ലോകകപ്പ് സന്നാഹം കാര്യമായി, കാര്യവട്ടത്ത് സ്റ്റാര്‍ക്കിന് ഹാട്രിക്

തിരുവനന്തപുരം - മഴ ഇടങ്കോലിട്ടതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സന്നാഹ മത്സരങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ മുന്നേറുന്നതിനിടെ കാര്യവട്ടത്ത് കളി കാര്യമായി. നെതര്‍ലാന്റ്‌സിനെതിരെ ഓവര്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് ഹാട്രിക് നേടി. ഒന്നാന്തരം ഓള്‍റൗണ്ട് പ്രകടനമാണ് പരിക്കിനു ശേഷം തിരിച്ചുവന്ന സ്റ്റാര്‍ക്ക് കാഴ്ചവെച്ചത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ സ്റ്റാര്‍ക്ക് കളിച്ചിരുന്നില്ല. 
മഴ കാരണം അഞ്ചു മണിക്കൂറോളം വൈകിയതിനാല്‍ 23 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ നെതര്‍ലാന്റ്‌സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സിലൊതുക്കി. മറുപടിയായി 14.2 ഓവറില്‍ ആറിന് 84 ല്‍ നെതര്‍ലാന്റ്‌സ് പരുങ്ങുമ്പോള്‍ മഴ വീണ്ടും വില്ലനായെത്തി. ഓസീസിന്റെ ആദ്യ ഓവര്‍ എറിഞ്ഞ ഇടങ്കൈയന്‍ പെയ്‌സര്‍ അഞ്ചാമത്തെയും ആറാമത്തെയും പന്തില്‍ വിക്കറ്റെടുത്തു. അടുത്ത ഓവറിലെ ആദ്യ പന്തിലും. സന്നാഹ മത്സരങ്ങള്‍ക്ക് ഔദ്യോഗിക പദവി ഇല്ലാത്തതിനാല്‍ ഹാട്രിക്കിന് വലിയ പ്രാധാന്യമില്ല. മാക്‌സ് ദൗദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റാര്‍ക്ക് പകരം വന്ന വെസ്‌ലി ബരേസിയുടെ സ്റ്റമ്പുകള്‍ കടപുഴക്കി. ബാസ് ഡി ലീഡിനെയും ബൗള്‍ഡാക്കി ഹാട്രിക് പൂര്‍ത്തിയാക്കി (3-0-18-3).
ഓസീസ് ഓപണറായി ഇറങ്ങിയ സ്റ്റീവ് സ്മിത്ത് മൂന്നു സിക്‌സറോടെ അവസരം മുതലാക്കിയെങ്കിലും (42 പന്തില്‍ 55) ജോഷ് ഇന്‍ഗ്ലിസും (0) ഗ്ലെന്‍ മാക്‌സ്‌വെലും (5) നിരാശപ്പെടുത്തി. അലക്‌സ് കാരിക്കും (28) കാമറൂണ്‍ ഗ്രീനിനും (34) അവസരം മുതലാക്കാനായില്ല. സ്റ്റാര്‍ക്ക് 24 പന്തില്‍ 22 റണ്‍സുമായി പുറത്താവാതെ നിന്നു. 
ഇന്ത്യന്‍ ടീം രണ്ടാം സന്നാഹ മത്സരത്തില്‍ നെതര്‍ലാന്റ്‌സിനെ നേരിടാനായി ഇന്ന് തിരുവനന്തപുരത്തെത്തും. ചൊവ്വാഴ്ചയാണ് മത്സരം. ഗുവാഹത്തിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇംഗ്ലണ്ടിന് രണ്ടാം മത്സരം ബംഗ്ലാദേശുമായാണ്. 
 

Latest News