തങ്ങളുടെ ആത്മാവിഷ്‌കാരമായ സംഗീതം സമൂഹത്തിലേക്ക് എത്തിക്കാനും അംഗീകാരം നേടിയെടുക്കാനും സംഗീതജ്ഞകൾ അനുഭവിച്ച ത്യാഗങ്ങളും അവഗണനകളും വിവരണാതീതമാണ്. അവരിൽ ചിലർക്ക് തങ്ങൾ ജനിച്ച ദേശങ്ങളും കുടുംബ ബന്ധങ്ങളുമൊക്കെ ഇതിനു വേണ്ടി ഉപേക്ഷിക്കേണ്ടി പോലും വരികയും ചെയ്തിട്ടുണ്ട്. സംഗീതവാസനയെ വളർത്താനുള്ള ശിക്ഷണം ലഭിക്കാനായി ഗുരുക്കൻമാരെ തേടിയുള്ള അലച്ചിൽ അവർക്ക് വെല്ലുവിളി തന്നെയായിരുന്നു.
സമൂഹത്തിൽ എന്നും സ്ത്രീകൾക്ക് ഇടം നേടിയെടുക്കാൻ ശബ്ദമുയർത്തേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പ്രതിഷേധത്തിന്റെയോ സംസാരത്തിന്റെയോ ചിലപ്പോഴെല്ലാം മുഷ്ടി ചുരുട്ടലിനും ശേഷമാണ് പലപ്പോഴും തുല്യമായ പാതി പോലും കിട്ടി തുടങ്ങിയത്. ഈ ചരിത്രമെല്ലാം പലപ്പോഴായി രേഖപ്പെടുത്തി വെക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ ശാസ്ത്രീയ സംഗീതത്തിലെ സ്ത്രീകൾക്ക് പുരുഷാധിപത്യ പ്രവണതകളോട് മാത്രമല്ല അവർ ജീവിച്ച കാലത്തോടും സാഹചര്യങ്ങളോടും കഠിനമായി യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട.് ഈ രംഗത്ത് മഹനീയരായ വനിതകൾക്ക് എന്നത് പലർക്കും അറിയപ്പെടാത്തതും അതിലേക്കാളുപരി മലയാളത്തിൽ വേണ്ടത്ര രേഖപ്പെടുത്തപ്പെടാതെ പോയ കാര്യങ്ങളിലുമൊന്നാണ്. അങ്ങനെ രേഖപ്പെടുത്താതെ പോയ അവരുടെ ജീവിത സമരങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

അത്തരമൊരു ചരിത്ര ദൗത്യമാണ് ഡോ. എൻ. രേണുകയും നദീം നൗഷാദും ചേർന്ന് എഴുതിയ ഇന്ത്യൻ സംഗീതത്തിലെ പെൺപാതകൾ: വിഷാദത്തിന്റെയും ആത്മബോധത്തിന്റെയും ചരിത്രഗീതികൾ എന്ന പുസ്തകം നിർവഹിച്ചിരിക്കുന്നത്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ വിഖ്യാതരും വിസ്മൃതരുമായ പെൺജീവിതങ്ങളെ കുറിച്ചും അവരുടെ പോരാട്ടങ്ങളെയും അതിജീവനത്തെയും കുറിച്ചും ഗവേഷണ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന സാധ്യതകളിലേക്ക് തുറന്നു വിടുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സമകാലിക പ്രസക്തി.

ലൈംഗിക ചൂഷണത്തെ  എതിർത്തതിന്റെ പേരിൽ ഒരു പോലീസ് ഓഫീസർ കത്തികൊണ്ട് മുഖത്ത് ഏൽപിച്ച മുറിപ്പാടുകൾ മറയ്ക്കാൻ  തിരശ്ശീലയ്ക്ക് പിറകിൽനിന്ന് പാടേണ്ടി വന്ന ജാനകി ബായ്  അലഹബാദ്, ഹിന്ദി സിനിമയിലെ ആദ്യത്തെ സംഗീത സംവിധായികയും ഗായികയുമായ ജദ്ദൻബായി, ഗ്രാമഫോണിൽ ആദ്യമായി ശബ്ദം കേൾപ്പിച്ച ഗൗഹർജാൻ, മൈഹർ ഘരാനയിലൂടെ അനേകം പ്രഗത്ഭ ശിഷ്യരെ സൃഷ്ടിച്ച അന്നപൂർണ്ണ ദേവി, കർണാടക സംഗീതത്തിന്റെ  കീർത്തി ലോകത്തിനു മുമ്പിൽ എത്തിച്ച എം.എസ് സുബ്ബലക്ഷ്മി, ജാതിവിലക്കുകളെ അതിജീവിച്ച് ആദ്യമായി പാടിയ ബ്രാഹ്മണ വനിത ഡി. കെ. പട്ടമ്മാൾ, തഞ്ചാവൂർ കൊട്ടാരത്തിലെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും പാരമ്പര്യം പുതിയ കാലത്തിന് നൽകിയ  വീണാ ധനമ്മാൾ, ശബ്ദത്തിന്റെ പരിമിതികളെയും ജാതിയുടെ മുൻവിധികളെയും അതിജീവിച്ച കിരാന ഘരാനയുടെ  കുലപതി ഗംഗുബായി ഹംഗൽ എന്ന് തുടങ്ങി ഹിന്ദുസ്ഥാനി സംഗീതത്തിലേയും കർണ്ണാടക സംഗീതത്തിലേയും 35  സംഗീതജ്ഞകളുടെ ജീവിതവും സംഗീതവും ചരിത്രപരമായി  രേഖപ്പെടുത്തുന്നതാണ് ഈ പുസ്തകം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവരുടെ സംഭവബഹുലവും ക്ലേശകരവുമായ ജീവിതത്തിലേക്ക് തുറന്നു വെയ്ക്കുന്ന ഒരു വാതിലാണ്  ഈ പഠന ഗ്രന്ഥം.

പ്രസാധന  രംഗത്തെ പെൺകൂട്ടായ്മയായ സമത ബുക്സാണ്  ഈ പുസ്തകം യാഥാർഥ്യമാക്കിയത്. സാധാരണക്കാരനു പോലും  മനസ്സിലാക്കാൻ പറ്റുന്ന സരളമായ  ശൈലിയാണ് പുസ്തക രചനയിൽ എഴുത്തുകാർ സ്വീകരിച്ചിരിക്കുന്നത്. ജാതിയുടെയോ വർണത്തിന്റെയോ ലിംഗപദവിയുടെയോ അടിസ്ഥാനത്തിൽ പ്രതിഭകളെ തമസ്‌കരിച്ചിരുന്ന ഒരു കാലഘട്ടത്തെ ഇതിൽ വായിച്ചെടുക്കാം.  ഈ വിഷയത്തിൽ മലയാളത്തിലെ  മാത്രമല്ല ഒരു പക്ഷെ ഇന്ത്യയിലെ തന്നെ ആദ്യത്തെ പുസ്തകമാവാം. കാരണം കർണാട്ടിക്ക് സംഗീതത്തിലേയും  ഹിന്ദുസ്ഥാനി സംഗീതത്തിലേയും ഗായികമാരെ കുറിച്ചുള്ള പുസ്തകം ഇംഗ്ലീഷിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ വിഭാഗത്തിലെ ഒരേയൊരു പുസ്തകം കർണാട്ടിക് സംഗീതത്തിലെ ഗായികമാരെ കുറിച്ച് ഇന്ദിര മേനോൻ എഴുതിയ പുസ്തകമായിരുന്നു. അതിലാകട്ടെ  കർണാട്ടിക്ക് സംഗീതത്തിലെ ആറു ഗായികമാരെ കുറിച്ച് മാത്രമുള്ള പഠനമാണ്. എന്നാൽ ഈ  പുസ്തകത്തിൽ കർണാട്ടിക്കിലേയും  ഹിന്ദുസ്ഥാനിയിലേയും  35  പേരെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

തങ്ങളുടെ  ആത്മാവിഷ്‌ക്കാരമായ സംഗീതം സമൂഹത്തിലേക്ക് എത്തിക്കാനും അംഗീകാരം നേടിയെടുക്കാനും  സംഗീതജ്ഞകൾ അനുഭവിച്ച ത്യാഗങ്ങളും അവഗണനകളും വിവരണാതീതമാണ്. അവരിൽ ചിലർക്ക് തങ്ങൾ ജനിച്ച ദേശങ്ങളും കുടുംബ ബന്ധങ്ങളുമൊക്കെ ഇതിനു വേണ്ടി ഉപേക്ഷിക്കേണ്ടി പോലും വരികയും ചെയ്തിട്ടുണ്ട്. സംഗീത വാസനയെ വളർത്താനുള്ള  ശിക്ഷണം  ലഭിക്കാനായി  ഗുരുക്കൻമാരെ തേടിയുള്ള  അലച്ചിൽ അവർക്ക് വെല്ലുവിളി തന്നെയായിരുന്നു. ദാരിദ്രവും, ശിഥിലമായ  കുടുംബ ബന്ധങ്ങളും ഓരോ സംഗീതജ്ഞയുടെയും  ജീവിതത്തിൽ സാധാരണ സംഭവമായി  മാറിയിരുന്നു. അവർക്ക് നേരിടേണ്ടി വന്ന അവഗണയിൽ  തളരാതെ പോരാടിയവരും വീണു പോയവരും ഉണ്ട്. വീണു പോയവർ വിസ്മൃതിയിലാവുകയും അതിജീവിച്ചവർ പ്രശസ്തരാവുകയും ചെയ്തു. ആദ്യകാലങ്ങളിൽ  സാമൂഹികമായി  നിലനിന്നിരുന്ന കെട്ടുപാടുകളുടെയും സ്ത്രീ എന്ന നിലയിലുള്ള  വിലക്കുകളെയും അവർക്ക് അഭിമുഖീകരിക്കേണ്ടി  വന്നിട്ടുണ്ട്. ഇങ്ങനെയുള്ള  നിരവധി  പ്രതിഭാശാലികളെ  ഇന്ത്യൻ സംഗീതത്തിലെ  പെൺപാതകൾ എന്ന പുസ്തകം വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.
ഇന്ത്യൻ മധ്യവർഗ സമൂഹം അകറ്റി നിർത്തിയിരുന്ന തവായഫുകളിൽ നിന്നായിരുന്നു  ഹിന്ദുസ്ഥാനി  സംഗീതത്തിലെ ആദ്യകാല ഗായികമാരെങ്കിൽ ദേവദാസികളിൽ നിന്നായിരുന്നു  കർണാടക സംഗീതത്തിലെ  പ്രമുഖ ഗായികമാർ വന്നത്. ഈ രണ്ടു കൂട്ടർക്കും കലാലോകത്ത് അവർ അർഹിക്കുന്ന പദവിയും ബഹുമാനവും ലഭിച്ചിരുന്നു. എന്നാൽ അന്നത്തെ  മധ്യവർഗ സമൂഹം ഇവരെ മോശക്കാരായിട്ടായിരുന്നു കണ്ടിരുന്നത്. ക്രിസ്ത്യൻ  മിഷനറിമാർ ഉണ്ടാക്കിവെച്ച വിക്ടോറിയൻ സദാചാര ബോധത്തിൽ  നിന്ന് പുറത്തുകടക്കാൻ പറ്റാത്തത് കൊണ്ടായിരുന്നു തവായഫുകളെയും ദേവദാസികളെയും കലാകാരികളായി അംഗീകരിക്കുന്നതിൽ അന്നത്തെ മധ്യവർഗ സമൂഹം പിന്നാക്കം പോയത്. 

1902-ൽ ഗ്രാമഫോണിന്റെ  വരവ്  ഇന്ത്യൻ സംഗീതത്തിലെ ഒരു സുപ്രധാനമായ ഏടായിരുന്നു. ഗ്രാമഫോണിന്റെ വരവ് ഇന്ത്യൻ സംഗീതത്തെ തന്നെ മാറ്റിമറിച്ചു. ഈ പുത്തൻ സാങ്കേതിക വിദ്യ ഉദ്ഘാടനം ചെയ്തത് ഒരു പുരുഷനല്ല, സ്ത്രീയായിരുന്നു  എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട  കാര്യം. സ്ത്രീകൾക്ക് വിവിധ രീതിയിലുള്ള അലിഖിതമായ സാമൂഹ്യ വിലക്കുകൾ നിലനിൽക്കുന്ന സമയത്താണ് ഇത്തരമൊരു നേട്ടം എന്നതും ശ്രദ്ധേയമാണ്. ഫ്രഡറിക്ക് വില്യം ഗൈസ്‌ബെർഗ്  എന്ന   സൗണ്ട് എഞ്ചിനിയർ  'കൊൽക്കത്തയിലെ  കുയിൽ'  എന്നു  വിശേഷിപ്പിക്കപ്പെട്ട ഗൗഹർജാനെ കണ്ടുമുട്ടിയ ആ കഥ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ''ഗൈസ്‌ബെർഗ്  1902 നവംബറിൽ ഇന്ത്യയിൽ വന്നു. ഗ്രാമഫോൺ വിപണി കീഴടക്കുകയായിരുന്നു ലക്ഷ്യം. 
കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ രണ്ടു വലിയ മുറികൾ റെക്കോർഡിംഗിന്  വേണ്ടി തയ്യാറാക്കിയിരുന്നു. പാട്ടുകാരെ കണ്ടെത്താനും  അവർക്ക് പരിശീലനം കൊടുക്കാനും തദ്ദേശിയരായ കുറച്ച് പ്രതിനിധികളെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. നർത്തകികളായ സോഷിമുഖി,  ഫനിബാല എന്നിവരുടെ ശബ്ദമാണ് ആദ്യം  റെക്കോർഡ് ചെയ്തത് . പക്ഷെ ഗൈസ്ബർഗിന്റെ  അഭിപ്രായത്തിൽ അവരുടെ ശബ്ദം പരിതാപകരമായിരുന്നു. അനുയോജ്യമായ ഒരു ശബ്ദം തേടി  അന്വേഷണമായി. ഒടുവിൽ ഒരു ഗായികയെ കണ്ടെത്തി. ഒരു സമീന്ദാറിന്റെ  വീട്ടിൽ പാടാൻ വന്ന മുപ്പതുകാരിയായ ഗൗഹർ ജാൻ. കൊൽക്കത്തയിലെ അറിയപ്പെടുന്ന നർത്തകിയും ദർബംഗ, രാപൂർ കൊട്ടാരങ്ങളിലെ ഗായികയുമായിരുന്ന  ഗൗഹറിന്റെ പാട്ടുകൾക്ക് ആരാധകർ ഏറെ ഉണ്ടായിരുന്നു. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് നല്ല ആത്മവിശ്വാസത്തോടെ ഗൗഹർ ജാൻ റെക്കോർഡിംഗ് സ്റ്റുഡിയോവിൽ  വന്നു. ജോഗിയ രാഗത്തിലുള്ള ഒരു ഖയാൽ മൂന്ന് മിനുട്ട് പാടി. അങ്ങനെ 1902 നവംബർ 14 ന്  ഗ്രാമഫോണിൽ  ആദ്യമായി ഇന്ത്യൻ സംഗീതം റെക്കോർഡ് ചെയ്തു.
നിരവധി പുസ്തകങ്ങളും  വീഡിയോകളും റഫർ ചെയ്താണ് ഇന്ത്യൻ സംഗീതത്തിലെ പെൺപാതകൾ എഴുതിയതെന്ന്  ഗ്രന്ഥകർത്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ പുസ്തകം സംഗീത ഗവേഷകർക്ക് ഒരു മുതൽകൂട്ടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. സംഗീതജ്ഞകളുടെ ജീവിതത്തെ  സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ്  ഈ പുസ്തകത്തിന്റെ ലക്ഷ്യം എന്ന്  ഇരുവരും ആമുഖത്തിൽ പറയുന്നുണ്ട്.  
സമത  ബുക്സ്  ഈ പുസ്തകം വായനക്കാരിൽ എത്തിക്കുന്നതിലൂടെ ഒരു സാമൂഹ്യ ദൗത്യം കൂടിയാണ്  ഏറ്റെടുത്തിരിക്കുന്നതെന്നതും രേഖപ്പെടുത്താതെ വയ്യ.
ഇന്ത്യൻ സംഗീതത്തിലെ പെൺപാതകൾ: 
വിഷാദത്തിന്റെയും ആത്മബോധത്തിന്റെയും 
ചരിത്ര ഗീതികൾ (ജീവിത രേഖ)
ഡോ  എൻ.  രേണുക, നദീം നൗഷാദ് 
സമത ബുക്സ്, തൃശൂർ 
വില : 350 രൂപ.

	
	




