എട്ടാം ദിനം ആദ്യ സ്വര്‍ണം, ട്രാപ്പില്‍ ഇന്ത്യ ചാമ്പ്യന്മാര്‍

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനം ഷൂട്ടിംഗ് പുരുഷ ടീമിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷ ട്രാപ്പില്‍ കയ്‌നാന്‍ ദാരിയുസ് ചിനായ്, സൊരാവര്‍ സിംഗ് സന്ധു, പൃഥ്വിരാജ് തൊണ്ടയ്മാന്‍ എന്നിവരടങ്ങുന്ന ടീം ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് ചാമ്പ്യന്മാരായത്. കുവൈത്തിനെയും ചൈനയെയുമാണ് ഇന്ത്യ പിന്നിലാക്കിയത്. മൂന്ന് ഇന്ത്യന്‍ ഷൂട്ടര്‍മാരും ആദ്യ എട്ടില്‍ സ്ഥാനം പിടിച്ച് ഫൈനലിലേക്ക് മുന്നേറാന്‍ യോഗ്യത നേടിയെങ്കിലും സൊരാവറും കയ്‌നാനും മാത്രമേ ഫൈനലിലുണ്ടാവൂ. ഒരു രാജ്യത്തു നിന്ന് രണ്ടു പേര്‍ക്കേ ഫൈനലില്‍ അവസരം ലഭിക്കൂ. ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഇരുപത്തൊന്നാമത്തെ മെഡലാണ് ഇത്. 
നേരത്തെ രാജേശ്വരി കുമാരിയും മനീഷ കീറും പ്രീതി രജക്കുമുള്‍പ്പെട്ട വനിതാ ട്രാപ് ടീം ചൈനക്കു പിന്നില്‍ വെള്ളി കരസ്ഥമാക്കിയിരുന്നു. കസാഖിസ്ഥാനാണ് വെങ്കലം. റോളര്‍സ്‌കെയ്റ്റിംഗില്‍ വിക്രം രാജേന്ദ്ര ഇന്‍ഗാലെക്ക് കഷ്ടിച്ച് വെങ്കലം നഷ്ടപ്പെട്ടു.
വനിതാ ഗോള്‍ഫില്‍ അവസാനം വരെ മുന്നിലുണ്ടായിരുന്ന അതിഥി അശോകിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അവസാന ദിനം ആരംഭിക്കുമ്പോള്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ താരത്തിന് വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാല്‍ അതിഥിക്ക് തുടരെ പിഴച്ചതോടെ തായ്‌ലന്റിന്റെ അര്‍പിചായ യുബോള്‍ സ്വര്‍ണം നേടി. തെക്കന്‍ കൊറിയയുടെ ഹ്യുംഗ്‌ജോ യൂവിനാണ് വെങ്കലം.
മറ്റൊരു വെള്ളി കൂടി ഇന്ത്യക്ക് ലഭിച്ചു. അത്‌ലറ്റിക്‌സിന്റെ 200 മീറ്ററില്‍ ഇന്ത്യയുടെ അംലന്‍ ബോര്‍ഗഹൈനും സൗദി അറേബ്യയുടെ അബ്ദുല്ല അക്ബര്‍ മുഹമ്മദും സെമി ഫൈനലിലേക്ക് മുന്നേറി.
 

Latest News