ കഴിയില്ല എന്നായിരുന്നു ധ്യാനിന്റെ ആദ്യ മറുപടി. ഹണി റോസിനെ ആരായി കാണണം എന്ന ചോദ്യത്തോട് രസകരമായാണ് ധ്യാൻ പ്രതികരിച്ചത്. അവർ നല്ല സൗന്ദര്യം ഉള്ള നടിയാണ്. സ്‌കൂളിലെയോ കോളേജിലെയോ മറ്റോ ടീച്ചറൊക്കെ ആയിരുന്നെങ്കിൽ മലർ മിസ്സിനെ പോലെ കുട്ടികൾക്ക് ക്രഷ് തോന്നിയേനെ എന്നാണ് ധ്യാൻ പറയുന്നത്. ''ഹണി റോസ് ടീച്ചറായിരുന്നെങ്കിൽ ഒറ്റ ദിവസവും കുട്ടികൾ ക്ലാസ് മിസ് ചെയ്യില്ല.
എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ടീച്ചർമാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്. കോളേജിൽ പഠിക്കുമ്പോൾ എന്റെ ക്രഷ് ടീച്ചർമാരായിരുന്നു'' ധ്യാൻ പറഞ്ഞു. ഫഹദ് ഫാസിൽ, പൃഥ്വിരാജ്, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, നയൻതാര തുടങ്ങിയവരെ കുറിച്ചും ധ്യാൻ അഭിമുഖത്തിൽ പ്രതിപാദിച്ചു. അജു വർഗീസിനെ കുറിച്ചുള്ള ചോദ്യത്തിന് അജു സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ വല്ല കേസിലുംപെട്ട് ജയിലിൽ കഴിയുന്നുണ്ടാകും എന്നായിരുന്നു മറുപടി. ഒരു കാലത്ത് പുള്ളി ഒരു പബ്ലിക് ന്യൂയിസൻസ് ആയിരുന്നു. എന്റെ വേറൊരു വേർഷൻ. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടാവില്ല. പിന്നെ ജയിലിലാകുമ്പോൾ എല്ലാ ജോലിയും ചെയ്യേണ്ടി വരുമല്ലോ. ഫഹദ് ഫാസിൽ നടനായിരുന്നില്ലെങ്കിൽ അദ്ദേഹം ഒരു കാർ റേസറോ മറ്റോ ആകുമായിരുന്നു എന്നായിരുന്നു പ്രതികരണം.
*** *** ***
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര 50 സെക്കൻഡുള്ള ഒരു പരസ്യത്തിന് വാങ്ങുന്ന പ്രതിഫലം അഞ്ചു കോടിയാണെന്നാണ് ന്യൂസ് 18 പുറത്തുവിട്ട റിപ്പോർട്ട്. പരസ്യങ്ങൾക്ക് ശരാശരി 4 മുതൽ 7 കോടി രൂപ വരെ വാങ്ങാറുണ്ട്. നാല് ആഡംബര വീടുകളാണ് താരത്തിനുളളത്. ഇപ്പോൾ ഭർത്താവ് വിഗ്‌നേഷുമായി ചെന്നൈയിലെ ഫ്‌ളാറ്റിലാണ് താരം താമസം. ഈ ഫ്‌ളാറ്റിന് 100 കോടി രൂപ വിലയുണ്ട്. ഫ്‌ളാറ്റിൽ സിനിമ തീയേറ്റർ, സ്വിമ്മിംഗ്പൂൾ, ജിം എന്നീ സൗകര്യങ്ങളുണ്ട്. 30 കോടി രൂപ വിലയുള്ള ഒരു ഫ്‌ളാറ്റ് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലും താരത്തിന് സ്വന്തമായുണ്ട്. മാസങ്ങൾക്ക് മുമ്പാണ് നയൻതാര മുംബൈയിൽ പുതിയൊരു അപ്പാർട്ട്മെന്റ് വാങ്ങിയത്.
ആഡംബര വാഹനങ്ങളോട് അതീവ താൽപര്യമുള്ളയാളാണ് നയൻതാര. അതുകൊണ്ട് തന്നെ താരത്തിന്റെ ഗാരേജിൽ നിരവധി ആഡംബര കാറുകളാണുള്ളത്. ബിഎംഡബ്ല്യു 7 സീരീസ്, മേഴ്‌സിഡസ് ബെൻസ് ജിഎൽഎസ് 350 ഡി, ബിഎംഡബ്ല്യൂ 5 സീരീസ് എന്നിങ്ങനെ വരും. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം നയൻതാരയ്ക്ക് 200 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സൂചന.
ഇന്ത്യൻ സിനിമയിൽ കോടികൾ പ്രതിഫലം വാങ്ങുന്ന ഒരുപാട് നായികമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഇപ്പോൾ നയൻതാര. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്ന നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഷാരൂഖ് ഖാൻ നായകനായ ജവാനിൽ നായിക വേഷത്തിൽ നയൻതാരയായിരുന്നു. ചിത്രം വമ്പൻ ഹിറ്റിലേക്ക് കടന്നിരിക്കുകയാണ്. ബോക്സോഫീസ് കണക്ക് പ്രകാരം ചിത്രം 1000 കോടി കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സിനിമയിൽ ചുരുക്കം ചിലർക്ക് മാത്രമാണ് സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ളത്. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം നയൻതാരയ്ക്ക് സ്വന്തമായി ഒരു പ്രൈവറ്റ് ജെറ്റുണ്ട്.
കൊച്ചിയിലെ മലയാളം ടിവി ചാനലിൽ ആങ്കറായിരുന്ന ഒരു സാദാ മലയാളി പെൺകുട്ടിയുടെ ജീവിതമാണ് മാറി മറിഞ്ഞത്. നയൻസ് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ. ആരുമറിയാതിരുന്ന ദ്രൗപതി മുർമു എന്ന വനിതയാണ് രാഷ്ട്രത്തിന്റെ പ്രഥമ വനിത. ഇതാണ് അവസരങ്ങളുടെ അക്ഷയഖനിയായ ഇന്ത്യ.
*** *** ***
കാനഡയും ഇന്ത്യയും ചെറിയ പിണക്കത്തിലാണ്. ഇതൊന്നും അധികം നീണ്ടുനിൽക്കില്ല. ഇപ്പോഴത്തെ പ്രതിസന്ധിയിൽ രോഷാകുലരായ യു.പിയിലെ ചിലർ കാനഡയ്‌ക്കെതിരെ പ്രതിഷേധിച്ചുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ കണ്ടത്.
പ്രതിഷേധം കാനറാ ബാങ്കിന്റെ ശാഖകൾക്ക് മുമ്പിലായിരുന്നുവെന്നും ചിത്ര സഹിതം പ്രചരിച്ചു. ബി.ജെ.പിയുടെ കൊടിയുമേന്തിയാണ് ജാഥകളെത്തിയത്. ഈ കാമ്പയിന് എന്നാൽ അധികം ആയുസ്സുണ്ടായില്ല. മനോരമയുടെ ഫാക്റ്റ് ചെക്കിംഗ് ടീം ഇതിലെ സത്യാവസ്ഥ കണ്ടെത്തി. യഥാർഥത്തിൽ ഇത് തമിഴുനാട്ടിൽ ബി.ജെ.പി ഏതാനും വർഷങ്ങൾക്കപ്പുറം നടത്തിയ സമരമായിരുന്നു. ഇതിലും മാരകമായ ഒന്നാണ് കേരളത്തിന്റെ പ്രതിഛായ തകർക്കാൻ മെനഞ്ഞുണ്ടാക്കിയ കൊല്ലത്തെ ചാപ്പ കുത്തൽ സംഭവം. പട്ടാളക്കാരനെ പിടിച്ചു കൂട്ടിക്കൊണ്ടു പോയി പച്ച പെയിന്റ് കൊണ്ട് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ചുരുക്കപ്പേരായ പി.എഫ്.ഐ എന്ന് ദേഹത്ത് കുറിച്ചു വെച്ചു. സംഭവം പശു ബെൽറ്റിലേക്ക് വരെ ആളിപ്പടർന്നു. ദേശീയ ചാനലുകൾ സംവാദങ്ങൾ നടത്തി. കേരള പോലീസ് കാര്യക്ഷമമായി ഉണർന്നു പ്രവർത്തിച്ചു.
ഇത് കെട്ടിച്ചമച്ച സംഭവമാണെന്ന് തിരിച്ചറിഞ്ഞ പോലീസ് സേനയെ മേജർ രവി മാത്രമല്ല, കേരളം ഇതേ പോലെ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന എല്ലാ മലയാളികളും അഭിനന്ദിക്കും. സൈനികൻ തനിക്ക് കേരളത്തിൽ നേരിട്ട അനുഭവം പുറത്തു പറഞ്ഞ മണിക്കൂറുകളിൽ ഗൂഗിളിൽ ന്യൂസ് സെക്്ഷനിൽ നോക്കിയപ്പോൾ ഇന്ത്യയിലെ എല്ലാ ഭാഷയിലും (കൂടുതലും ഹിന്ദി) ഇതു സംബന്ധിച്ച തലവാചകങ്ങൾ കണ്ടു. എന്നാൽ സംഗതി ചീറ്റി പോയപ്പോൾ ഏതാനും മലയാള സൈറ്റുകളിലും ചില ഇംഗ്ലീഷ് പത്രങ്ങളിലും മാത്രമേ കണ്ടുള്ളു. ഇത് മഹാമോശമായിപ്പോയി, കേരളത്തിന് സംഭവിച്ച ഡാമേജ് അതേ പടി നിലനിൽക്കുന്നു.






