അതിഥി സ്വര്‍ണം കൈവിട്ടു, വനിതാ ട്രാപ് ടീമിന് വെള്ളി

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ വനിതാ ഗോള്‍ഫില്‍ അവസാനം വരെ മുന്നിലുണ്ടായിരുന്ന അതിഥി അശോകിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അവസാന ദിനം ആരംഭിക്കുമ്പോള്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ താരത്തിന് വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാല്‍ അതിഥിക്ക് തുടരെ പിഴച്ചതോടെ തായ്‌ലന്റിന്റെ അര്‍പിചായ യുബോള്‍ സ്വര്‍ണം നേടി. തെക്കന്‍ കൊറിയയുടെ ഹ്യുംഗ്‌ജോ യൂവിനാണ് വെങ്കലം.
മറ്റൊരു വെള്ളി കൂടി ഇന്ത്യക്ക് ലഭിച്ചു. ഷൂട്ടിംഗില്‍ ഇന്ത്യ ഇരുപതാമത്തെ മെഡല്‍ നേടി. രാജേശ്വരി കുമാരിയും മനീഷ കീറും പ്രീതി രജക്കുമുള്‍പ്പെട്ട വനിതാ ട്രാപ് ടീം ചൈനക്കു പിന്നില്‍ വെള്ളി കരസ്ഥമാക്കി. കസാഖിസ്ഥാനാണ് വെങ്കലം. റോളര്‍സ്‌കെയ്റ്റിംഗില്‍ വിക്രം രാജേന്ദ്ര ഇന്‍ഗാലെക്ക് കഷ്ടിച്ച് വെങ്കലം നഷ്ടപ്പെട്ടു.
ഷൂട്ടിംഗില്‍ പുരുഷ ട്രാപ്പില്‍ ഇന്ത്യ മൂന്ന് മെഡല്‍ വരെ നേടാന്‍ സാധ്യതയുണ്ട്. ടീം ഇനത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ് മുന്നേറുന്നത്. വ്യക്തിഗത വിഭാഗത്തില്‍ കയ്‌നാന്‍ ദാരിയുസ് ചിനായ് രണ്ടാം സ്ഥാനത്തും സൊരാവര്‍ സിംഗ് സന്ധു നാലാം സ്ഥാനത്തുമുണ്ട്.  
അത്‌ലറ്റിക്‌സിന്റെ 200 മീറ്ററില്‍ ഇന്ത്യയുടെ അംലന്‍ ബോര്‍ഗഹൈനും സൗദി അറേബ്യയുടെ അബ്ദുല്ല അക്ബര്‍ മുഹമ്മദും സെമി ഫൈനലിലേക്ക് മുന്നേറി.
 

Latest News